ആക്ഷൻ കിംഗ് ഇനി വിജയ് ചിത്രത്തിൽ; ‘ലിയോ’യിൽ മലയാളികളുടെ പ്രിയ നടൻ ബാബു ആൻറണിയും

March 10, 2023
babu antony in leo

നടൻ വിജയിയും ലോകേഷ് കനകരാജും ഒരുമിക്കുന്ന ലിയോയുടെ ചിത്രീകരണം കശ്മീരിൽ നടന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് വിജയിക്കൊപ്പം ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. ‘ലിയോ’ എന്ന ടൈറ്റിൽ പ്രഖ്യാപിച്ചതിനൊപ്പം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പങ്കുവെച്ച ടീസർ വൈറലായി മാറിയിരുന്നു. ഒരേ സമയം ചോക്ലേറ്റും വാളും ഉണ്ടാക്കുന്ന വിജയിയാണ് വിഡിയോയിലുണ്ടായിരുന്നത്. ‘ബ്ലഡി സ്വീറ്റ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. നേരത്തെ കമൽ ഹാസൻ ചിത്രം വിക്രത്തിന് വേണ്ടി ലോകേഷ് ഒരുക്കിയ ടൈറ്റിൽ ടീസറും വലിയ ഹിറ്റായി മാറിയിരുന്നു. (Babu antony in leo)

ഇപ്പോൾ ചിത്രത്തെ സംബന്ധിച്ചുള്ള ഒരു പുതിയ അപ്ഡേറ്റ് മലയാളികൾക്ക് വലിയ ആവേശം നൽകുകയാണ്. മലയാളികളുടെ പ്രിയ നടൻ ബാബു ആൻറണിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അദ്ദേഹം തന്നെയാണ് ഈ വിവരം പുറത്തു വിട്ടത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിന് പോവുന്നതിന് മുൻപ് എയർപോർട്ടിൽ വെച്ച് പകർത്തിയ ചിത്രം ബാബു ആൻറണി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇന്ത്യൻ ഫുട്‌ബോളിന്റെ അഭിമാന താരമായ ഐ.എം വിജയനേയും താരം പങ്കുവെച്ച ചിത്രത്തിൽ കാണാം.

Read More: ചുവപ്പിൽ മനോഹരിയായി അനശ്വര രാജൻ- ചിത്രങ്ങൾ

നേരത്തെ ചിത്രത്തിൽ വിജയിക്കൊപ്പം അണിനിരക്കുന്ന താരനിരയെ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിൽ അഭിനയിക്കുന്ന ഒന്‍പത് താരങ്ങളെയാണ് നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ പ്രഖ്യാപിച്ചത്. ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്താണ് ഇക്കൂട്ടത്തിലെ പ്രമുഖൻ. താരം ചിത്രത്തിന്റെ ഭാഗമാവുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത് പിന്നീടാണ്. അതോടൊപ്പം സൂപ്പർ താരം അർജുൻ, സംവിധായകർ കൂടിയായ ഗൗതം മേനോൻ, മിഷ്ക്കിൻ എന്നിവരും മലയാളി താരം മാത്യു തോമസും ചിത്രത്തിൽ വിജയിക്കൊപ്പം അണിനിരക്കുന്നുണ്ട്.

Story Highlights: Babu antony will be part of leo