രജനികാന്തിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു; ഒരുക്കുന്നത് ജയ് ഭീമിന്റെ സംവിധായകൻ

March 2, 2023

തലൈവർ രജനികാന്തിന്റെ പുതിയ ചിത്രം ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ‘തലൈവർ 170’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജ്ഞാനവേലാണ്. ഏറെ നിരൂപക പ്രശംസയും പ്രേക്ഷകരുടെ കൈയടിയും ഏറ്റുവാങ്ങിയ സൂര്യയുടെ ‘ജയ് ഭീം’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ജ്ഞാനവേൽ. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത് അനിരുദ്ധാണ്. (Rajinikanth new movie)

നെൽസന്റെ ജയിലറാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന രജനി ചിത്രം. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങളായ മോഹൻലാലും രജനികാന്തും ജയിലറിൽ ഒരുമിക്കുകയാണ്. ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളാണ് മോഹൻലാലും രജനികാന്തും. ഇരുതാരങ്ങളും ഒരു ചിത്രത്തിനായി ഒരുമിക്കുന്നുവെന്ന വാർത്ത നേരത്തെ ആരാധകരിൽ വലിയ ആവേശം സൃഷ്‌ടിച്ചിരുന്നു. മോഹൻലാൽ അതിഥി താരമായാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഇരു താരങ്ങളുടെയും ഒരു ചിത്രം കഴിഞ്ഞ ദിവസം ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. രാജസ്ഥാനിൽ വെച്ച് മോഹൻലാലും രജനികാന്തും കണ്ടുമുട്ടിയിരുന്നു. മാലൈക്കോട്ടൈ വാലിബന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മോഹൻലാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജസ്ഥാനിലുണ്ട്. അതേ സമയം ജയിലറിലെ ഒരു ഗാനത്തിന്റെ ചിത്രീകരണത്തിന് വേണ്ടിയാണ് രജനികാന്ത് രാജസ്ഥാനിലെത്തിയത്.

Read More: തമിഴ് നാടോടി നൃത്തത്തിന്റെ ചേലും ഭരതനാട്യവും- വിഡിയോ പങ്കുവെച്ച് ശോഭന

അതേ സമയം ലോകമെങ്ങുമുള്ള രജനികാന്ത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജയിലർ.’ ചിത്രത്തിൽ വിനായകനും നടി രമ്യ കൃഷ്‌ണനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒരു കാസ്റ്റിംഗ് വിഡിയോയിലൂടെയാണ് ഇരുവരും ചിത്രത്തിലുണ്ടെന്ന് സ്ഥിരീകരണം ഉണ്ടായത്. പടയപ്പ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രജനികാന്തും രമ്യ കൃഷ്‌ണനും ഒരുമിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് ജയിലർ. 23 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്.

Story Highlights: Rajinikanth new movie announced