സദസ്സിൽ നിന്ന് മമ്മൂക്കാന്ന് ഒരു കുഞ്ഞിന്റെ വിളി; പ്രസംഗം നിർത്തി മറുപടിയുമായി മമ്മൂട്ടി-വിഡിയോ

February 1, 2023

നടൻ എന്നതിനപ്പുറമുള്ള വലിയൊരു സ്ഥാനമാണ് മലയാളികളുടെ മനസ്സിൽ മമ്മൂട്ടിക്കുള്ളത്. ഇന്ത്യയിലെ എക്കാലത്തെയും മികച്ച നടനായി പേരെടുത്തതിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും സാമൂഹ്യ സേവനത്തിലൂടെയും മലയാളികളുടെ അഭിമാനമായ താരമാണ് മമ്മൂട്ടി. മമ്മൂട്ടിയോടൊപ്പമുള്ള നിരവധി ആരാധകരുടെ ഹൃദ്യമായ നിമിഷങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി മാറിയിട്ടുണ്ട്.

ഇപ്പോൾ ഒരു കുഞ്ഞാരാധകനൊപ്പമുള്ള മമ്മൂട്ടിയുടെ ഒരു വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരു പരിപാടിക്കിടെ മമ്മൂട്ടി പ്രസംഗിച്ചു കൊണ്ട് നിൽക്കുകയാണ്. അതിനിടയിൽ സദസ്സിൽ നിന്ന് ഒരു കുഞ്ഞ് ‘മമ്മൂക്കാ’ എന്ന് വിളിക്കുന്നു. ഇതോടെ പ്രസംഗം നിർത്തി വെച്ച് അദ്ദേഹം വിളി കേൾക്കുകയാണ്. പിന്നീട് സദസ്സിനെ നോക്കി അദ്ദേഹം നിറഞ്ഞു ചിരിക്കുന്നുമുണ്ട്. മമ്മൂട്ടിയുടെ പിആർഒയും ഷെയർ & കെയർ ഫൗണ്ടേഷന്റെ അമരക്കാരനുമായ റോബർട്ട് കുര്യാക്കോസാണ് ഇൻസ്റ്റഗ്രാമിൽ ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ മകനാണ് മമ്മൂട്ടിയെ സദസ്സിൽ നിന്ന് വിളിച്ചത്.

അതേ സമയം സമാനതകളില്ലാത്ത മികച്ച പ്രതികരണങ്ങളാണ് മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘നൻപകൽ നേരത്ത് മയക്ക’ത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയാള സിനിമകൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ള ലിജോയുടെ മിക്ക സിനിമകളും വലിയ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരേ പോലെ നേടിയിട്ടുള്ള ചിത്രങ്ങളാണ്. ലിജോ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുമായി ഒന്നിക്കുന്ന നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ പ്രഖ്യാപനമുണ്ടായ നാൾ മുതൽ പ്രേക്ഷകർ വളരെ ആവേശത്തിലായിരുന്നു. സംവിധായകന്റെ ഏറ്റവും മികച്ച ചിത്രമായാണ് നൻപകൽ വിലയിരുത്തപ്പെടുന്നത്.

Read More: മലയാളികളെ റോക്ക് സംഗീതം കേൾപ്പിച്ച 20 വർഷങ്ങൾ; ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സിന് രുചി പകരാൻ അവിയലും

50 വർഷത്തിലേറെ നീണ്ടു നിൽക്കുന്ന നടൻ മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലേതെന്നാണ് പ്രേക്ഷകരും നിരൂപകരും ഒരേ പോലെ അഭിപ്രായപ്പെടുന്നത്. മമ്മൂട്ടിയുടെ വിസ്‌മയിപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങളാണ് ചിത്രത്തിലുള്ളത്. കഥാപാത്രമായി പരകായ പ്രവേശം നടത്തുകയായിരുന്നു മമ്മൂട്ടി.

Story Highlights: Mammootty beatiful moment with a little fan