‘ഇല്ല, ഇന്നസെന്റ് ഏട്ടാ നിങ്ങൾ എങ്ങോട്ടും പോകുന്നില്ല..’- നൊമ്പരക്കുറിപ്പുമായി ദിലീപ്

March 27, 2023

സിനിമകളിലെ അവിസ്മരണീയമായ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയാണ് ജനപ്രിയ നടൻ ഇന്നസെന്റ് മാർച്ച് 26ന് വിട പറഞ്ഞത്. നടന് 75 വയസ്സായിരുന്നു. തൊണ്ടയിലെ അണുബാധയുണ്ടായി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അടുത്തിടെയാണ് നടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് 16 മുതൽ നടൻ ചികിത്സയിലായിരുന്നു.അദ്ദേഹത്തിന്റെ മരണവാർത്ത മലയാള സിനിമയെ തന്നെ നൊമ്പരത്തിലാഴ്ത്തിയിരിക്കുകയാണ്. നടൻ ദിലീപ് പങ്കുവെച്ച ഓർമ്മക്കുറിപ്പ് ഇപ്പോൾ ശ്രദ്ധനേടുകയാണ്.

‘വാക്കുകൾ മുറിയുന്നു… കണ്ണുകളിൽ ഇരുട്ടു മൂടുന്നു… ആശുപത്രിയിൽ കാത്തിരിക്കുമ്പോൾ ഡോക്ടർ വന്നു പറയുന്ന വാക്കുകൾ കേട്ട്… ആരായിരുന്നു ഇന്നസെന്റ് എന്ന ആ വലിയ മനുഷ്യൻ എനിക്ക്…. അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തിൽ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യൻ വിട പറഞ്ഞിരിക്കുന്നു… കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു, പിന്നീട് സിനിമയിലെത്തിയപ്പോഴും പിൻബലമായത് അദ്ദേഹത്തിന്റെ കരുതൽ ആയിരുന്നു, ജീവിതത്തിലെ പ്രതിസന്ധികളിൽ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകൾ കരുത്തായിരുന്നു… ഇനിയാ ശബ്ദവും രൂപവും, ആശ്വാസ വാക്കുകളും നിലച്ചു എന്നറിയുമ്പോൾ… വാക്കുകൾ മുറിയുന്നു… ഇല്ല, ഇന്നസെന്റ് ഏട്ടാ നിങ്ങൾ എങ്ങോട്ടും പോകുന്നില്ല, ഓർമ്മയുള്ള കാലം വരെ എന്നും എനിക്കൊപ്പം ഞങ്ങൾക്കൊപ്പം നിങ്ങൾ ഉണ്ടാവും..’- ദിലീപ് കുറിക്കുന്നു.

Read Also: ‘നമസ്‍തേ തൂത്തുതാരെ..’- പൊട്ടിച്ചിരിപ്പിച്ച് ഒരു കുഞ്ഞു ഗായിക; വിഡിയോ

നടൻ എന്നതിലുപരി, ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള മുൻ എംപി കൂടിയായ ഇന്നസെന്റ് മലയാളം മൂവി ആർട്ടിസ്റ്റ്‌സ് അസോസിയേഷൻ (അമ്മ) മുൻ പ്രസിഡന്റ് കൂടിയായിരുന്നു. ഹാസ്യ വേഷങ്ങൾക്ക് പേരുകേട്ട നടൻ ഇന്നസെന്റ് കോമഡി റോളുകൾക്ക് ചെയ്യുന്നതിൽ താൻ ഒരു മിടുക്കനാണെന്ന് ഒട്ടേറെ തവണ തെളിയിച്ചതാണ്.

Story highlights- actor dileep about innocent