പഠാനിലെ ഡാൻസുമായി കോലിയും ജഡേജയും; തന്നെക്കാൾ നന്നായി ചെയ്‌തുവെന്ന്‌ ഷാരൂഖ് ഖാൻ-വിഡിയോ

February 15, 2023

തിയേറ്ററുകളിൽ പഠാന്റെ ജൈത്രയാത്ര തുടരുകയാണ്. തകർച്ചകൾ നേരിട്ട് കൊണ്ടിരുന്ന ബോളിവുഡിന് ചിത്രത്തിന്റെ വിജയം വലിയ കുതിപ്പാണ് നൽകിയിരിക്കുന്നത്. വമ്പൻ പരാജയത്തിലേക്ക് കൂപ്പുകുത്തിയിരുന്ന ഹിന്ദി സിനിമ മേഖല ‘ബ്രഹ്മാസ്ത്ര’, ‘ദൃശ്യം 2’ എന്നീ ചിത്രങ്ങളിലൂടെ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചിരുന്നു. എന്നാൽ പഠാന്റെ വമ്പൻ വിജയം ബോളിവുഡിന് പുതുജീവൻ നൽകിയിരിക്കുകയാണ്. ഇന്ത്യൻ ബോക്‌സോഫിസിനെ ഇളക്കിമറിക്കുകയാണ് ചിത്രം.

ഇപ്പോൾ പഠാനിലെ ഡാൻസ് അനുകരിക്കുന്ന മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയുടെയും രവീന്ദ്ര ജഡേജയുടെയും വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഷാരൂഖ് ഖാൻ തന്നെ ഇപ്പോൾ വിഡിയോ ട്വീറ്റ് ചെയ്‌തിരിക്കുകയാണ്. “വിരാടിൽ നിന്നും ജഡേജയിൽ നിന്നും പഠിക്കണം. അവരെന്നെക്കാൾ നന്നായി ചെയ്‌തിരിക്കുന്നു”- വിഡിയോ പങ്കുവെച്ചു കൊണ്ട് ഷാരൂഖ് ഖാൻ ട്വീറ്റ് ചെയ്‌തു.

അതേ സമയം പഠാന്റെ കളക്ഷൻ 1000 കോടിയിലേക്ക് അടുക്കുകയാണ്. റിലീസ് ചെയ്‌ത്‌ രണ്ടാം ദിനം തന്നെ ചിത്രം 200 കോടി നേടിയിരുന്നു. ഷാരൂഖ് ഖാന്റെ എക്കാലത്തെയും മികച്ച ഓപ്പണിങ് കളക്ഷനാണ് ‘പഠാൻ’ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ആദ്യ ദിനം തന്നെ ലോകമെമ്പാട് നിന്നും 100 കോടി നേടിയിരുന്നു. ഹിന്ദി സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളക്ഷനാണിത്. അഞ്ച് ദിവസം കൊണ്ട് ചിത്രത്തിന്റെ ആഗോള കളക്ഷൻ 500 കോടിയിലെത്തിയിരുന്നു.

Read More: ഇത് കോഴിക്കോടുകാരുടെ സ്നേഹം; ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ ആദ്യ ഭാഗത്തിന് സമാനതകളില്ലാത്ത വരവേൽപ്പ്, ഇനി രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പ്

മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് ലഭിച്ചത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഷാരൂഖ് ഖാൻ സിനിമകളിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. തുടർച്ചയായി തന്റെ ചിത്രങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം സിനിമകളിൽ നിന്നൊരു ഇടവേള എടുത്തത്. എന്നാലിപ്പോൾ ഒരു വമ്പൻ തിരിച്ചു വരവാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. സിദ്ധാർഥ് ആനന്ദിന്റെ സംവിധാനത്തിലൊരുങ്ങിയിരിക്കുന്ന ‘പഠാൻ’ ആരാധകരുടെ പ്രതീക്ഷ കാത്തുവെന്നാണ് അറിയാൻ കഴിയുന്നത്.

Story Highlights: Sharukh khan comments on kohli and jadeja pathan dance