മകൾ പിറന്നു- സന്തോഷം പങ്കുവെച്ച് ഗിന്നസ് പക്രു

March 21, 2023

മലയാളികളുടെ മനസ്സിൽ കൗതുകവും സ്നേഹവും ഒരുപോലെ നിറച്ച അഭിനേതാവാണ്‌ ഗിന്നസ് പക്രു. ഉയരക്കുറവിനെ വിജയമാക്കി മാറ്റിയ പ്രിയതാരം മറ്റു ഭാഷകളിലും സുപരിചിതനാണ്. ഇപ്പോഴിതാ, രണ്ടാമത്തെ മകൾ പിറന്ന സന്തോഷം പങ്കുവയ്ക്കുകയാണ് ഗിന്നസ് പക്രു. ആദ്യത്തെ മകളായ ദീപ്ത കീർത്തി കുഞ്ഞിനെ എടുത്തുനിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് പക്രു സന്തോഷവാർത്ത പങ്കുവെച്ചത്.

ചേച്ചിയമ്മ എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. മകൾ പിറന്നെന്നും കുറിച്ചിട്ടുണ്ട്. എറണാകുളം അമൃതാ ഹോസ്പിറ്റലിലാണ് ഗിന്നസ് പക്രുവിന്റെ ഭാര്യ ഗായത്രി കുഞ്ഞിന് ജന്മം നൽകിയത്. അതേസമയം, നിരവധി സിനിമാതാരങ്ങളും ആരാധകരും ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. 2006 ലാണ് ഗിന്നസ് പക്രു, ഗായത്രിയെ വിവാഹം ചെയ്തത്.

തന്റെ വിശേഷങ്ങളും സിനിമാ ഓർമ്മകളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ഗിന്നസ് പക്രു പങ്കുവയ്ക്കാറുണ്ട്. ഗിന്നസ് പക്രുവിന്റെ വിവാഹവും കുഞ്ഞിന്റെ ജനനവുമെല്ലാം ആരാധകർ ആഘോഷമാക്കിയിരുന്നു. മൂത്ത മകൾ ദീപ്ത കീർത്തി അച്ഛന്റെ വിശേഷങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ്.

Read Also: ഹിറ്റ് ബോളിവുഡ് ഗാനത്തിന് ചുവടുവെച്ച് ജയസൂര്യയുടെ മകൾ വേദ- വിഡിയോ

 മിമിക്രി വേദിയിൽ നിന്നും വെള്ളിത്തിരയിലേക്ക് എത്തിയ പക്രു ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന പേരിൽ ഗിന്നസ് റെക്കോർഡിലും കയറി. 1984ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി പക്രു വരുന്നത്. വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ നടൻ എന്നതിലുപരി സംവിധായകൻ,നിർമാതാവ് തുടങ്ങിയ നിലയിലെല്ലാം ശ്രദ്ധേയനാകുകയാണ് പക്രു.

Story highlights- guinness pakru blessed with baby girl