മരുഭൂമിയിൽ ഒരു സ്റ്റൈലൻ യാത്ര- വിഡിയോ പങ്കുവെച്ച് മമ്മൂട്ടി

February 4, 2023

മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ‘ആറാട്ട്’ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ‘ക്രിസ്റ്റഫർ’ എന്ന സിനിമ സംവിധാനം ചെയ്യുകയാണ് ബി ഉണ്ണികൃഷ്ണൻ. സിനിമ റിലീസിന് ഒരുങ്ങുമ്പോൾ ദുബായിൽ തിരക്കിലാണ് താരങ്ങൾ. മമ്മൂട്ടിക്കൊപ്പം ദുബായിൽ നിന്നുള്ള ചിത്രങ്ങൾ അഭിനേതാക്കളായ ഐശ്വര്യ ലക്ഷ്മിയും മീര നന്ദനും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, മരുഭൂമിയിൽ ഡ്രൈവ് ചെയ്യുന്ന വിഡിയോ പങ്കുവയ്ക്കുകയാണ് മമ്മൂട്ടി.

‘ഡെസേർട്ട് ഡ്രൈവ്’ എന്ന ക്യാപ്ഷനൊപ്പമാണ് നടൻ വിഡിയോ പങ്കുവെച്ചത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റഫർ’ ‘ഒരു വിജിലൻറ് പോലീസുകാരന്റെ ജീവചരിത്രം’ എന്ന ടാഗ്ലൈനോടെയാണ് എത്തുന്നത്. ഉദയ്കൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രം ചില യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഫായിസ് സിദ്ദിഖ് ഛായാഗ്രഹണവും എഡിറ്റിംഗ് വിഭാഗം മനോജും നിർവഹിക്കും. ജസ്റ്റിൻ വർഗീസ് സംഗീതവും സുപ്രീം സുന്ദർ സ്റ്റണ്ടും ഒരുക്കും.

അതേസമയം, ലിജോ-മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’ ആണ് ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയത്. മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ് ഏറ്റവും കൂടുതൽ കൈയടി നേടുന്നത്. അമ്പരപ്പിക്കുന്ന പ്രകടനമാണ് മമ്മൂക്ക ചിത്രത്തിൽ കാഴ്ച്ചവെച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.

Read Also: എല്ലാം മറന്നാലും സംഗീതം നിലനിൽക്കും; മറവി രോഗം ബാധിച്ച മുത്തശ്ശി കൊച്ചു മകന് താരാട്ട് പാടുന്ന ഹൃദ്യ നിമിഷം-വിഡിയോ

കഴിഞ്ഞ വർഷം നവംബര്‍ 7 ന് വേളാങ്കണ്ണിയില്‍ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണമാരംഭിച്ചത്. സിനിമയുടെ പ്രധാന ലൊക്കേഷന്‍ പഴനിയായിരുന്നു. തമിഴ്നാട്ടിലാണ് മുഴുവന്‍ സിനിമയും ചിത്രീകരിച്ചത്. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നടൻ മമ്മൂട്ടി തന്നെ നിർമ്മിച്ചപ്പോൾ ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ സഹനിര്‍മ്മാതാവായി ലിജോയും ഒപ്പമുണ്ട്. അശോകന്‍, തമിഴ് നടി രമ്യ പാണ്ഡ്യന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Story highlights- mammootty’s desert drive