തലൈവരും ലാലേട്ടനും; രാജസ്ഥാനിൽ വെച്ച് കണ്ടുമുട്ടിയ മോഹൻലാലിന്റേയും രജനികാന്തിന്റെയും ചിത്രം ഏറ്റെടുത്ത് ആരാധകർ

February 8, 2023

ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളാണ് മോഹൻലാലും രജനികാന്തും. ഇരുതാരങ്ങളും ഒരു ചിത്രത്തിനായി ഒരുമിക്കുന്നുവെന്ന വാർത്ത നേരത്തെ ആരാധകരിൽ വലിയ ആവേശം സൃഷ്‌ടിച്ചിരുന്നു. നെൽസൺ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ജയിലറിലാണ് മോഹൻലാൽ അതിഥി താരമായി അഭിനയിക്കുന്നത്.

മലയാളത്തിന്റെ മെഗാ താരമായ മമ്മൂട്ടി ‘ദളപതി’ എന്ന ചിത്രത്തിൽ രജനികാന്തിനൊപ്പം അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഉലകനായകൻ കമൽ ഹാസനൊപ്പം മോഹൻലാൽ അഭിനയിച്ചിട്ടുണ്ടെങ്കിലും രജനികാന്തിനൊപ്പം ഒരു ചിത്രത്തിൽ ഇത് വരെ ഒരുമിച്ചിട്ടില്ല. അതിനാൽ ഇരുവരും ബിഗ് സ്‌ക്രീനിൽ ഒരുമിക്കുന്നുവെന്ന വാർത്ത വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ചിത്രത്തിലെ മോഹൻലാലിൻറെ ഒരു സ്റ്റിൽ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതോടെയാണ് താരം ചിത്രത്തിലുണ്ടാവുമെന്ന് ഉറപ്പായത്.

ഇപ്പോൾ ഇരു താരങ്ങളുടെയും മറ്റൊരു ചിത്രമാണ് ഏറെ ശ്രദ്ധേയമാവുന്നത്. രാജസ്ഥാനിൽ വെച്ച് മോഹൻലാലും രജനികാന്തും കണ്ടുമുട്ടിയിരുന്നു. മാലൈക്കോട്ടൈ വാലിബന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മോഹൻലാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജസ്ഥാനിലുണ്ട്. അതേ സമയം ജയിലറിലെ ഒരു ഗാനത്തിന്റെ ചിത്രീകരണത്തിന് വേണ്ടിയാണ് രജനികാന്ത് രാജസ്ഥാനിലെത്തിയത്.

Read More: ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ സംഗീത നിശയിലേക്ക് ആസ്വാദകരെ ക്ഷണിച്ച് ചക്കപ്പഴം താരങ്ങൾ-വിഡിയോ

അതേ സമയം ലോകമെങ്ങുമുള്ള രജനികാന്ത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജയിലർ.’ ചിത്രത്തിൽ വിനായകനും നടി രമ്യ കൃഷ്‌ണനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒരു കാസ്റ്റിംഗ് വിഡിയോയിലൂടെയാണ് ഇരുവരും ചിത്രത്തിലുണ്ടെന്ന് സ്ഥിരീകരണം ഉണ്ടായത്. പടയപ്പ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രജനികാന്തും രമ്യ കൃഷ്‌ണനും ഒരുമിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് ജയിലർ. 23 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്.

Story Highlights: Mohanlal and rajinikanth picture together