“മനസ്സിലും പൂക്കാലം..”; പൂക്കാലത്തിലെ ആദ്യ ഗാനം റിലീസ് ചെയ്‌തു

March 18, 2023
Pookkaalam movie song

യുവാക്കൾ ഏറ്റെടുത്ത ചിത്രമായിരുന്നു ‘ആനന്ദം.’ ഗണേഷ് രാജ് ഒരുക്കിയ ചിത്രം ഒരു കൂട്ടം പുതുമുഖങ്ങളെ കൂടി മലയാളികൾക്ക് സമ്മാനിച്ചിരുന്നു. ഇപ്പോൾ ‘പൂക്കാലം’ എന്ന ചിത്രവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ. ഗണേഷിന്‍റെ ആദ്യ ചിത്രം ചെറുപ്പക്കാരുടെ ആഘോഷ സിനിമയായിരുന്നെങ്കിൽ ‘പൂക്കാല‘ത്തിൽ മുതിർന്ന കഥാപാത്രങ്ങളുടെ ശക്തമായ പങ്കാളിത്തവുമുണ്ട്. (Pookkaalam movie song)

നായകനായും സഹനടനായും വില്ലനായും ഹാസ്യതാരമായുമൊക്കെ ഇതിനകം വിവിധ വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള വിജയരാഘവൻ അഭിനയരംഗത്ത് 50 വർഷം പിന്നിടുമ്പോൾ ഇതാദ്യമായാണ് നൂറിനോടടുത്ത് പ്രായം തോന്നിക്കുന്ന കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നതെന്ന പ്രത്യേകതയുമുണ്ട്. ഒപ്പം കെ.പി.എസി.ലീലയും പ്രധാന കഥാപാത്രമായി അഭിനയിക്കുന്നുണ്ട്.

ഇപ്പോൾ ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്‌തിരിക്കുകയാണ്. “മനസ്സിലും പൂക്കാലം..” എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് ഇപ്പോൾ യൂട്യൂബിൽ റിലീസ് ചെയ്‌തിരിക്കുന്നത്‌. സച്ചിൻ വാര്യർ സംഗീതം പകർന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് കൈതപ്രമാണ്. സച്ചിൻ വാര്യർ തന്നെയാണ് ചിത്രത്തിൽ ഗാനം ആലപിച്ചിരിക്കുന്നത്.

Read More: 100 വയസ്സുകാരനായി ഞെട്ടിക്കാൻ വിജയരാഘവൻ, കൂടെ കെ.പി.എ.സി ലീലയും; ‘ഹ്യൂമൻസ് ഓഫ് പൂക്കാലം‘ പുറത്തിറങ്ങി

നേരത്തെ ‘ഹ്യൂമൻസ് ഓഫ് പൂക്കാലം‘ എന്ന പേരിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ 1.54 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസർ ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. വിജയരാഘവനും കെ.പി.എസി. ലീലയ്ക്കുമൊപ്പം ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി മണിരത്‌നം, ജഗദീഷ്, അബു സലിം, ജോണി ആന്‍റണി, അന്നു ആന്‍റണി, റോഷന്‍ മാത്യു, സരസ ബാലുശ്ശേരി, അരുണ്‍ കുര്യന്‍, ഗംഗ മീര, രാധ ഗോമതി, അരുണ്‍ അജികുമാര്‍, ശരത് സഭ, അരിസ്‌റ്റോ സുരേഷ് തുടങ്ങിയവരും കാവ്യ, നവ്യ, അമൽ, കമൽ എന്നീ പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. സിഎൻസി സിനിമാസ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറിൽ വിനോദ് ഷൊര്‍ണൂര്‍, തോമസ് തിരുവല്ല എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രനാണ് നിർവഹിക്കുന്നത്.

Story Highlights: Pookkaalam first song lyrical video released