പ്രണയത്തിന്റെ 25 വർഷങ്ങൾ, താജ്മഹലിൽ ആഘോഷം- ചിത്രങ്ങൾ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

March 2, 2023

മലയാളികളുടെ പ്രിയപ്പെട്ട ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. 25 വർഷങ്ങൾക്ക് മുമ്പ്, ‘അനിയത്തിപ്രാവ്’ എന്ന ക്ലാസിക് റൊമാൻസ് ചിത്രത്തിലൂടെ ഓരോ മലയാളിയുടെയും ഹൃദയത്തിൽ ചേക്കേറിയ താരം. പിന്നീട് നടന്റെ വളർച്ചയും തളർച്ചയും ഉയിർത്തെഴുന്നേൽപ്പിനുമെല്ലാം പ്രേക്ഷകർ സാക്ഷ്യം വഹിച്ചു. കുടുംബജീവിതത്തിലെ ഓരോ വിശേഷങ്ങളും കുഞ്ചാക്കോ ബോബൻ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, പ്രണയത്തിന്റെ ഇരുപത്തഞ്ചാം വാർഷിക നിറവിലാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും. ഇരുവരും മകൻ ഇസഹാക്കിനൊപ്പം വാർഷികം ആഘോഷമാക്കുന്ന ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഇത്തവണ ഡൽഹിയിൽ താജ്മഹലിലാണ് ഇരുവരും കുടുംബസമേതമുള്ളത്. ’25 വർഷത്തെ പ്രണയബന്ധം…..പ്രണയത്തിന്റെ പ്രതീകമായ സ്മാരകത്തിന്റെ പശ്ചാത്തലത്തിൽ അത് ആഘോഷിക്കുന്നു’- കുഞ്ചാക്കോ ബോബൻ കുറിക്കുന്നു.

Read Also: വനിതാ ദിനത്തിൽ ട്വന്റിഫോറിനും ഫ്‌ളവേഴ്‌സിനുമൊപ്പം പിങ്ക് മിഡ്‌നൈറ്റ് മാരത്തോണിൽ പങ്കെടുക്കാം..

2005ലായിരുന്നു കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും വിവാഹം. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇസഹാക്ക് കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് വന്നത്.

1981 ല്‍ ഫാസില്‍ സംവിധാനം നിര്‍വഹിച്ച ധന്യ എന്ന ചിത്രത്തില്‍ ബാലാതാരമായിട്ടാണ് കുഞ്ചാക്കോ ബോബന്‍ ആദ്യമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നത്. നക്ഷത്രതാരാട്ട്, നിറം, പ്രിയം, ദോസ്ത്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, കസ്തൂരിമാന്‍, സ്വപ്നക്കൂട്, ഈ സ്‌നേഹതീരത്ത്, ലോലിപ്പോപ്പ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, ഓര്‍ഡിനറി, മല്ലുസിങ്, ട്രാഫിക്, സീനിയേഴ്‌സ്, സെവന്‍സ്, ഡോക്ടര്‍ ലൗ, റോമന്‍സ്, രാമന്റെ ഏദന്‍തോട്ടം, തട്ടുംപുറത്ത് അച്യുതന്‍, അള്ള് രാമേന്ദ്രന്‍, വൈറസ്, അഞ്ചാംപാതിര തുടങ്ങി നിരവധി സിനിമകളില്‍ തിളങ്ങിയ താരമാണ് കുഞ്ചാക്കോ ബോബന്‍. താരത്തിന്റേതായി നിരവധി ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Story highlights- kunchacko boban celebrating 25th love anniversary