ഒരു ടിക്കറ്റ് വാങ്ങിയാൽ മറ്റൊന്ന് ഫ്രീ; അപ്രതീക്ഷിത ഓഫറുമായി പഠാന്റെ അണിയറ പ്രവർത്തകർ

March 2, 2023
Sharukh khan pathan

ഹിന്ദി സിനിമ ഇൻഡസ്ട്രി വീണ്ടും പഴയ പ്രതാപകാലത്തേക്ക് തിരികെ എത്തിയിരിക്കുകയാണ്. തിരിച്ചു വരവിന്റെ പാതയിലാണ് ബോളിവുഡ്. വമ്പൻ പരാജയത്തിലേക്ക് കൂപ്പുകുത്തിയിരുന്ന ഹിന്ദി സിനിമ മേഖല ‘ബ്രഹ്മാസ്ത്ര’, ‘ദൃശ്യം 2’ എന്നീ ചിത്രങ്ങളിലൂടെ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചിരുന്നു. എന്നാൽ പഠാന്റെ വമ്പൻ വിജയം ബോളിവുഡിന് പുതുജീവൻ നൽകിയിരിക്കുകയാണ്. ഇന്ത്യൻ ബോക്‌സോഫിസിനെ ഇളക്കിമറിക്കുകയാണ് ചിത്രം. (Pathan’s ticket rate)

ഇപ്പോൾ പഠാന്റെ അണിയറ പ്രവർത്തകർ നടപ്പാക്കിയിരിക്കുന്ന ഒരു പുതിയ മാർക്കറ്റിംഗ് തന്ത്രമാണ് ഏറെ ശ്രദ്ധേയമാവുന്നത്. ചിത്രത്തിന്റെ ഒരു ടിക്കറ്റ് വാങ്ങിയാൽ മറ്റൊന്ന് സൗജന്യമായി ലഭിക്കും. മാർച്ച് 3 മുതൽ 5 വരെ ബുക്ക് മൈ ഷോ വഴി ടിക്കറ്റ് വാങ്ങുന്നവർക്കാണ് ഈ ഓഫർ ലഭിക്കുന്നത്.

അതേ സമയം പഠാന്റെ കളക്ഷൻ 1000 കോടി കടന്നിരിക്കുകയാണ്. റിലീസ് ചെയ്‌ത്‌ രണ്ടാം ദിനം തന്നെ ചിത്രം 200 കോടി നേടിയിരുന്നു. ഷാരൂഖ് ഖാന്റെ എക്കാലത്തെയും മികച്ച ഓപ്പണിങ് കളക്ഷനാണ് ‘പഠാൻ’ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ആദ്യ ദിനം തന്നെ ലോകമെമ്പാട് നിന്നും 100 കോടി നേടിയിരുന്നു. ഹിന്ദി സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളക്ഷനാണിത്. അഞ്ച് ദിവസം കൊണ്ട് ചിത്രത്തിന്റെ ആഗോള കളക്ഷൻ 500 കോടിയിലെത്തിയിരുന്നു.

Read More: പ്രണയത്തിന്റെ 25 വർഷങ്ങൾ, താജ്മഹലിൽ ആഘോഷം- ചിത്രങ്ങൾ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് ലഭിച്ചത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഷാരൂഖ് ഖാൻ സിനിമകളിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. തുടർച്ചയായി തന്റെ ചിത്രങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം സിനിമകളിൽ നിന്നൊരു ഇടവേള എടുത്തത്. എന്നാലിപ്പോൾ ഒരു വമ്പൻ തിരിച്ചു വരവാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. സിദ്ധാർഥ് ആനന്ദിന്റെ സംവിധാനത്തിലൊരുങ്ങിയിരിക്കുന്ന ‘പഠാൻ’ ആരാധകരുടെ പ്രതീക്ഷ കാത്തുവെന്നാണ് അറിയാൻ കഴിയുന്നത്.

Story Highlights: Pathan new ticket rates