‘ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നില്ല, മരിച്ചു പോയി എന്നും ഞാൻ വിശ്വസിക്കുന്നില്ല’- നൊമ്പരത്തോടെ സലീം കുമാർ

March 27, 2023

സിനിമയിൽ ഒട്ടേറെ സൗഹൃദങ്ങൾ കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു ഇന്നസെന്റ്. അതിലുപരി പരിചയെപ്പടുന്നവരിലെല്ലാം സ്വന്തം കുടുംബാംഗം എന്ന തോന്നലുളവാക്കിയ വ്യക്തിത്വമായിരുന്നു. മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ് തുടങ്ങിയവർക്കെല്ലാം സ്വന്തം ചേട്ടനോടുള്ള അടുപ്പം ഇന്നസെന്റുമായി ഉണ്ടായിരുന്നു. അതിനാൽ തന്നെ അവർക്ക് അനശ്വര നടന്റെ വേർപാട് അങ്ങേയറ്റം വേദനയാണ് പകരുന്നതും. നടൻ സലീം കുമാറുമായി ഇന്നസെന്റിന് ഉണ്ടായിരുന്നത് അഭേദ്യമായ സൗഹൃദമായിരുന്നു. അത്രയും വൈകാരികമായ ഒരു കുറിപ്പാണ് സലീം കുമാർ പങ്കുവെച്ചിരിക്കുന്നതും.

‘ഇന്നസെന്റ് എന്ന ചിരിമഴ പെയ്തു തീർന്നു. എങ്കിലും ആ മഴ ചങ്കിലെ വൃക്ഷ തലപ്പുകളിൽ ബാക്കി വച്ചിട്ട് പോയ മഴത്തുള്ളികൾ ഓർമ്മകളുടെ നനുത്ത കാറ്റിൽ ജീവിതാവസാനം വരെ നമ്മളിൽ പെയ്തുകൊണ്ടേയിരിക്കും. ഇന്നസെന്റ് ചേട്ടന് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നില്ല, മരിച്ചു പോയി എന്നും ഞാൻ വിശ്വസിക്കുന്നില്ല, അദ്ദേഹം ദൂരെ എവിടെയോ, നമുക്കൊന്നും കാണാൻ പറ്റാത്ത ഒരു ലൊക്കേഷനിൽ ഷൂട്ടിങ്ങിന് പോയതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാനുമുണ്ട് ആ സിനിമയിൽ പക്ഷേ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല, ആവും, ആവാതിരിക്കാൻ പറ്റില്ലലോ.
എന്നാലും മാസത്തിൽ രണ്ടു തവണയെങ്കിലും എന്റെ ഫോണിൽ തെളിഞ്ഞു വരാറുള്ള Innocent എന്ന പേര് ഇനി മുതൽ വരില്ല എന്നോർക്കുമ്പോൾ…’- സലീം കുമാർ കുറിക്കുന്നു.

Read also: മരിച്ചു കിടക്കുന്ന അമ്മയെ കെട്ടിപ്പിടിച്ചു കരയുന്ന കുഞ്ഞ് ലംഗൂർ; നൊമ്പരമായൊരു കാഴ്ച്ച-വിഡിയോ

അതേസമയം, ഇന്നലെ രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരത്തിന്റെ ആരോഗ്യനില മോശമായി തുടരുകയായിരുന്നു. അർബുദത്തെ തുടർന്നുണ്ടായ ചില ശാരീരിക അസ്വസ്ഥതകൾ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാൻസറിന് നേരത്തെയും ചികിത്സ തേടിയിട്ടുള്ള ഇന്നസെന്റ്, രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയാണ്.കാൻസർ രോഗത്തെ തന്റെ ഇച്ഛാശക്തിയോടെ നേരിട്ട വ്യക്തിയായിട്ടാണ് നടൻ ഇന്നസെന്റ് അറിയപ്പെടുന്നത്. കാൻസർ വാർഡിലെ ചിരി എന്നത് ഉൾപ്പടേയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.

Story highlights- salim kumar about innocent