മൂന്നാം ക്ലാസുകാരി ശിവഗംഗയുടെ ഉത്തരക്കടലാസിൽ മാത്രമല്ല, ഹൃദയത്തിലും സ്ഥാനം പിടിച്ച ഡോക്ടർ അങ്കിൾ- ഹൃദ്യമായൊരു കുറിപ്പ്
കൊവിഡ് ലോകത്തെ കീഴടക്കുന്ന സമയത്ത് ജനങ്ങളെല്ലാം വിവിധ പ്രശ്നങ്ങൾകൊണ്ട് ആകുലതയിലായിരുന്നു. തൊഴിലില്ലായ്മ ശക്തമായപ്പോൾ ഭക്ഷണവും മരുന്നും ഒപ്പം അടിസ്ഥാനപരമായ പലതിനുമായി ആളുകൾ നെട്ടോട്ടമോടുകയായിരുന്നു. ആ കാലത്ത് സ്വന്തം സാഹചര്യങ്ങൾപോലും നോക്കാതെ മറ്റുള്ളവർക്കായി ദൈവദൂതരെന്നോണം പ്രവർത്തിച്ച ആരോഗ്യപ്രവർത്തകർ അനേകമാണ്. അവരെയോർക്കുമ്പോൾ ഡോക്ടർ സെയ്ദ് ഷിറാസിനെയും അവർക്കൊപ്പം മലയാളികൾ ഓർക്കണം. പത്തനാപുരം ബ്ലോക്ക് ആയുർപാലിയം പാലിയേറ്റീവ് മെഡിക്കൽ ഓഫീസറായ ഡോക്ടറെ, മൈനാഗപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും ഒരു സൈക്കിളിൽ നമുക്ക് കൊവിഡ് കാലത്ത് കാണാമായിരുന്നു. ആവശ്യം ഫോൺ വിളിച്ച് അറിയിക്കുന്ന രോഗികൾക്കരികിൽ ബാഗിൽ മരുന്നുകളുമായി വിളിപ്പുറത്തുണ്ടായിരുന്നു ഇദ്ദേഹം.
കൊവിഡ് ശക്തിപ്രാപിക്കുന്ന സമയത്ത് ആളുകൾ ക്വാറന്റൈൻ സെന്ററുകളിൽ മാനസിക സംഘർഷമനുഭവിച്ചിരുന്നപ്പോൾ പിപിഇ കിറ്റ് ധരിച്ച് രോഗികൾക്ക് മുന്നിൽ നൃത്തം ചെയ്ത് മാനസികോല്ലാസം പകർന്നിരുന്നു, ഈ ഡോക്ടർ. സമൂഹമാധ്യമങ്ങളിലൂടെ ഡോക്ടറുടെ ഈ സമീപനം വളരെയധികം ശ്രദ്ധനേടിയിരുന്നു. അതിനുശേഷം, കൊവിഡ് സമയത്തെ സജീവ ആരോഗ്യപ്രവർത്തനങ്ങളെ കണക്കിലെടുത്ത് ഫ്ളവേഴ്സ് ഒരുക്കിയ ‘കൊവിഡ് പോരാളികളുടെ സംസ്ഥാന സമ്മേളനം’ എന്ന പരിപാടിയിൽ മുൻ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ, ഡോക്ടർ സെയ്ദ് ഷിറാസിനെ ആദരിച്ചിരുന്നു.
കൊവിഡിന്റെ ഭീകരദിനങ്ങളിൽ സജീവമായി ആരോഗ്യരംഗത്ത് പ്രവർത്തിച്ച ഡോക്ടർ സെയ്ദ് ഷിറാസിന് വിമർശനങ്ങളും അതിനേക്കാളുപരി പരിഹാസങ്ങളും അനേകം നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ, മലപ്പുറം വേങ്ങര സ്വദേശിനിയായ മൂന്നാം ക്ലാസ്സുകാരി ശിവഗംഗ ഡോക്ടറെ മറന്നില്ല. സ്കൂളിലെ സിലബസിലുള്ള ഒരു ചോദ്യത്തിന് ശിവഗംഗ എന്ന മിടുക്കികുട്ടി എഴുതിയ കുറിപ്പ് ഡോക്ടറെ കുറിച്ചായിരുന്നു. ശിവഗംഗയുമായി ഡോക്ടർക്ക് അഭേദ്യമായ ഒരു ഹൃദയബന്ധവുമുണ്ട്. ‘മനുഷ്യ നന്മയ്ക്കായി പ്രവർത്തിച്ചവർ നമ്മുടെ നാട്ടിലും ഉണ്ടാകും. അവരിൽ ഒരാളുടെ ജീവിതത്തിലെ ഒരു സംഭവം വിവരിക്കുക’ എന്നതായിരുന്നു വിഷയം. കുഞ്ഞു കുഞ്ഞു അക്ഷര തെറ്റുകളോടെ ശിവഗംഗ എഴുതിയ കുറിപ്പ് ഇങ്ങനെയാണ്.
‘ഡോക്ടർ ഷിറാസ് എന്റെ പപ്പയുടെ കൂട്ടുകാരനാണ്. ലോക്ക്ഡൗൺ കാലത്ത് കൊവിഡ് രോഗികളുടെ വീട്ടിലെത്തി മരുന്നും സ്നേഹ പരിചരണവും നൽകി. ജനങ്ങളുടെ കൈയിൽനിന്നും ഫീസ് ഈടാക്കാതെയാണ് അദ്ദേഹം ജനങ്ങളെ സേവിക്കുന്നത്. നാടിനും നാട്ടാർക്കും വളരെയധികം നന്മനിറഞ്ഞ പ്രവർത്തനങ്ങൾ ചെയ്ത് സർക്കാരിൽനിന്നും പൊതുജനങ്ങളിൽ നിന്നും ആദരവും അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചു. ജനങ്ങൾക്കിടയിൽ ‘ഡോക്ടർ ബ്രോ’ എന്നപേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്’.- കുഞ്ഞു ശിവഗംഗ ഇങ്ങനെയാണ് കുറിച്ചത്.
ശിവഗംഗയുടെ ഈ വരികൾ ഒരു വലിയ ഓസ്കാർ ലഭിച്ചതിന് തുല്യമാണെന്നാണ് ഡോക്ടർ കുറിക്കുന്നത്. ഒരു ട്രെയിൻ യാത്രയിൽ പരിചയപ്പെട്ട ഈ കുരുന്നു പെൺകുട്ടിക്ക് പിന്നിലും ഉള്ളുതൊടുന്ന ഒരു ജീവിതാനുഭവമുണ്ട്. ശിവഗംഗയുടെ കുറിപ്പിനൊപ്പം ഈ മിടുക്കിയെ പരിചയപ്പെട്ടതെങ്ങനെയെന്നും ഡോക്ടർ കുറിച്ചിരിക്കുന്നു.
ഡോക്ടറുടെ വാക്കുകൾ ഇങ്ങനെ;
മലപ്പുറം വേങ്ങരയുള്ള, മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒരു കൊച്ചു കുട്ടി, ശിവഗംഗ പ്രബീഷ്. AM Lp സ്കൂൾ, കുറ്റൂർ പ്രാക്കിടപായ, വേങ്ങര, മലപ്പുറം.. അവൾ സ്കൂളിലെ സിലബസിലുള്ള ഒരു ചോദ്യത്തിന് ഉത്തരം എഴുതിയതാണ് എന്നെ പറ്റി..
ഞാൻ ഇവളെ ആദ്യമായി കാണുമ്പോൾ വളരെ അവശതയോടുകൂടിയ കണ്ണുകളും, വിളറിയ മുഖവുമായിരുന്നു അവൾക്ക്… എന്നാലും നിഷ്കളങ്കമായ ആ നോട്ടമാണ് എന്നിലേക്ക് അവളെ അടുപ്പിച്ചത്… ഒരു ട്രെയിൻ യാത്രയിലാണ് ഈ കൊച്ചു സുന്ദരിയെ പരിചയപ്പെടുന്നത്. തൃശ്ശൂർ കിലയിൽ ഒരു ട്രെയിനിങ്ങിന്റെ ഭാഗമായി കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിന്ന് തല്ക്കാൽ എടുത്തുകയറി, എന്റെ സീറ്റ് നമ്പർ നോക്കുമ്പോൾ അവിടെ ഒരു മോൾ കിടക്കുകയാണ്. 8-9 വയസ് പ്രായം തോന്നും, കൂടെ 33-35വയസ് പ്രായം ഉള്ള ഒരാളും 50നു മുകളിൽ പ്രായം തോന്നുന്ന മെലിഞ്ഞ ഒരു അമ്മയും. ഹൃദയ വാൽവിന്റെ തകരാറുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ശ്രീചിത്രയിൽ സർജറി കഴിഞ്ഞുമടങ്ങുന്ന വഴിയായിരുന്നു ആ മോളും കുടുംബവും. അവളുടെ മൂന്നാമത്തെ സർജറി ആയിരുന്നു അത്.
അവളുടെ കിടപ്പ് കണ്ട് സീറ്റിൽ നിന്നും മാറാൻ പറഞ്ഞില്ല. ഞാൻ അവർക്ക് വേണ്ടി നിന്നുതന്നെ യാത്ര ചെയ്തു, പിന്നെ ആ കുടുംബത്തോട് പതിയെ സംസാരിച്ചു തുടങ്ങി. അത് തൃശ്ശൂർ വരെ നീണ്ടു. ഇറങ്ങാൻ നേരം മോളുടെ അച്ഛൻ എന്റെ മൊബൈൽ നമ്പറും വാങ്ങി. അങ്ങനെ പല ആവശ്യ ഘട്ടങ്ങളിൽ ഒരു ഡോക്ടർ എന്ന നിലയിൽ എന്നെ വിളിക്കുകയും മരുന്നുമായി ബന്ധപ്പെട്ട ഉപദേശങ്ങൾ സ്വീകരിക്കുകയും ചെയ്യുമായിരുന്നു. ആ കുഞ്ഞിനോടുള്ള സ്നേഹവും കുടുംബത്തോടുള്ള സൗഹൃദവും ഇന്നും നിലനിൽക്കുന്നു. ഒരു വർഷമായി ആ സൗഹൃദം തുടങ്ങിയിട്ട്..
മാസങ്ങൾക്ക് ശേഷം ശിവഗംഗയെപ്പോലൊരു കുഞ്ഞുമോൾ സ്കൂളിൽ എന്നെ പറ്റി ഇങ്ങനെ എഴുതും എന്ന് ഞാൻ കരുതിയില്ല. അവൾക്ക് വേണമെങ്കിൽ അനേകം പ്രശസ്തരെപ്പറ്റി എഴുതാമായിരുന്നു. പക്ഷെ, കരുനാഗപ്പള്ളി മുതൽ തൃശ്ശൂർ വരെയുള്ള ദൂരത്തിനിടയിൽ അവളുടെ കുഞ്ഞു മനസിലേക്ക് എനിക്ക് കയറാൻ കഴിഞ്ഞതിനപ്പുറം ഇനിയൊന്നും നേടാനില്ല. എന്നിൽ നിന്ന് ഉപകാരം ലഭിച്ചവർ പല രീതിയിൽ വേദനിപ്പിക്കുമ്പോൾ എനിക്കു ഇതൊരു വലിയ ഓസ്കാർ തന്നെ..!
Story highlights- viral post of a third standard student about her favourite doctor