കാലങ്ങൾ താണ്ടി കാതൽ മരങ്ങൾ പൂക്കുമ്പോൾ- ഉള്ളുനിറച്ച് ‘പ്രണയവിലാസം’; റിവ്യൂ
പ്രണയമെന്നും പൈങ്കിളിയാണ് എന്നതിൽ തർക്കമില്ല. എല്ലാ മനുഷ്യരിലുമുണ്ടാകും ഒരിക്കൽ പൂക്കാതെ പോയ, വിടരുംമുമ്പേ കൊഴിഞ്ഞുപോയ ഒരു കൗമാര പ്രണയം. വൃദ്ധനെയും പതിനെട്ടുകാരനാക്കുന്ന പ്രണയത്തിന്റെ മാജിക് പല കാലഘട്ടങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് നിഖിൽ മുരളി സംവിധാനം ചെയ്ത ‘പ്രണയവിലാസം’. പതിഞ്ഞ താളത്തിൽ മനോഹര സംഗീതത്തിന്റെ അകമ്പടിയിൽ ഒരുങ്ങിയ ചിത്രം എല്ലാവരുടെയും നഷ്ടപ്രണയത്തിന്റെ ഓർമ്മകളിലേക്ക് ഒരു ഊളിയിടലാണ് സമ്മാനിക്കുന്നത്. [ pranayavilasam movie review ]
സൂപ്പർ ശരണ്യക്ക് ശേഷം അനശ്വര രാജനും അർജുൻ അശോകനും മമിത ബൈജുവും ഒന്നിച്ചെത്തിയ ചിത്രമാണ് പ്രണയവിലാസം. ഒരു ഭാര്യയുടെയും ഭർത്താവിന്റെയും പ്രണയമില്ലായ്മയ്ക്കപ്പുറം അവരുടെ ഇന്നലെകളിലെ പ്രണയങ്ങളും പുത്തൻ തലമുറയുടെ പ്രായത്തിനോടുള്ള നേർകാഴ്ചയുമൊക്കെ ചിത്രം പങ്കുവയ്ക്കുന്നു. ജീവിതം ഒരേ താളത്തിൽ ഒരേ ശീലങ്ങളിൽ പുതുമകളില്ലാതെ കടന്നുപോകുമ്പോഴാണ് പലപ്പോഴും ഓർമകളിലെ ഒരു പ്രണയം പലരുടെയും ജീവിതത്തിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. അങ്ങനെയാണ് വില്ലേജ് ഓഫീസർ രാജീവിന്റെ ജീവിതത്തിലേക്ക് മീര എന്ന കോളേജ് കാമുകി എത്തുന്നത്.
രാജീവിന്റെയും അനുശ്രീ എന്ന വീട്ടമ്മയുടെയും മകനാണ് സൂരജ്. ഗായകനായ സൂരജിനും മനോഹരമായ ഒരു പ്രണയമുണ്ട്. ഈ ഒരു വേളയിലാണ് രാജീവ് മീരയെ കണ്ടുമുട്ടുന്നത്. രണ്ടു പ്രണയകാഴ്ചകൾക്കിടയിലാണ് അനുശ്രീ എന്ന വീട്ടമ്മ കഴിയുന്നത്. അച്ഛന്റെയും മകന്റെയും വാശികൾ കണ്ടാണ് അനുശ്രീയുടെ ജീവിതം. എന്നാൽ, അവരുടെ പ്രണയകുളിരൊന്നും ആ വീട്ടമ്മ അറിയുന്നില്ല. അങ്ങനെ പോകുന്ന ആ മൂന്നുപേരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായ ചില സംഭവങ്ങൾ അരങ്ങേറുന്നു. പിന്നീട് മനോഹരമായതും നൊമ്പരമുണർത്തുന്നതുമായ ചില നിമിഷങ്ങളാണ്. ജ്യോതിഷ് എം, സുനു എ വി എന്നിവരാണ് ട്വിസ്റ്റുകൾ ആവോളം നിറഞ്ഞ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ശ്രീധന്യ, അനശ്വര രാജൻ, ശരത് സഭ, ഉണ്ണിമായ എന്നിവരും ചിത്രത്തിൽ അവരുടെ വേഷം മികച്ചതാക്കി. എടുത്തുപറയേണ്ടത്, തിങ്കളാഴ്ച നിശ്ചയം എന്നസിനിമയിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച കലാകാരന്മാരുടെ സാന്നിധ്യമാണ്. എന്തായാലും അടുത്തകാലത്ത് മലയാള സിനിമയ്ക്ക് ലഭിച്ച മനോഹരമായ ഒരു പ്രണയചിത്രമാണ് പ്രണയവിലാസം.
ചിരിയും കണ്ണീരും പ്രണയവുമൊക്കെ ആവോളം നുകർന്നിറങ്ങാവുന്ന ഒരു കുഞ്ഞു സിനിമയാണ് പ്രണയവിലാസം. ഓരോ കഥാപാത്രങ്ങൾക്കും ജീവൻ പകർന്നിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളാണ്. ചിത്രത്തിൽ മിയ, മനോജ് കെ.യു, ഹക്കീം ഷാ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഷാൻ റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിലെ ഗാനങ്ങൾക്ക് സിനിമയുടെ മൂഡിനെ വല്ലാതെ സ്വാധീനിക്കാൻ കഴിഞ്ഞിട്ടുണ്ട്. സിബി ചാവറയും രഞ്ജിത്ത് നായരും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഷിനോസും എഡിറ്റിങ് ബിനു നെപ്പോളിയനുമാണ്.രാജേഷ് പി. വേലായുധനാണ് കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്.
Story highlights- pranayavilasam movie review