100 വയസ്സുകാരനായി ഞെട്ടിക്കാൻ വിജയരാഘവൻ, കൂടെ കെ.പി.എ.സി ലീലയും; ‘ഹ്യൂമൻസ് ഓഫ് പൂക്കാലം‘ പുറത്തിറങ്ങി

March 6, 2023
Vijayaraghavan in pookkaalam

രൂപഭാവങ്ങളിലും ശരീരഭാഷയിലും വാക്കിലും നോക്കിലും വരെ വാര്‍ദ്ധക്യത്തിന്‍റെ എല്ലാ അവശതകളോടും കൂടെ നൂറ് വയസ്സ് പ്രായമുള്ളൊരു അപ്പാപ്പനായി ഞെട്ടിച്ച് നടൻ വിജയരാഘവൻ. ഒപ്പം ഏറെ പ്രായമേറിയൊരു അമ്മൂമ്മയായി കെ.പി.എസി. ലീലയും. ‘ആനന്ദം’ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് ശേഷം ഗണേഷ് രാജ് എഴുതി സംവിധാനം ചെയ്യുന്ന ‘പൂക്കാലം’ എന്ന ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റായി ‘ഹ്യൂമൻസ് ഓഫ് പൂക്കാലം‘ എന്ന പേരിൽ പുറത്തിറങ്ങിയ 1.54 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസർ പ്രേക്ഷക മനസ്സുകളിലൊരു പൂക്കാലം തന്നെ തീർത്തിരിക്കുകയാണ്. ഒരു മനോഹരമായ കുടുംബ ചിത്രമായിരിക്കും ഇതെന്ന് വിഡിയോ സാക്ഷ്യപ്പെടുത്തുന്നുണ്ട്. (Vijayaraghavan in pookkaalam)

ഗണേഷിന്‍റെ ആദ്യചിത്രം ചെറുപ്പക്കാരുടെ ആഘോഷ സിനിമയായിരുന്നെങ്കിൽ ‘പൂക്കാല‘ത്തിൽ മുതിർന്ന കഥാപാത്രങ്ങളുടെ ശക്തമായ പങ്കാളിത്തവുമുണ്ട്. നായകനായും സഹനടനായും വില്ലനായും ഹാസ്യതാരമായുമൊക്കെ ഇതിനകം വിവിധ വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള വിജയരാഘവൻ അഭിനയരംഗത്ത് 50 വർഷം പിന്നിടുമ്പോൾ ഇതാദ്യമായാണ് നൂറിനോടടുത്ത് പ്രായം തോന്നിക്കുന്ന കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നതെന്ന പ്രത്യേകതയുമുണ്ട്.

ഇവർക്കൊപ്പം ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി മണിരത്‌നം, ജഗദീഷ്, അബു സലിം, ജോണി ആന്‍റണി, അന്നു ആന്‍റണി, റോഷന്‍ മാത്യു, സരസ ബാലുശ്ശേരി, അരുണ്‍ കുര്യന്‍, ഗംഗ മീര, രാധ ഗോമതി, അരുണ്‍ അജികുമാര്‍, ശരത് സഭ, അരിസ്‌റ്റോ സുരേഷ് തുടങ്ങിയവരും കാവ്യ, നവ്യ, അമൽ, കമൽ എന്നീ പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്.

Read More: മുഖത്തിന്റെ ഒരുവശം കോടിപ്പോയി- ബെൽസ് പാൾസി അവസ്ഥ പങ്കുവെച്ച് മിഥുൻ രമേഷ്

സിഎൻസി സിനിമാസ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറിൽ വിനോദ് ഷൊര്‍ണൂര്‍, തോമസ് തിരുവല്ല എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രൻ നിർവഹിക്കുന്നു. പ്രൊഡക്‌ഷന്‍ ഡിസൈനര്‍: സൂരജ് കുറവിലങ്ങാട്, ചിത്രസംയോജനം: മിഥുന്‍ മുരളി, സംഗീതം, പശ്ചാത്തല സംഗീതം: സച്ചിന്‍ വാര്യര്‍, വസ്ത്രാലങ്കാരം: റാഫി കണ്ണാടിപ്പറമ്പ്, ചമയം: റോണക്‌സ് സേവ്യര്‍, പ്രൊഡക്‌ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിശാഖ് ആര്‍. വാര്യര്‍, നിശ്ചല ഛായാഗ്രഹണം: സിനറ്റ് സേവ്യര്‍, പോസ്റ്റര്‍ ഡിസൈന്‍: അരുണ്‍ തോമസ്, പി.ആര്‍.ഒ-എ.എസ്. ദിനേശ്, മാര്‍ക്കറ്റിംഗ്: സ്നേക്ക്പ്ലാന്റ്.

Story Highlights: Humans of pookkalam video released