‘ആടുജീവിതം’ പിറന്നതിങ്ങനെ- വിഡിയോ

March 3, 2023
adujeevitham movie pooja ceremony

ഒന്നിലധികം തവണ കാലതാമസങ്ങൾ നേരിട്ടും നീണ്ട കാത്തിരിപ്പിനും ശേഷം, പൃഥ്വിരാജ് സുകുമാരൻ തന്റെ അഭിലാഷ പദ്ധതിയായ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത് കഴിഞ്ഞ ജൂലൈയിലാണ്. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മുഴുവൻ വിദേശ ഷെഡ്യൂളും നാട്ടിലെ ഷെഡ്യൂളും അന്ന് അവസാനിച്ചിരുന്നു. ഇത്രയധികം തടസങ്ങളും പ്രതിസന്ധികളും അഭിമുഖീകരിച്ച ചിത്രം അടുത്തകാലത്ത് മലയാളത്തിൽ വേറെയില്ല. [ adujeevitham movie pooja ceremony ]

ഇപ്പോഴിതാ, റിലീസിന് തയ്യാറെടുക്കുന്ന സിനിമയുടെ പൂജ വിശേഷങ്ങളുമായി വിഡിയോ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. വിഡിയോ പങ്കുവെച്ചുകൊണ്ട് ബ്ലെസ്സി കുറിക്കുന്നതിങ്ങനെ..

‘2009 ലാണ് ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിന്റെ ആദ്യ പതിപ്പ് പ്രസിദ്ധീകരിക്കപ്പെടുന്നത്. 2009 ലെ ആദ്യവായനയിൽ തന്നെ ദൃശ്യഭാഷ ചമയ്ക്കാൻ കൊതിപ്പിച്ച കൃതികളിലൊന്നായി അത് മാറി. പ്രസിദ്ധീകരിച്ച് 15 ആം വർഷത്തിലേക്കെത്തുമ്പോൾ മലയാള സാഹിത്യ ചരിത്രത്തിലെ ഏറ്റവും ജനപ്രീതി നേടിയ നോവലുകളിൽ ഒന്നായി കഴിഞ്ഞ ‘ആടുജീവിത’ത്തെ ഒരു സംവിധായകൻ എന്ന നിലയിൽ, അഭ്രപാളിയിൽ ജീവസുറ്റതാക്കാനുള്ള വെല്ലുവിളി ഏറ്റെടുത്തതും വ്യക്തി പരമായി ഒരു മരുയാത്ര മുന്നിൽകണ്ട് തന്നെയായിരുന്നു. നാന്ദി കുറിച്ചിടം തൊട്ടിന്നുവരെ ഈ യാത്രയിലുടനീളം എന്നെ പിന്തുണച്ച എല്ലാവർക്കും വാക്കിന്റെ പരിമിതികളിൽ ഒതുങ്ങാത്തത്ര നന്ദി!

അതിജീവിച്ചു കഴിഞ്ഞ പ്രതിസന്ധികൾ സമ്മാനിക്കുന്നത് നനവുള്ള ഓർമകളും പുത്തൻ തിരിച്ചറിവുകളും ഒപ്പം അപ്രതീക്ഷിതമായ ചില മരുപ്പച്ചകളുമാണ്, നജീബിനെപ്പോലെ… എനിക്കും..! നമ്മൾക്കും! ഒരു വ്യാഴാവട്ടക്കാ ലത്തിലേറെ മനസ്സിൽ പേറിയ സ്വപ്നം സാക്ഷാൽകരിക്കുന്നതിലെ ചാരിതാർഥ്യത്തോടെ..’.

ബെന്യാമിന്റെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കി പ്രശസ്ത ചലച്ചിത്രകാരൻ ബ്ലെസിയാണ് ‘ആടുജീവിതം’ സംവിധാനം ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ ഈ വേഷത്തിനായി ശരീരഭാരം കുറച്ച് രൂപാന്തരം വരുത്തിയത് ശ്രദ്ധനേടിയിരുന്നു.

രണ്ട് വർഷത്തിലേറെയായി ചിത്രത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. എആർ റഹ്മാനും ചിത്രത്തിന്റെ ഭാഗമാണ്. ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാ പ്രവർത്തകർ, ഈ വർഷം അവസാനത്തോടെ തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

അതേസമയം, ജോർദാനിൽ നിന്നും ലോക്ക് ഡൗൺ പ്രതിസന്ധി കാരണം രണ്ടുമാസത്തോളം കുടുങ്ങികിടക്കേണ്ടി വന്നിരുന്നു ആടുജീവിതം ടീമിന്. അതിനുശേഷം ‘ആടുജീവിതം’ ടീം കേരളത്തിലേക്ക് മടങ്ങിയെത്തിയത്. പ്രത്യേക വിമാനത്തിലാണ് 58 അംഗ സംഘം കേരളത്തിൽ എത്തിയത്. പിന്നാലെ പൃഥ്വിരാജ്, ബ്ലസി എന്നിവർ അടങ്ങുന്ന സിനിമാ പ്രവർത്തകരെല്ലാം ക്വാറന്റീനിൽ പ്രവേശിച്ചിരുന്നു.

Story highlights- adujeevitham movie pooja ceremony