തിരക്കഥ മിഥുൻ മാനുവൽ, സംവിധാനം വൈശാഖ്; മമ്മൂട്ടിയുടെ വമ്പൻ മാസ്സ് ആക്ഷൻ ചിത്രമൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്

March 6, 2023
Mammootty new movie

നടൻ മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രങ്ങളൊക്കെ ഏറെ പ്രതീക്ഷ നൽകുന്നവയാണ്. ഷൂട്ടിംഗ് പൂർത്തിയായ ജിയോ ബേബിയുടെ ‘കാതൽ’, ഇപ്പോൾ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ‘കണ്ണൂർ സ്‌ക്വാഡ്’ എന്നീ ചിത്രങ്ങളൊക്കെ പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന സിനിമകളാണ്. അതോടൊപ്പം തന്നെ മലയാള സിനിമ ലോകം വലിയ ആവേശത്തോടെ കാത്തിരിക്കുന്ന അമൽ നീരദിന്റെ ബിലാലും അധികം വൈകാതെ ഷൂട്ടിംഗ് ആരംഭിച്ചേക്കുമെന്നാണ് അറിയാൻ കഴിയുന്നത്. (Mammootty new movie with midhun manuel and vysakh)

ഇപ്പോൾ മമ്മൂട്ടിയുടെ മറ്റൊരു ചിത്രത്തെ പറ്റിയുള്ള വിവരങ്ങളാണ് വാർത്തകളിൽ നിറയുന്നത്.. സംവിധായകൻ കൂടിയായ മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനായെത്തുന്നു എന്നാണ് റിപ്പോർട്ട്. വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുകയെന്നും സൂചനയുണ്ട്. മമ്മൂട്ടി, മിഥുൻ മാനുവൽ, വൈശാഖ് എന്നിവർ ഒരുമിച്ചു നിൽക്കുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് സിനിമയെ പറ്റിയുള്ള വിവരങ്ങൾ വന്ന് തുടങ്ങിയത്.

അതേ സമയം ക്രിസ്റ്റഫറാണ് മമ്മൂട്ടിയുടേതായി അവസാനമായി തിയേറ്ററുകളിലെത്തിയ ചിത്രം. മമ്മൂട്ടി ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ‘ക്രിസ്റ്റഫർ’ തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് ലഭിച്ചത്. ആദ്യ ദിനം തന്നെ 175 ഹൗസ്ഫുൾ ഷോകളുമായി ചിത്രം 1.83 കോടി രൂപയാണ് കേരളത്തില്‍ നിന്ന് കളക്ട് ചെയ്‌തത്‌.

Read More: ഭീഷ്‌മപർവ്വത്തിന്റെ ഒരു വർഷം; മമ്മൂട്ടി പങ്കുവെച്ച സ്റ്റിൽ ഏറ്റെടുത്ത് ആരാധകർ

മമ്മൂട്ടിയും സംവിധായകൻ ബി.ഉണ്ണികൃഷ്‌ണനും ഏറെ നാളുകൾക്ക് ശേഷം വീണ്ടും ഒന്നിച്ച ചിത്രമാണ് ‘ക്രിസ്റ്റഫർ.’ ഒരു ത്രില്ലറായി ഒരുങ്ങിയിരിക്കുന്ന ചിത്രത്തിൽ ഒരു പോലീസ് ഓഫീസറായാണ് മമ്മൂട്ടിയെത്തിയത്. പ്രമാണിക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്‌ണൻ സംവിധാനം ചെയ്‌ത ചിത്രമാണിത്. ഉദയ്‌കൃഷ്‌ണയാണ് തിരക്കഥയൊരുക്കിയത്. സ്നേഹ, ഐശ്വര്യ ലക്ഷ്‌മി, അമല പോൾ എന്നിവർക്കൊപ്പം ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

Story Highlights: Mammootty new movie with midhun manuel and vysakh