ഏജന്റ് ലുക്കിൽ മമ്മൂട്ടി- വിഡിയോ

അഖിൽ അക്കിനേനിയ്ക്കൊപ്പം മമ്മൂട്ടി വേഷമിടുന്ന തെലുങ്ക് ചിത്രമാണ് ഏജന്റ്. അഖില്‍ അക്കിനേനി നായകൻ ആകുന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് എന്നത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ ആകർഷണവും. പുതുമുഖതാരം സാക്ഷി വൈദ്യയാണ് സിനിമയിലെ നായിക. സുരേന്ദര്‍ റെഡ്ഡിയാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. സ്പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന മഹാദേവൻ എന്ന കഥാപാത്രത്തിന്റെ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടൻ ഇപ്പോൾ.
‘ഏജന്റ് ബുഡപെസ്ട്’ എന്ന ക്യാപ്ഷനൊപ്പമാണ് മമ്മൂട്ടി വിഡിയോ പങ്കുവെച്ചിരിക്കുന്നത്. അതേസമയം,താരത്തിന്റെ ഈ സിനിമയിലെ കഥാപാത്രം ഒരു പട്ടാള ഉദ്യോഗസ്ഥനാണ് എന്നും ഇപ്പോൾ റിപ്പോർട്ടുകൾ വരുന്നുണ്ട്. അതേസമയം ഏജന്റിന്റെ സെറ്റിൽ ഭീഷ്മ പര്‍വ്വത്തിന്റെ വിജയം ആഘോഷിക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും വിഡിയോകളും പുറത്തുവിട്ടിരുന്നു.
പ്രശസ്ത തമിഴ് സംഗീതസംവിധായകൻ ഹിപ് ഹോപ് തമിഴയാണ് ഏജന്റിന് സംഗീതം നൽകിയിരിക്കുന്നത്. റസൂൽ എല്ലൂർ ഛായാഗ്രഹണവും നവീൻ നൂലി എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. എകെ എന്റർടൈൻമെന്റ്സും സുരേന്ദർ 2 സിനിമയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും. സുരേന്ദർ റെഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Read Also: മരിച്ചു കിടക്കുന്ന അമ്മയെ കെട്ടിപ്പിടിച്ചു കരയുന്ന കുഞ്ഞ് ലംഗൂർ; നൊമ്പരമായൊരു കാഴ്ച്ച-വിഡിയോ
2019- ല്‍ പുറത്തെത്തിയ യാത്രയാണ് മമ്മൂട്ടിയുടെ അവസാന തെലുങ്ക് ചിത്രം. വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം ആവിഷ്കരിച്ച ചിത്രത്തില്‍ വൈഎസ്ആറായി ആയിരുന്നു മമ്മൂട്ടി എത്തിയത്. മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചത്. വർഷങ്ങൾക്ക് ശേഷം താരത്തിന്റെ പുതിയ തെലുങ്ക് ചിത്രം ഒരുങ്ങുമ്പോൾ ഏറെ പ്രതീക്ഷിയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികളും.
Story highlights- mammootty agent movie look video