സഞ്ജു സാംസൺ ഇനി കേരള ബ്ലാസ്റ്റേഴ്സ് ബ്രാൻഡ് അംബാസിഡർ
മലയാളികളുടെ അഭിമാനമായ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഇനി മഞ്ഞപ്പടയുടെ ബ്രാൻഡ് അംബാസിഡർ. കേരള ബ്ലാസ്റ്റേഴ്സാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപനം നടത്തിയത്. കേരളത്തിലെ അനേകം യുവ കായിക താരങ്ങൾക്ക് പ്രചോദനമായ താരത്തെ കേരള ബ്ലാസ്റ്റേഴ്സിന്റെ ബ്രാൻഡ് അംബാസഡറായി നിയമിച്ചത് അദ്ദേഹത്തിന്റെ സ്വാധീനം വർധിപ്പിക്കാനും സഹായകരമാകും.
ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കേരള ബ്ലാസ്റ്റേഴ്സ് സഞ്ജുവിനെ ബ്രാൻഡ് അംബാസിഡറായി പ്രഖ്യാപിച്ചത്. സഞ്ജു ഒരു ദേശീയ പ്രതീകമാണെന്നും, അദ്ദേഹത്തെ കെബിഎഫ്സി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു. “സ്പോർട്സിലൂടെ വലിയ സ്വപ്നങ്ങൾ കാണാൻ സംസ്ഥാനത്തെ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നതിനുള്ള ക്ലബിന്റെ പൊതു ശ്രമത്തിൽ ഞങ്ങൾ ഒരുമിക്കുകയാണ്. ക്ലബ്ബിന്റെ ഗ്രാസ്റൂട്ട്-കമ്മ്യൂണിറ്റി സംരംഭങ്ങളും, ആരാധക ഇവന്റുകളും വിസ്തൃതമാക്കാനും, ക്ലബ്ബിനോടും ഗെയിമിനോടുമുള്ള താരത്തിൻ്റെ അഭിനിവേശം പങ്കിടാനും ഈ അംബാസഡർ റോളിൽ സഞ്ജുവിനൊപ്പം പ്രവർത്തിക്കാനാവുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു”-നിഖിൽ ഭരദ്വാജ് പറഞ്ഞു.
സംസ്ഥാനത്തെ ഫുട്ബോൾ ഇക്കോസിസ്റ്റത്തിന്റെ വളർച്ചയോടുള്ള തങ്ങളുടെ അഭിനിവേശവും പ്രതിബദ്ധതയും അചഞ്ചലമാണ്. അതോടൊപ്പം കേരളത്തിന്റെ ക്ലബ് എന്ന നിലയിൽ, ഈ ഇക്കോസിസ്റ്റത്തിന്റെ എല്ലാ വശങ്ങളും വളർത്തുന്നതിന് തങ്ങളുടെ 110% നൽകാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More: ‘ഡിബി നൈറ്റ്’ സംഗീതനിശയിലെ ഇഷ്ടപ്പെട്ട പെർഫോമറെ കമന്റ് ചെയ്യൂ; ടിക്കറ്റ് സ്വന്തമാക്കാം..
പുതിയ റോളിലേക്കെത്തിയതിലുള്ള സന്തോഷം സഞ്ജുവും പ്രകടിപ്പിച്ചു. താൻ എപ്പോഴും ഒരു ഫുട്ബോൾ ആരാധകനാണെന്നും അച്ഛൻ ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനായതിനാൽ ഫുട്ബോൾ എപ്പോഴും തന്റെ ഹൃദയത്തോട് ചേർന്നുള്ള ഒരു കായിക വിനോദമാണെന്നും ബ്രാൻഡ് അംബാസിഡറായി നിയമിതനായ ശേഷം സഞ്ജു സാംസൺ പറഞ്ഞു. “കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ബ്രാൻഡ് അംബാസഡർ പദവി ഒരു ആദരമാണ്. ഫുട്ബോളിന്റെ മഹത്വം ഈ നിലയിലേക്ക് തിരികെ കൊണ്ടുവരാൻ ക്ലബ്ബ് അതിന്റെ തുടക്കം മുതൽ വളരെയധികം ചെയ്തിട്ടുണ്ട്. ഈ പ്രക്രിയയിൽ, അവർ രാജ്യത്തെ ഏറ്റവും വിശ്വസ്തരായ ഒരു ആരാധകവൃന്ദത്തെ രൂപപ്പെടുത്തുകയും പോഷിപ്പിക്കുകയും ചെയ്തു. കലൂർ സ്റ്റേഡിയത്തിൽ ആരാധകരോടൊപ്പം ഒരു മത്സരം കാണാനും ടീമിനെ പിന്തുണയ്ക്കാനും എനിക്ക് കാത്തിരിക്കാനാവുന്നില്ല. സ്പോർട്സിന് എല്ലായ്പ്പോഴും അതിന്റെ പ്രേക്ഷകരിൽ വലിയ സ്വാധീനമുണ്ട്, ഒപ്പം ഒരുമിച്ച് സ്പോർട്സ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുന്നതിന് ക്ലബ്ബിന്റെ അംബാസഡർ എന്ന നിലയിലുള്ള എന്റെ കർത്തവ്യം നിർവഹിക്കാനാകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു”- സഞ്ജു കൂട്ടിച്ചേർത്തു.
Story Highlights: Sanju samson is the new brand ambassador of kerala blasters