50-ാം പിറന്നാളിന് സച്ചിന് അമൂല്യമായ സമ്മാനമൊരുങ്ങുന്നു; മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ താരത്തിന്റെ പ്രതിമ സ്ഥാപിക്കും

March 1, 2023
Sachin's statue

ലോക ക്രിക്കറ്റിലെ ഇതിഹാസ താരമായ സച്ചിൻ അൻപതാം പിറന്നാൾ ആഘോഷിക്കാനൊരുങ്ങുകയാണ്. ക്രിക്കറ്റ് ദൈവത്തിന്റെ പിറന്നാൾ വിപുലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകർ. ഏപ്രിൽ 24 നാണ് സച്ചിന്റെ പിറന്നാൾ. അതേ സമയം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് സച്ചിൻ വിരമിച്ചിട്ട് പത്ത് വർഷമാവുകയാണ്. അത് കൊണ്ട് തന്നെ താരത്തിനായി വലിയ സർപ്രൈസുകളും ആഘോഷങ്ങളുമാണ് ആരാധകർ ഈ വർഷം ഒരുക്കുന്നത്. (Sachin’s 50th birthday gift)

50-ാം പിറന്നാളിനോട് അനുബന്ധിച്ച് സച്ചിന്റെ പ്രതിമ സ്ഥാപിക്കാനൊരുങ്ങുകയാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ. വാങ്കഡെ സ്റ്റേഡിയത്തിലായിരിക്കും പ്രതിമ സ്ഥാപിക്കുന്നത്. ഇന്ത്യയിൽ ഈ വർഷം നടക്കുന്ന ലോകകപ്പ് വേളയിലായിരിക്കും സച്ചിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. ഇതിനെ പറ്റി സച്ചിനോട് സംസാരിച്ചിട്ടുണ്ടെന്നാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അമോൽ കാലെ പറഞ്ഞത്.

വിരമിച്ചിട്ട് പത്ത് വർഷമായെങ്കിലും ആരാധകരുടെ ഉള്ളിൽ ഒരു വലിയ സ്ഥാനം തന്നെയാണ് സച്ചിന് ഇന്നുമുള്ളത്. ലോക കായിക ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതി ചേർക്കപ്പെട്ടതാണ് സച്ചിന്റെ ക്രിക്കറ്റ് ജീവിതം. ഇന്നും സച്ചിനെ സംബന്ധിച്ചുള്ള വാർത്തകളൊക്കെ വലിയ താൽപര്യത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

Read More: സച്ചിന്റെ ഇരട്ട സെഞ്ചുറി; ചരിത്ര നേട്ടത്തിന് ക്രിക്കറ്റ് ലോകം സാക്ഷിയായിട്ട് ഇന്ന് 13 വർഷം

കഴിഞ്ഞ ദിവസം സച്ചിന്റെ ഇരട്ട സെഞ്ചുറിയുടെ പതിമൂന്നാം വാർഷികം ക്രിക്കറ്റ് പ്രേമികൾ ആഘോഷിച്ചിരുന്നു. ക്രിക്കറ്റിലെ ചരിത്ര നേട്ടമായിരുന്നു ഇതിഹാസ താരത്തിന്റെ ഇരട്ട സെഞ്ചുറി. 13 വർഷങ്ങൾക്ക് മുൻപ് ഫെബ്രുവരി 24 നാണ് സച്ചിൻ ഏകദിന ക്രിക്കറ്റിലെ ആദ്യ ഇരട്ട സെഞ്ചുറി നേടുന്നത്. ഗ്വാളിയോറിൽ ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിലായിരുന്നു ആരാധകർ അപൂർവ നേട്ടത്തിന് സാക്ഷിയായത്. ഇരട്ട സെഞ്ചുറികൾ പിന്നീട് നിരവധി താരങ്ങൾ നേടിയിട്ടുണ്ടെങ്കിലും ആദ്യ ഇരട്ട സെഞ്ചുറി എന്ന സുവർണ നേട്ടം എക്കാലവും സച്ചിന് മാത്രം അവകാശപ്പെട്ടതാണ്.

Story Highlights: Sachin’s statue will be unveiled on his 50th birthday