വീണ്ടും “നാട്ടു നാട്ടു..” തരംഗം; ഗാനത്തിന് ചുവടുവച്ച് ഡൽഹി ജർമ്മൻ എംബസിയിലെ ജീവനക്കാർ

March 18, 2023
Nattu nattu viral video

ഓസ്‌കാർ അവാർഡ് ഇന്ത്യയിലേക്ക് എത്തിച്ച ആർആർആറിലെ “നാട്ടു നാട്ടു..” എന്ന ഗാനം സൃഷ്‌ടിച്ച തരംഗം അവസാനിക്കുന്നില്ല. ടീമിനുള്ള അഭിനന്ദന സന്ദേശങ്ങളാൽ സമൂഹമാധ്യമങ്ങൾ നിറയുമ്പോൾ ഇന്ത്യയിൽ മാത്രം ഒതുങ്ങുന്നില്ല ആഘോഷങ്ങൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ആളുകൾ രാജമൗലിയുടെ ടീമിനെ അഭിനന്ദിച്ച് പങ്കുവെച്ച നിരവധി വിഡിയോകൾ വൈറലായിരുന്നു. (Nattu nattu oscar viral video)

ഇപ്പോൾ ഡൽഹി ജർമ്മൻ എംബസിയിലെ ജീവനക്കാർ ഗാനത്തിനൊപ്പം ചുവടു വെയ്ക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ജർമ്മൻ അംബാസഡർ ഡോ.ഫിലിപ്പ് അക്കർമാൻ ആണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ‘ജർമ്മൻകാർക്ക് നൃത്തം ചെയ്യാൻ കഴിയില്ലേ’? ഞാനും എന്റെ ഇൻഡോ-ജർമ്മൻ ടീമും ഓൾഡ് ഡൽഹിയിൽ വെച്ച് നാട്ടു നാട്ടുവിന്റെ വിജയം ആഘോഷിച്ചു”-വിഡിയോ പങ്കുവെച്ചു കൊണ്ട് അദ്ദേഹം കുറിച്ചു.

Read More: അവാർഡ് പ്രഖ്യാപനം കേട്ട് സന്തോഷം അടക്കാനാവാതെ രാജമൗലി; ഓസ്‌കാർ വേദിയിൽ നിന്നുള്ള കാഴ്ച്ച-വിഡിയോ

അതേ സമയം ഇന്ത്യക്കാരെ പറ്റിയുള്ള സിനിമകൾ ഇതിന് മുൻപും ഓസ്‌കാർ വേദിയിൽ ആദരിക്കപ്പെട്ടിട്ടുണ്ട്. ‘ഗാന്ധി’, ‘സ്ലംഡോഗ് മില്യനയർ’ എന്നീ ചിത്രങ്ങളൊക്കെ അതിന് ഉദാഹരണങ്ങളാണ്. ഇത്തരം സിനിമകളുടെ ഭാഗമായിട്ടുള്ള ഏ.ആർ റഹ്‌മാൻ അടക്കമുള്ള ഇതിഹാസങ്ങൾ ഓസ്‌കാർ അവാർഡ് ഏറ്റുവാങ്ങിയിട്ടുമുണ്ട്. എന്നാൽ പൂർണമായും ഇന്ത്യൻ സിനിമ എന്നവകാശപ്പെടാൻ കഴിയുന്ന ഒരു ചിത്രത്തിന് ഓസ്‌കാർ അവാർഡ് ലഭിക്കുന്നത് ഇതാദ്യമായാണ്. അതിനാൽ തന്നെ കീരവാണിയുടെ ഓസ്‌കാർ നേട്ടം ഇന്ത്യൻ സിനിമയ്ക്ക് അഭിമാന മുഹൂർത്തമാണ് സമ്മാനിച്ചത്.

Story Highlights: Nattu nattu viral video