“ഞാൻ നിങ്ങളുടെ ഫാൻ..”; വിജയിയുടെ വാക്കുകൾ ഞെട്ടിച്ചുവെന്ന് ബാബു ആന്റണി

ഇന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ലിയോയുടെ കശ്മീരിലെ ഷൂട്ടിംഗ് പൂർത്തിയായി. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് വിജയിക്കൊപ്പം ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. ‘ലിയോ’ എന്ന ടൈറ്റിൽ പ്രഖ്യാപിച്ചതിനൊപ്പം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പങ്കുവെച്ച ടീസർ വൈറലായി മാറിയിരുന്നു. ഒരേ സമയം ചോക്ലേറ്റും വാളും ഉണ്ടാക്കുന്ന വിജയിയാണ് വിഡിയോയിലുണ്ടായിരുന്നത്. ‘ബ്ലഡി സ്വീറ്റ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. നേരത്തെ കമൽ ഹാസൻ ചിത്രം വിക്രത്തിന് വേണ്ടി ലോകേഷ് ഒരുക്കിയ ടൈറ്റിൽ ടീസറും വലിയ ഹിറ്റായി മാറിയിരുന്നു. (Babu antony with vijay at leo set)
മലയാളത്തിന്റെ ആക്ഷൻ കിംഗ് ബാബു ആന്റണിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാവുന്നത്. നടൻ വിജയിക്കൊപ്പം എടുത്ത ഒരു സെൽഫിയാണ് താരം പങ്കുവെച്ചത്. ഏറെ എളിമയും സ്നേഹവുമുള്ള താരമാണ് വിജയിയെന്നാണ് ബാബു ആന്റണി ചിത്രത്തിനൊപ്പം കുറിക്കുന്നത്. തന്റെ ചിത്രങ്ങൾ അദ്ദേഹം കണ്ടിട്ടുണ്ടെന്നും തന്റെ ഫാനാണ് അദ്ദേഹമെന്ന് വിജയ് പറഞ്ഞത് വലിയ ഞെട്ടലുണ്ടാക്കിയെന്നും താരം കൂട്ടിച്ചേർത്തു.
Read More: ഇതൊരു ഫാൻ ഗേൾ മൊമന്റ്..- തലൈവർക്കൊപ്പം അപർണ ബാലമുരളി
നേരത്തെ ചിത്രത്തിൽ വിജയിക്കൊപ്പം അണിനിരക്കുന്ന താരനിരയെ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിൽ അഭിനയിക്കുന്ന ഒന്‍പത് താരങ്ങളെയാണ് നിര്‍മ്മാതാക്കളായ സെവന് സ്ക്രീന്‍ സ്റ്റുഡിയോ പ്രഖ്യാപിച്ചത്. ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്താണ് ഇക്കൂട്ടത്തിലെ പ്രമുഖൻ. താരം ചിത്രത്തിന്റെ ഭാഗമാവുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത് പിന്നീടാണ്. അതോടൊപ്പം സൂപ്പർ താരം അർജുൻ, സംവിധായകർ കൂടിയായ ഗൗതം മേനോൻ, മിഷ്ക്കിൻ എന്നിവരും മലയാളി താരം മാത്യു തോമസും ചിത്രത്തിൽ വിജയിക്കൊപ്പം അണിനിരക്കുന്നുണ്ട്.
Story Highlights: Babu antony shares a selfie with vijay