ചിരിപ്പിക്കാൻ ഫഹദിന്റെ ‘പാച്ചുവും അത്ഭുതവിളക്കും’ എത്തുന്നു; ടീസർ റിലീസ് ചെയ്‌തു

March 17, 2023
Fahad fazil new movie

സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ ഒരുക്കുന്ന ഫഹദ് ഫാസിലിന്റെ ‘പാച്ചുവും അത്ഭുത വിളക്കും’ റിലീസിനൊരുങ്ങുന്നു. ഏപ്രിൽ 28 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഫഹദ് ഫാസിലിന് പുറമെ വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, മുകേഷ്, ഇന്നസെന്റ്, വിനീത്, ഇന്ദ്രൻസ്, അൽത്താഫ് സലിം, മോഹൻ അകാശെ, പിയൂഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. (Fahad fazil new movie)

ഇപ്പോൾ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്‌തിരിക്കുകയാണ്. തമാശകൾ നിറഞ്ഞ ഏറെ രസകരമായ മുഹൂർത്തങ്ങളാണ് ചിത്രത്തിലുള്ളതെന്നാണ് ടീസർ നൽകുന്ന സൂചന. ചിത്രം പ്രേക്ഷകരെ ചിരിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. സേതു മണ്ണാർകാട് നിർമ്മിച്ച ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജസ്റ്റിൻ പ്രഭാകരനാണ്. രാജ് ശേഖറും മനു മഞ്ജിത്തും ചേർന്നാണ് വരികൾ രചിച്ചിരിക്കുന്നത്.

അതേ സമയം ‘പുഷ്‌പ 2’ വിലാണ് ഫഹദ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അല്ലു അർജുൻ നായകനായും ഫഹദ് വില്ലനായും എത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം വലിയ ഹിറ്റായി മാറിയത് കൊണ്ട് തന്നെ രണ്ടാം ഭാഗത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 2021 ഡിസംബർ 17 നാണ് സിനിമ ആരാധകരെ ആവേശം കൊള്ളിച്ച് ‘പുഷ്‌പ’ റിലീസിനെത്തിയത്. സുകുമാർ സംവിധാനം നിർവഹിച്ച ‘പുഷ്‌പ’ അല്ലു അർജുന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു. തിയേറ്ററുകളെ ഇളക്കി മറിച്ച ചിത്രം ബോക്സ് ഓഫീസിലും വലിയ തരംഗമായിരുന്നു. കള്ളക്കടത്തുകാരൻ പുഷ്പരാജായി അല്ലു അർജുൻ വേഷമിട്ട ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ വില്ലൻ കഥാപാത്രവും ഏറെ ശ്രദ്ധനേടിയിരുന്നു.

Read More: കുഞ്ഞുദാവണിയിൽ മനോഹര നൃത്തവുമായി വൃദ്ധിക്കുട്ടി- വിഡിയോ

തെലുങ്കിന് പുറമെ കന്നട, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറങ്ങിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് വലിയ റെക്കോർഡിട്ടിരുന്നു. 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചു കൊണ്ട് ചിത്രം വാർത്തകളിൽ നിറഞ്ഞിരുന്നു. രജനികാന്തിനും, പ്രഭാസിനും ശേഷം ബോളിവുഡിൽ 100 കോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന മൂന്നാമത്തെ സൗത്ത് ഇന്ത്യൻ താരമായി മാറുകയായിരുന്നു ഇതോടെ അല്ലു അർജുൻ.

Story Highlights: Fahad fazil’s pachuvum albhutha vilakkum teaser released