പ്രഭാസ്-പൃഥ്വിരാജ് ചിത്രം ‘സലാർ’ പാൻ ഇന്ത്യനല്ല, പാൻ വേൾഡ്; ചിത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പും ഒരുങ്ങുന്നു

March 22, 2023
Salaar pan world release

ലോകമെങ്ങുമുള്ള സിനിമ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസിന്റെ ‘സലാർ.’ വമ്പൻ ഹിറ്റായ കെജിഎഫിന്റെ സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രമായതിനാൽ ദൃശ്യവിസ്‌മയം തന്നെയായിരിക്കും ചിത്രമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. സൂപ്പർ താരം പൃഥ്വിരാജും ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. (Salaar pan world release)

സലാർ പാൻ ഇന്ത്യൻ അല്ല പാൻ വേൾഡ് റിലീസാണ് ലക്ഷ്യമിടുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. വിവിധ ഇന്ത്യൻ ഭാഷാപതിപ്പുകൾക്കൊപ്പം ചിത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പും അണിയറയിൽ ഒരുങ്ങുന്നുവെന്നാണ് അറിയാൻ കഴിയുന്നത്. ഇതോടെ ലോകമെങ്ങുമുള്ള സിനിമ പ്രേക്ഷകരെ ലക്ഷ്യമിട്ടായിരിക്കും സലാർ എത്തുകയെന്ന് ഉറപ്പായി.

നേരത്തെ സലാറിലെ നടൻ പൃഥ്വിരാജ് സുകുമാരന്റെ ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പങ്കുവെച്ചിരുന്നു. വരദരാജ മന്നാര്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. കറുത്ത ഗോപിക്കുറിയണിഞ്ഞ് കഴുത്തിലും മൂക്കിലുമെല്ലാം ആഭരണങ്ങള്‍ അണിഞ്ഞ് ഒരു വില്ലന്‍ ഛായയിലാണ് ഫസ്റ്റ് ലുക്കില്‍ പൃഥ്വിരാജിനെ കാണാൻ കഴിയുന്നത്. സലാറിൽ താനും പൃഥ്വിരാജും ഒന്നിച്ച് അഭിനയിക്കുന്നുണ്ടെന്ന് പ്രഭാസ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ നേരത്തെ അറിയിച്ചത്. മികച്ചൊരു നടനാണ് അദ്ദേഹമെന്നും പൃഥ്വിരാജിനൊപ്പം അഭിനയിക്കാൻ അവസരമൊരുക്കിയ അണിയറപ്രവർത്തകർക്ക് നന്ദിയുണ്ടെന്നും പ്രഭാസ് പറഞ്ഞു.

Read More: മകൾ പിറന്നു- സന്തോഷം പങ്കുവെച്ച് ഗിന്നസ് പക്രു

അതേ സമയം സലാറിന്റെ റിലീസ് തീയതി നേരത്തെ തന്നെ പുറത്തു വിട്ടിരുന്നു. 2023 സെപ്റ്റംബർ 28 ന് ലോകത്താകമാനം ചിത്രം റിലീസ് ചെയ്യുമെന്നാണ് ഹോംബാലെ ഫിലിംസ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചു കൊണ്ടാണ് നിർമ്മാതാക്കൾ റിലീസ് തീയതി അറിയിച്ചത്. പ്രഭാസ് ഇരട്ട വേഷത്തിലാണ് ചിത്രത്തിൽ അഭിനയിക്കുന്നതെന്നാണ് സൂചന. രണ്ട് കാലഘട്ടങ്ങളിൽ നടക്കുന്ന കഥകളിൽ വ്യത്യസ്‌തമായ രണ്ട് റോളുകളിലാണ് പ്രഭാസെത്തുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ ബാഹുബലിയിലും പ്രഭാസ് ഡബിൾ റോളിലെത്തിയിരുന്നു. ഇന്ത്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവടങ്ങളിലായിരിക്കും സലാറിന്റെ ചിത്രീകരണം നടക്കുന്നത്.

Story Highlights: Salaar will also release in english