ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ സാന്നിധ്യമറിയിച്ച ‘തങ്കം’…

February 3, 2023

ഒറ്റനോട്ടത്തിൽ രണ്ടു പുരുഷന്മാരുടെ ആത്മസംഘർഷങ്ങളെ അഡ്രസ്സ് ചെയ്യുന്നു എന്ന് തോന്നുമ്പോഴും ശക്തമായ കുറച്ചു സ്ത്രീ കഥാപാത്രങ്ങളെ നമുക്ക് തരുന്നുണ്ട് ഭാവന സ്റ്റുഡിയോസിൻ്റെ തങ്കം. ശ്യാം പുഷ്‌ക്കരൻ്റെ തിരക്കഥയിൽ എന്നും അതിശക്തമായ രാഷ്ട്രീയം പറയാതെ പറയുന്ന സ്ത്രീകൾ വന്നു പോയിട്ടുണ്ട്. തങ്കത്തിൽ ഒന്ന് അംബിക ചേച്ചി, പിന്നെ കണ്ണൻ്റെ അമ്മ, മറ്റൊന്ന് കണ്ണൻ്റെ ഭാര്യ, ഇനിയൊരാൾ കണ്ണൻ്റെ സുഹൃത്തിൻ്റെ ഭാര്യ ഹസീന. ശക്തയായത് എന്ന് പറയാൻ കാരണം കീർത്തി അഥവാ കണ്ണൻ്റെ ഭാര്യ ഭർത്താവിൻ്റെ തിരോധാനത്തിൽ പ്രകടിപ്പിക്കുന്ന അസാധാരണമായ ആത്മസംയമനം ആണ്. നഷ്ടപ്പെട്ടു എന്നുറപ്പിക്കുമ്പോഴും ഭർത്താവിൻ്റെ കഷ്ടകാലം പിന്തുടരാൻ അവർ ആഗ്രഹിക്കുന്നില്ല. എന്ന് മാത്രമല്ല അലമുറയിട്ട് കരയുകയോ ബഹളം വയ്ക്കുകയോ ചെയ്യുന്ന ഒരു സാധാരണ സ്ത്രീയല്ല അവർ. അതുകൊണ്ട് തന്നെ അടർന്നു വീഴാൻ അനുവദിക്കാതെ അവർ അടക്കിപ്പിടിക്കുന്നത് കണ്ണീരിൽ തോൽക്കാൻ തയ്യാറാവാത്ത ഒരു സ്ത്രീയുടെ നിശ്ചയദാർഢ്യമാണ്.

അംബിക ചേച്ചി… തൃശ്ശൂരിലെ ഒരു കൂട്ടം ആളുകൾക്ക് അന്നദാതാവാണ് തങ്കത്തിലെ അംബിക ചേച്ചി എന്ന കഥാപാത്രം. ഏകദേശം “അവളെപ്പേടിച്ചാരും ആ വഴി നടപ്പീല” എന്ന ലെവൽ കോൺഫിഡൻസ് കൈമുതലായുള്ള ഒറ്റനോട്ടത്തിൽ തന്നെ മുന്നിൽ വരുന്നവൻ്റെ തട്ടിപ്പ് മനസ്സിലാവുന്ന വളരെ തന്ത്രശാലിയായ ഒരു ബിസിനസ് വുമൺ. “സക്സസ് ഉണ്ടാക്കാൻ എളുപ്പാ അത് നിലനിർത്താൻ ആണ് പാട്” എന്നവർക്ക് കൃത്യമായി അറിയാം. അതുകൊണ്ട് തന്നെ വിജയത്തിന് അവർക്ക് അവരുടേതായ മാർഗങ്ങൾ ഉണ്ട്. അതേ വിജയം എങ്ങനെ നിലനിർത്തണം എന്നും അവർക്ക് നന്നായറിയാം. അങ്ങനെ ഒരു കണ്ണൻ വിചാരിച്ചാൽ ഒന്നും തകർക്കാൻ പറ്റുന്നതുമല്ല അവരുടെ അടിത്തറ. മലയാള സിനിമ ചരിത്രത്തിൽ സാരി ഉയർത്തി ഇടുപ്പിൽ ചൊരുകാതെയും അരിവാളു കാണിച്ച് പേടിപ്പിക്കാതെയും  മാസ് കാണിച്ച അപൂർവ്വം ചില ശക്തമായ സ്ത്രീ കഥാപാത്രങ്ങളിൽ ഒന്നാണ് തങ്കത്തിലെ അംബിക ചേച്ചി.

ഹസീന… മുഖവുര വേണ്ടാത്ത പോലൊരു തമിഴ് സ്ത്രീ. പെട്ടെന്നൊരു പുലർച്ചെ തൻ്റെ വീട്ടിനുള്ളിൽ അതിക്രമിച്ച് എന്ന പോലെ കയറി വന്ന കൗശലക്കാരനും കർക്കശക്കാരനും ആയ ഒരന്യ നാട്ടുകാരൻ്റെ തോക്കിൻ മുനയിൽ പോലും അക്ഷോഭ്യയായി നിലകൊള്ളുന്നവൾ. ഏതൊരു സ്ത്രീയേയും പോലെ ഭീഷണിക്ക് മുന്നിൽ ഒന്നും തരി ഭയം കലരാത്തവൾ. ജയന്ത് സഖാൽക്കർ പോലും അവളുടെ ധൈര്യത്തിന് മുന്നിൽ “ഒരുവേള ഒന്നാടിപ്പോയി” എന്ന് വേണം പറയാൻ. ഇനിയുമേറെ ഹസീനയെ പറ്റി പറയാൻ ഉണ്ടാകും. അത്രക്ക് നിഗൂഢതയും ലെയറിങ്ങും ഉണ്ട് ഈ കഥാപാത്രത്തിന്….

അവസാനം തങ്കത്തിലെ ഡാർക് ഷെയ്ഡ് എന്ന് തോന്നിയ അചഞ്ചലയായ ഒരു സ്ത്രീയുണ്ട്. കണ്ണൻ്റെ അമ്മ. കഷ്ടകാലങ്ങളുടെ കൂടപ്പിറപ്പ് ആണെന്ന് അവര് മനസ്സിനെ പഠിപ്പിച്ചു വച്ചവൾ. സമകാലികസംഭവങ്ങളുടെ നേർക്കണ്ണാടി എന്ന് വിശേഷിപ്പിക്കാവുന്ന സ്ത്രീജന്മം. അന്ധവിശ്വാസത്തിൻ്റെ ബലിക്കല്ലിൽ ഒരു ജന്മം തലതല്ലി തീർത്തു അവർ. കഷ്ടകാലത്തിന് അറുതി വരുത്താൻ എന്ന പേരിലുളള നേർച്ചകളും വഴിപാടുകളിലും കൊണ്ട് ഒരർത്ഥത്തിൽ പറഞ്ഞാൽ കണ്ണൻ എന്ന നിഷ്ക്കളങ്കനായ പയ്യൻ ജനിച്ച കാലം മുതൽ അവരുടെ ഇര ആവുകയായിരുന്നു എന്നും വായിക്കാവുന്നതാണ്. ഭക്തിയുടെ പേരിലെ എത്രയെത്ര ഗരുഡൻ തൂക്കങ്ങൾ അതുവരെ അവനെ കടന്നു പോയിരിക്കാം. പഠിക്കാൻ മിടുക്കനായിരുന്ന അനവധി ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന ലോകവിവരമുള്ള കണ്ണൻ ഒരു പക്ഷെ സ്വന്തം അമ്മയുടെ അന്ധവിശ്വാസക്കണ്ണീരിന് മുന്നിൽ ആവാം ആദ്യം തോറ്റുപോയത്, തകർന്നു പോയത്. എപ്പോഴും അതീവ ശാന്തമായ ഒരു ചിരിയുടെ അകമ്പടിയിൽ അവൻ നീന്തിക്കടന്നു ഒടുക്കം മുങ്ങിപ്പോയ കണ്ണീർക്കടലിലേക്ക് അവനെ ആദ്യം എറിഞ്ഞിട്ടതും അവരാവും.

Read More: ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ സംഗീത നിശയിലേക്ക് ആസ്വാദകരെ സ്വാഗതം ചെയ്‌ത്‌ ഗൗരി ലക്ഷ്‌മി-വിഡിയോ

ഇതിലൊന്നും പെടാതെ വളരെ ലൈറ്റ് ആയി എന്നാൽ സ്ട്രോങ്ങ് ആയി എന്തു സംഭവിച്ചാലും അൽപ്പം റൗഡിത്തരം ഒക്കെ കയ്യിലുള്ള തൻ്റെ കാമുകനെ വിട്ടുകൊടുക്കാത്ത ടിക്ടോക് റീൽസ് ഒക്കെ ചെയ്തു നടക്കുന്ന “ഒരു കഥയില്ലാത്ത പെണ്ണ്” എന്നൊക്കെ നാട്ടുഭാഷയിൽ വിളിക്കാവുന്ന എന്നാൽ തികച്ചും അങ്ങനെയല്ലാത്ത ഒരുവൾ. വളരെ അണ്ടർസ്റ്റാൻഡിംഗ് ആണ് അവരുടെ പ്രണയം. അതുകൊണ്ട് തന്നെ തൻ്റേതായ രഹസ്യങ്ങൾ ഒക്കെയുള്ള കുറച്ച് പക്വതയൊക്കെയുള്ള  ഒരു ചെറിയ പെൺകുട്ടി ഉണ്ട്. വിക്കിയുടെ കാമുകി. തങ്കം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാവുന്നതും തികച്ചും ഒരു കുടുംബചിത്രം ആവുന്നതും അങ്ങനെയാണ്.

Story Highlights: Powerful women characters in thankam