മണിനാദം നിലച്ചിട്ട് ഏഴാണ്ട്; ഇന്നും മനസ്സിൽ വേദനയെന്ന് വിനയൻ…

March 6, 2023
Kalabhavan mani and vinayan

കലാഭവൻ മണിയെ പോലെ മലയാളികൾ ആഘോഷിച്ചിട്ടുള്ള കലാകാരന്മാർ കുറവാണ്. മലയാളികളുടെ ഇടനെഞ്ചിലാണ് ഇന്നും മണിയുടെ സ്ഥാനം. അഭിനേതാവായും ഗായകനായും ഏറെ നന്മകളുള്ള മനുഷ്യനായും പ്രേക്ഷകർ ഇഷ്‍ടപ്പെട്ട കലാകാരനാണ് കലാഭവൻ മണി. താരപരിവേഷമില്ലാതെ തികച്ചും സാധാരണക്കാരനായി ജീവിച്ച കലാഭവൻ മണിയെ ഓർക്കാതെ മലയാളിയുടെ ഒരു ദിവസവും കടന്നു പോകുന്നില്ല. (Kalabhavan mani 7th death anniversary)

നായകനായും വില്ലനായും സഹതാരമായും മലയാള സിനിമയിൽ തകർത്തഭിനയിച്ച കലാഭവൻ മണി അതുല്യ പ്രതിഭയായിരുന്നു. മികച്ച അഭിനേതാവായി പേരെടുത്തതിനൊപ്പം നാടൻ പാട്ടുകൾക്ക് ഒരു പുതിയ ജീവൻ നൽകാനും മണിയിലെ ഗായകന് കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ നാടൻ പാട്ടുകളൊക്കെ ഇന്നും വലിയ ഹിറ്റുകളാണ്. വിസ്മൃതിയിലാണ്ടുപോയ നാടൻപാട്ടുകൾ പലതും മണിയുടെ ശബ്ദത്തിൽ പുതുതലമുറ കേൾക്കുകയും ആസ്വദിക്കുകയും ചെയ്‌തു. മണി എന്നുമൊരു ആഘോഷമായിരുന്നു മലയാളികൾക്ക്. ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങി മിമിക്രി രംഗത്ത് ശ്രദ്ധേയനായി പിന്നീട് സിനിമയിലെത്തിയ മണി പ്രേക്ഷകരെ ചിരിപ്പിക്കുകയും കരിയിപ്പിക്കുകയും ചെയ്‌ത അസാമാന്യ നടനായിരുന്നു.

Read More: ഇമോഷണൽ രംഗത്തിന് വേണ്ടി ഡാൻസ് ചെയ്ത് തയ്യാറെടുക്കുന്ന ഭാവന- വിഡിയോ

ഇപ്പോൾ മണിയുടെ ഓർമ്മയിൽ സംവിധായകൻ വിനയൻ പങ്കുവെച്ച കുറിപ്പാണ് പ്രേക്ഷകർക്ക് നൊമ്പരമാവുന്നത്. “മണി യാത്രയായിട്ട് ഏഴു വർഷം. സാധാരണക്കാരനിൽ സാധാരണക്കാരനായ ആ അതുല്യകലാകാരൻെറ അകാലത്തിലുള്ള വേർപാട് ഓർക്കുമ്പോൾ ഇന്നും മനസ്സിൽ വേദനയുടെ കനലെരിയുന്നു. ഏറെ ദാരിദ്ര്യവും അതിലേറെ അവഗണനയും ഒക്കെ സഹിച്ച് തൻേറതായ അസാധാരണ കഴിവുകൾ കൊണ്ടു മാത്രം മലയാള സിനിമയിലും മലയാളികളുടെ മനസ്സിലും ഇടം നേടാൻ കഴിഞ്ഞ കലാഭവൻ മണിക്ക് ഒത്തിരി സ്വപ്നങ്ങൾ ബാക്കിയുള്ളപ്പോഴാണ് ജീവിതം കൈവിട്ടു പോയത്. ഇതിനെയാണല്ലോ വിധി എന്നു നമ്മൾ പറയുന്നത്. ഇനിയൊരു ജന്മമുണ്ടങ്കിൽ ഈ സ്നേഹഭൂമിയിൽ ഇനിയും മണി ജനിക്കട്ടെ. ആദരാഞ്ജലികൾ”-കലാഭവൻ മണിയുടെ ചിത്രം പങ്കുവെച്ചു കൊണ്ട് വിനയൻ ഫേസ്ബുക്കിൽ കുറിച്ചു മണിയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങൾ അദ്ദേഹത്തിന് നൽകിയ സംവിധായകൻ കൂടിയാണ് വിനയൻ.

Story Highlights: Kalabhavan mani 7th death anniversary