കലാലയ രാഷ്ട്രീയത്തെയും പ്രണയത്തെയും ആഘോഷിച്ച തലമുറയ്ക്ക് ഒരു പ്രണയലേഖനം-‘ലവ്ഫുളി യുവർസ് വേദ’ റിവ്യൂ
ഓരോ വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരേടാണ് കലാലയ ജീവിതം. വിട്ടുവീഴ്ച്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകളും പ്രണയവും നിറം പകരുന്ന കലാലയ ജീവിതം ജീവിതത്തിലെ അതിമനോഹരമായ ഓർമ്മയായി മനസ്സിൽ കൊണ്ട് നടക്കുന്നവരാണ് നമ്മൾ. കലാലയ ജീവിതത്തിലെ പ്രണയത്തിന്റെ സുഖവും വേദനയുമൊക്കെ നമ്മുടെ യൗവനത്തിലെ ഹൃദ്യമായ അനുഭവങ്ങളാണ്. ആർട്സ് ഡെയും സ്പോർട്സ് ഡെയും സമരങ്ങളും കലാപ്രവർത്തനങ്ങളുമൊക്കെ കലാലയ ജീവിതം ആസ്വദിച്ച ഒരു വ്യക്തി എക്കാലവും മനസ്സിൽ കൊണ്ട് നടക്കുന്ന സുഖമുള്ള ഓർമ്മകളാണ്. അങ്ങനെയുള്ള ഒരു തലമുറയ്ക്കുള്ള പ്രണയലേഖനമാണ് ‘ലവ്ഫുളി യുവർസ് വേദ.’ (Lovefully yours veda review)
തങ്ങളുടെ ഏറെ പ്രശസ്തമായ ഗാനത്തിന്റെ വരികളെഴുതിയ ആളെ തേടി ‘ബൻജാര’ എന്ന ബാൻഡിലെ ഗായികയും സുഹൃത്തുക്കളും നടത്തുന്ന യാത്രയിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. അവർ ചെന്നെത്തുന്നത് ശ്രീവേദയുടെ അടുത്താണ്. ശ്രീ വർമ്മ കോളേജിന്റെ മതിലുകളിൽ എഴുതപ്പെട്ട ആ കവിത ശ്രീവേദയുടേതാണ്. എന്നാൽ ആ വരികൾ ലോകമറിഞ്ഞതിന് പിന്നിൽ അതിമനോഹരമായ ഒരു കഥയുണ്ട്. പ്രണയവും രാഷ്ട്രീയവും നിറം പകർന്ന 90 കളിലെ കലാലയ ജീവിതത്തിലേക്കാണ് രജിഷ വിജയൻ അവതരിപ്പിച്ച ശ്രീവേദ പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോകുന്നത്.
അതിമനോഹരമായ പ്രണയനിമിഷങ്ങളും കൈയടി വീഴുന്ന തകർപ്പൻ ഡയലോഗുകളും രോമാഞ്ചമുണ്ടാക്കുന്ന സംഘടന രംഗങ്ങളുമൊക്കെ ചേർത്ത് രസച്ചരട് പൊട്ടാതെ ഒഴുക്കോടെയാണ് തിരക്കഥ സഞ്ചരിക്കുന്നത്. ബാബു വൈലത്തൂരിന്റെ കെട്ടുറപ്പുള്ള തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത. മികച്ച തിരക്കഥയ്ക്ക് അതിമനോഹരമായ ദൃശ്യഭാഷ ഒരുക്കിയ സംവിധായകൻ പ്രഗേഷ് സുകുമാരനാണ് ഏറ്റവും വലിയ കൈയടി അർഹിക്കുന്നത്.
മികച്ച പ്രകടനമാണ് ചിത്രത്തിലെ താരങ്ങളൊക്കെ കാഴ്ച്ചവെയ്ക്കുന്നത്. ശ്രീവേദ എന്ന കേന്ദ്ര കഥാപാത്രമായി രജിഷ വിജയൻ തിളങ്ങുമ്പോൾ സഖാവ് ജീവൻലാൽ എന്ന കഥാപാത്രമായി ഏറെ ശ്രദ്ധേയമായ പ്രകടനമാണ് വെങ്കിടേഷ് വി.പി എന്ന നടൻ ചിത്രത്തിൽ കാഴ്ച്ചവെച്ചിരിക്കുന്നത്. പ്രണയരംഗങ്ങളിലും ആക്ഷൻ രംഗങ്ങളിലും മികവ് പുലർത്തുന്ന താരത്തിന്റെ പല ഡയലോഗുകളും തിയേറ്ററുകളിൽ വലിയ ആവേശം നിറയ്ക്കുന്നുണ്ട്.
വളരെ കുറച്ച് സമയമേ സ്ക്രീനിൽ എത്തുന്നുള്ളുവെങ്കിലും വലിയ കൈയടിയാണ് ശ്രീനാഥ് ഭാസിയുടെ അഭിനയത്തിന് ലഭിക്കുന്നത്. ക്ലൈമാക്സ് സംഘടന രംഗങ്ങളിൽ താരത്തിന്റെ മികവ് കണ്ടറിയേണ്ട കാഴ്ച്ച തന്നെയാണ്. ഇവർക്കൊപ്പം ഒരു കൂട്ടം പുതുമുഖ അഭിനേതാക്കളും ലവ്ഫുളി യുവർസ് വേദയിൽ ശ്രദ്ധേയ പ്രകടനം കാഴ്ച്ചവെയ്ക്കുന്നുണ്ട്.
Read More: ‘ആടുജീവിതം’ പിറന്നതിങ്ങനെ- വിഡിയോ
മികച്ച ഒരു എന്റർടൈനർ ആവുന്നതിനൊപ്പം ശക്തമായ രാഷ്ട്രീയ നിലപാടുകളും ലവ്ഫുളി യുവർസ് വേദ മുന്നോട്ട് വെക്കുന്നുണ്ട്. എന്നാൽ ചിത്രത്തിന്റെ ആസ്വാദനത്തെ ഒരു തരത്തിലും ബാധിക്കാത്ത രീതിയിലാണ് ചിത്രം വിട്ടുവീഴ്ച്ചയില്ലാത്ത രാഷ്ട്രീയം പറയുന്നത്. 90 കളിലെ ഗൃഹാതുരമായ കലാലയ ജീവിതത്തിന്റെ കഥ ഏറെ മികവോടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും വഹിക്കുന്ന പങ്ക് ചെറുതല്ല. പലപ്പോഴും ചിത്രത്തിന്റെ വൈകാരിക രംഗങ്ങളുടെ തീവ്രതയും ആക്ഷൻ രംഗങ്ങളുടെ ത്രില്ലും പ്രേക്ഷകർക്ക് മികച്ച അനുഭവമാവുന്നതിൽ രാഹുൽ രാജിന്റെ സംഗീതം വഹിക്കുന്ന പങ്ക് ചെറുതല്ല.
Story Highlights: Lovefully yours veda review