“നന്‍പകലിലെ രോമാഞ്ചം നൽകിയ നിമിഷം ഇതാണ്..”; മമ്മൂട്ടിയുടെ അഭിനയത്തെ പുകഴ്ത്തി എൻ.എസ് മാധവൻ

February 24, 2023
Mammootty and n.s madhavan

നെറ്റ്ഫ്ലിക്സ്സിലൂടെ ഓൺലൈനായി റിലീസ് ചെയ്‌തതോടെ മമ്മൂട്ടി ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ലിജോ ജോസ് പെല്ലിശേരിയാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌. മലയാള സിനിമകൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ള ലിജോ ജോസ് പെല്ലിശ്ശേരിയുടെ മിക്ക സിനിമകളും വലിയ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരേ പോലെ നേടിയിട്ടുള്ള ചിത്രങ്ങളാണ്. ലിജോ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുമായി ഒന്നിക്കുന്ന നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ പ്രഖ്യാപനമുണ്ടായ നാൾ മുതൽ പ്രേക്ഷകർ വളരെ ആവേശത്തിലായിരുന്നു.

ഇപ്പോൾ ചിത്രത്തിലെ മമ്മൂട്ടിയുടെ അവിശ്വസനീയമായ അഭിനയത്തെ പുകഴ്ത്തി പ്രശസ്‌ത സാഹിത്യകാരൻ എൻ.എസ് മാധവൻ പങ്കുവെച്ച ട്വീറ്റാണ് ശ്രദ്ധേയമാവുന്നത്. മമ്മൂട്ടി അവതരിപ്പിച്ച ജയിംസ് എന്ന കഥാപാത്രം സുന്ദരം എന്ന കഥാപാത്രത്തിലേക്ക് പരകായ പ്രവേശം നടത്തിയ നിമിഷമാണ് തനിക്ക് ചിത്രത്തിൽ ഏറെ രോമാഞ്ചം നൽകിയ നിമിഷമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

അതേ സമയം പ്രേക്ഷകർ വലിയ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ വേൾഡ് പ്രീമിയർ കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലായിരുന്നു. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ചിത്രത്തിന് ലഭിച്ചത്. ‘നൻപകൽ നേരത്ത് മയക്കം’ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മത്സരവിഭാഗത്തിൽ ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Read More: ‘നാഗവല്ലിയുടെ ആഭരണങ്ങൾ കാണിച്ചു തരുന്ന ഗംഗ നായർ’- നവ്യയുടെ രസകരമായ വിഡിയോ

2021 നവംബര്‍ 7 ന് വേളാങ്കണ്ണിയില്‍ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണമാരംഭിച്ചത്. സിനിമയുടെ പ്രധാന ലൊക്കേഷന്‍ പഴനിയായിരുന്നു. തമിഴ്നാട്ടിലാണ് മുഴുവന്‍ സിനിമയും ചിത്രീകരിച്ചത്. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറിൽ നടൻ മമ്മൂട്ടി തന്നെ നിർമ്മിച്ചപ്പോൾ ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ സഹനിര്‍മ്മാതാവായി ലിജോയും ഒപ്പമുണ്ട്. അശോകന്‍, തമിഴ് നടി രമ്യ പാണ്ഡ്യന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Story Highlights: N.s madhavan about mammootty’s acting