‘ചേച്ചിക്ക് കരൾ നൽകി ജീവൻ പകരാൻ തയ്യാറായ ഞങ്ങളുടെ ജിഷ ചിറ്റ’- ഫേസ്ബുക്ക് പോസ്റ്റുമായി സുബിയുടെ സഹോദരൻ

March 12, 2023

അഭിനേത്രിയും മിമിക്രി കലാകാരിയുമായ സുബിയുടെ മരണം സഹപ്രവർത്തകർക്കിടയിലും മലയാളി പ്രേക്ഷകർക്കും ഒരുപോലെ നൊമ്പരമായിരുന്നു. ചടുലമായ നർമ്മത്തിന് പേരുകേട്ട സുബി വിവിധ സ്റ്റേജ് ഷോകളിൽ നർത്തകിയായും ഹാസ്യനടിയായുമാണ് കരിയർ ആരംഭിച്ചത്. നിരവധി പരിപാടികളിൽ അവതാരകയായി എത്തിയ സുബി സുരേഷ് കുട്ടിപ്പട്ടാളം എന്ന ഷോയിലൂടെയാണ് കൂടുതൽ ജനപ്രിയയായി മാറിയത്. 

സുബിയുടെ സമൂഹമാധ്യമ അക്കൗണ്ട് ഇപ്പോഴും സഹോദരനിലൂടെ ആക്റ്റീവ് ആണ്. ഇപ്പോഴിതാ, സുബിക്ക് ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായ സമയത്ത് കരൾ പകുത്തുനൽകാൻ തയ്യറായ വ്യക്തിയെക്കുറിച്ച് പങ്കുവയ്ക്കുകയാണ് സഹോദരൻ എബി.

കഴിഞ്ഞ ദിവസം മുതൽ സുബി അവസാന ഘട്ടങ്ങളിൽ ചിത്രീകരിച്ച വിഡിയോകൾ സഹോദരൻ എബി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നുണ്ട്. താരത്തിനായി കരൾ നൽകി ജീവൻ പകരാൻ തയ്യാറായ ജിഷ ചിറ്റയ്ക്ക് നന്ദി പറയുകയാണ് സഹോദരന്‍ എബി.

‘ചേച്ചിയുടെ ആരോഗ്യം കൈവിട്ടു പോകുമെന്ന അവസ്ഥയിൽ കരൾ നൽകി ജീവൻ പകരാൻ തയ്യാറായ ഞങ്ങളുടെ ജിഷ ചിറ്റ’, എന്നാണ് എബി, സുബിയുടെ ഫേസ്ബുക്ക് അക്കൗണ്ട് വഴി കുറിച്ചിരിക്കുന്നത്. സുബിക്ക് ഒപ്പമുള്ള ജിഷയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.

Read Also: മരിച്ചു കിടക്കുന്ന അമ്മയെ കെട്ടിപ്പിടിച്ചു കരയുന്ന കുഞ്ഞ് ലംഗൂർ; നൊമ്പരമായൊരു കാഴ്ച്ച-വിഡിയോ

അതേസമയം, സുബിയുടെ വിവാഹം ഏകദേശം ഉറപ്പിച്ചു വച്ചിരിക്കുകയായിരുന്നു. ഫ്‌ളവേഴ്‌സ് ഒരുകോടി വേദിയിൽ അതിഥിയായി എത്തിയപ്പോൾ ഭാവി വരനെ സുബി പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. പെട്ടെന്നാണ് കരൾ സംബന്ധമായ പ്രശ്‌നം ഉണ്ടാകുന്നത്. പിന്നീട് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. പക്ഷെ അസുഖം പെട്ടന്ന് രൂക്ഷമായി. ഫെബ്രുവരി 22 രാവിലെ 10 മണിക്ക് കൊച്ചി രാജഗിരി ആശുപത്രിയിലായിരുന്നു അന്ത്യം.

Story highlights- brother about suby suresh