കാടിന്റെ താളവുമായി ‘മദയാനൈ കൂട്ടം’- ‘പരുന്താകിത് ഊർ കുരുവി’യിലെ ഗാനം ശ്രദ്ധനേടുന്നു

February 22, 2023

നടൻമാരായ വിവേക് ​​പ്രസന്നയും നിശാന്ത് റുഷോയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘പരുന്താകിത് ഊർ കുരുവി’. മുൻപ്, സംവിധായകൻ റാമിന്റെ അസിസ്റ്റന്റ് ആയിരുന്ന കോ ധനബാലനാണ് ഈ ത്രില്ലർ സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ, ലൈറ്റ്‌സ് ഓൺ മീഡിയ അവതരിപ്പിക്കുന്ന ചിത്രത്തിലെ മദയാനൈ കൂട്ടം എന്ന ലിറിക്കൽ ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഗാനം ആലപിച്ചിരിക്കുന്നത് രാഹുൽ നമ്പ്യാർ, രഞ്ജിത്ത് ഉണ്ണി എന്നിവർ ചേർന്നാണ്. വരികൾ രചിച്ചത് വിതാകർ ആണ്. സംഗീതം പകർന്നത് രഞ്ജിത്ത് ഉണ്ണിയാണ്.

ഒരു രാത്രിയിൽ ഒരു കാട്ടിൽ ദുഷ്‌കരമായ സാഹചര്യത്തിൽ കുടുങ്ങിപ്പോയ രണ്ട് അപരിചിതർ എങ്ങനെ വെല്ലുവിളികളെ അതിജീവിക്കുന്നു എന്നതിനെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രം മുന്നേറുന്നത്. ഊട്ടിയിലെ ഗൂഡല്ലൂരിലെ വനമേഖലയിലാണ് സിനിമ ചിത്രീകരിച്ചത്. വനമേഖലയിൽ രാത്രിയിൽ ചിത്രീകരണം നടത്തേണ്ടിവന്നത് വളരെയധികം പ്രതിസന്ധികൾ സമ്മാനിച്ചതായി അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നു. ഒരു രാത്രിയുടെ കഥയാണ് സിനിമയെന്നതിനാൽ ഇരുട്ടിൽ ഷൂട്ട് ചെയ്യേണ്ടി വന്നു.

Read Also: ടെലിവിഷൻ താരം സുബി സുരേഷ് അന്തരിച്ചു

വിജയ് സേതുപതിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ‘പരുന്താകിത് ഊർ കുരുവി’യിൽ ഹിന്ദി സിനിമകളിലും റെയ്ഡ്, നാഗിൻ തുടങ്ങിയ പരമ്പരകളിലൂടെയും ശ്രദ്ധനേടിയ ഗായത്രിയാണ് നായികയായി എത്തുന്നത്. രാക്ഷസൻ ഫെയിം വിനോദ് സാഗർ, അരുൾ ഡി ശങ്കർ, കൊടങ്ങി വടിവേൽ, ആർ രാമദോസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ‘ജിമിക്കി കമ്മൽ’ എന്ന ഗാനത്തിലൂടെ പ്രശസ്തനായ ഗായകൻ രഞ്ജിത്ത് ഉണ്ണി ഈ ചിത്രത്തിലൂടെ സംഗീത സംവിധായകനായി തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു. അശ്വിൻ നോയൽ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് ലൈറ്റ്‌സ് ഓൺ മീഡിയയാണ്.

Story highlights- Parundhaaguthu Oor Kuruvi lyrical video