‘നാട്ടു നാട്ടു’ ഗാനത്തിനൊപ്പം ഓസ്‌കാർ വേദിയിൽ ചുവട് വെയ്ക്കാൻ രാം ചരണും ജൂനിയർ എൻടിആറുമില്ല, പകരമാവുന്നത് മറ്റൊരു നടി

March 12, 2023
Nattu nattu at the oscars

ഇന്നാണ് ലോകമെങ്ങുമുള്ള സിനിമ ആരാധകർ കാത്തിരിക്കുന്ന ഓസ്‌കാർ അവാർഡ് ദാനച്ചടങ്ങ്. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ വെച്ചാണ് ചടങ്ങ് നടക്കുന്നത്. ഇന്ത്യൻ സമയം തിങ്കളാഴ്ച്ച രാവിലെ 5.30 നാണ് അവാർഡ് ദാനചടങ്ങ്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിൽ ചടങ്ങ് തത്സമയം കാണാൻ കഴിയും. ഇത്തവണ ഇന്ത്യൻ സിനിമ ആരാധകരും വലിയ ആവേശത്തിലാണ്. ഗോൾഡൻ ഗ്ലോബ് അടക്കമുള്ള പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കിയ ആർആർആറിലെ “നാട്ടു നാട്ടു..” എന്ന ഗാനത്തിന് ഓസ്‌കാർ നാമനിർദേശം ലഭിച്ചിട്ടുണ്ട്. ഗാനം പുരസ്ക്കാരം ഏറ്റുവാങ്ങുമെന്നാണ് ഇന്ത്യൻ സിനിമ ലോകം പ്രതീക്ഷിക്കുന്നത്.

മികച്ച ഗാനത്തിന് നാമനിർദേശം ഉള്ളത് കൊണ്ട് തന്നെ ചടങ്ങിൽ ലൈവായി ഗാനം അവതരിപ്പിക്കുന്നുണ്ട്. സംഗീത സംവിധായകൻ എം.എം കീരവാണി തത്സമയം ഗാനത്തിന് സംഗീതമൊരുക്കുമ്പോൾ രാഹുല്‍ സിപ്ലിഗഞ്ചും കാലഭൈരവയും ചേർന്ന് ഗാനം ആലപിക്കും. എന്നാൽ രാം ചരണും ജൂനിയർ എൻടിആറും വേദിയിൽ ചുവട് വെയ്ക്കാനുണ്ടാവില്ല എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. പകരം അമേരിക്കൻ അഭിനേത്രിയും നർത്തകിയുമായ ലോറന്‍ ഗോട്‌ലീബായിരിക്കും ഗാനത്തിന് ചുവട് വെയ്ക്കുന്നത്.

അതേ സമയം ഷൗനക് സെൻ സംവിധാനം ചെയ്ത All that breaths, കാർത്തികി ഗോൺസാൽവസിന്റെ The elephant whisperers എന്നീ ഡോക്യുമെന്ററികളാണ് ഇന്ത്യയുടെ മറ്റ് പ്രതീക്ഷകൾ. ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമായി ദീപിക പദുക്കോൺ തൊണ്ണൂറ്റിയഞ്ചാം ഓസ്കാർ ചടങ്ങിനെത്തും. വിജയികൾക്ക് പുരസ്കാരം സമ്മാനിക്കുന്ന ഇരുപത്തിയെട്ട് പേരിൽ ഒരാളാണ് ദീപിക.

Read More: ‘ചേച്ചിക്ക് കരൾ നൽകി ജീവൻ പകരാൻ തയ്യാറായ ഞങ്ങളുടെ ജിഷ ചിറ്റ’- ഫേസ്ബുക്ക് പോസ്റ്റുമായി സുബിയുടെ സഹോദരൻ

മികച്ച ചിത്രത്തിനായി കടുത്ത മത്സരമാണ് ഇത്തവണയുള്ളത്. ജയിംസ് കാമറൂണിന്റെ Avatar the way of water, സ്‌റ്റീവൻ സ്‌പിൽബെർഗിന്റെ The Fablemans, Elvis, Everything Everywhere All at Once, The Banshees of Insherin, ടോം ക്രൂസിന്റെ Top Gun:Maverick എന്നീ ചിത്രങ്ങളാണ് മികച്ച സിനിമയ്ക്കുള്ള അവാർഡ് നേടാൻ ഏറെ സാധ്യത കൽപ്പിക്കപ്പെടുന്ന ചിത്രങ്ങൾ.

Story Highlights: Ram charan and ntr jr will not perform nattu nattu at the oscars