ബറോസിന് സംഗീതം പകരാൻ മന്ത്രികനെത്തി- സംഗീത സംവിധായകനെ പരിചയപ്പെടുത്തി മോഹൻലാൽ

February 16, 2023

മോഹൻലാൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ബറോസ്. പ്രധാന കഥാപാത്രമായ ബറോസായി താരം തന്നെയാണ് എത്തുന്നത്. ചിത്രത്തിന് വേണ്ടിയുള്ള താരത്തിന്റെ ലുക്കും ആരാധകരെ അമ്പരപ്പിക്കുന്നുണ്ട്.. തല മൊട്ടയടിച്ച രൂപത്തിലാണ് ബറോസിൽ താരം പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിതാ സിനിമയുടെ സംഗീത സംവിധായകനെ പരിചയപ്പെടുത്തുകയാണ് മോഹൻലാൽ.

‘സംഗീത പ്രതിഭ മിസ്റ്റർ മാർക്ക് കിലിയനെ ടീം ബറോസ് സ്വാഗതം ചെയ്യുന്നു!’ എന്ന് പറഞ്ഞുകൊണ്ടാണ് മോഹൻലാൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ ജനിച്ച് വളർന്ന മാർക്ക്, 1994-ൽ ഫിലിം സ്‌കോറിംഗിൽ കരിയർ പിന്തുടരാൻ യുഎസ്എയിൽ എത്തിയതാണ്. മാർക്കിന്റെ ആദ്യ ഫീച്ചർ ഫിലിം ലവർഗേൾ 1997-ൽ സ്‌കോർ ചെയ്തു. അതിനുശേഷം അദ്ദേഹം ട്രെയ്‌റ്റർ, റെൻഡിഷൻ, ബിഫോർ ദി റെയിൻസ്, സോറ്റ്‌സി തുടങ്ങി വൈവിധ്യമാർന്ന സിനിമകൾക്ക് സംഗീതം പകർന്നു.

അതേസമയം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കും ബറോസ് എന്ന് മോഹന്‍ലാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ‘ബറോസ്’; ‘സ്വപ്നത്തിലെ നിധികുംഭത്തില്‍ നിന്ന് ഒരാള്‍’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിൽ പരീക്ഷിച്ച ഗ്രാവിറ്റി ഇല്ല്യൂഷ്യൻ എന്ന റ്റെക്നിക്ക് ഈ ചിത്രത്തിലും പരീക്ഷിച്ചിട്ടുണ്ട്.

Read Also: ഐസിൽ പമ്പരം പോലെ ചുറ്റിക്കറങ്ങി ഒരു 62 കാരി; അമ്പരപ്പിക്കുന്ന സ്കേറ്റിംഗ് പ്രകടനം-വിഡിയോ

വാസ്കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്. നിധിയുടെ യഥാർത്ഥ അവകാശിയെ ബറോസ് കാത്തിരിക്കുന്നതും ഇതന്വേഷിച്ച് ബറോസിന്റെ അടുത്തെത്തുന്ന കുട്ടിയിലൂടെയുമാണ് ചിത്രം മുന്നോട്ട് പോകുന്നത്. ത്രീഡി ചിത്രമായി ഒരുങ്ങുന്ന ബറോസിൽ ഛായാഗ്രാഹകനായി എത്തുന്നത് സന്തോഷ് ശിവനാണ്. സ്പാനിഷ് അഭിനേതാക്കളായ പാസ് വേഗയും റാഫേൽ അമർഗോയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. 

Story highlights- music director mark kilian joins baroz