‘മറന്നു കിടന്ന ചില പഴയ പാട്ടുകളിലൂടെ ടോപ് സിംഗറിലെ കുട്ടി ഗായകർ പകരുന്ന ആശ്വാസം..’; ശ്രദ്ധനേടി ശാരദക്കുട്ടിയുടെ കുറിപ്പ്

March 15, 2023

ഫ്ളവേഴ്സ് ടോപ് സിംഗർ മലയാളികൾക്കെന്നും പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ്. കേൾക്കാൻ കൊതിയ്ക്കുന്ന സുന്ദരഗാനങ്ങൾക്കൊപ്പം കുരുന്നുകളുടെ കളിയും ചിരിയും അരങ്ങേറുന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മൂന്നാം സീസണിലേക്ക് കടന്നിരിക്കുകയാണ്. സർഗപ്രതിഭകളായ ഒട്ടേറെ ഗായകരാണ് ഈ വേദിയിൽ മാറ്റുരയ്ക്കുന്നത്. മലയാള നിരൂപകയും പരിഭാഷകയുമായ എസ്.ശാരദക്കുട്ടി ഇപ്പോഴിതാ, ടോപ് സിംഗർ എപ്പിസോഡുകൾ എത്രത്തോളം ആസ്വാദകർക്ക് ആശ്വാസം പകരുന്നുവെന്ന് പങ്കുവെച്ചിരിക്കുകയാണ്. ഫ്‌ളവേഴ്‌സ് ചാനലിലെ ടോപ് സിംഗറിലെ കുട്ടി ഗായകർ മറന്നു കിടന്ന ചില പഴയപാട്ടുകൾ പെട്ടെന്ന് ഓർമ്മിപ്പിക്കുന്നു എന്നുപറഞ്ഞുകൊണ്ട് ഹൃദ്യ ഗാനങ്ങളെക്കുറിച്ച് മനോഹരമായ ഗൃഹാതുരത പങ്കുവയ്ക്കുകയാണ് എസ്. ശാരദക്കുട്ടി.

ശാരദക്കുട്ടിയുടെ വാക്കുകൾ;

നാടു കത്തുമ്പോൾ പാട്ടു പാടാമോ? വീണ വായിക്കാമോ?
സങ്കടങ്ങൾക്കും അമർഷങ്ങൾക്കും ഇടയിൽ ഞെരുങ്ങുകയും ശ്വാസം മുട്ടുകയും ചെയ്യുമ്പോൾ പാട്ടുകൾ രക്ഷക്കെത്താറുണ്ട്. ഫ്‌ളവേഴ്‌സ് ചാനലിലെ ടോപ് സിംഗറിലെ കുട്ടി ഗായകർ മറന്നു കിടന്ന ചില പഴയപാട്ടുകൾ പെട്ടെന്ന് ഓർമ്മിപ്പിക്കുന്നു. അത് ഒരാശ്വാസമാണ്. ദേവരാജൻ മാസ്റ്ററെ ഓർമ്മിപ്പിച്ച ഇന്നലത്തെ എപ്പിസോഡ് ശരിക്കും ഒരു കുളിർമഴയായി.


ഇന്നലെ മുതൽ രണ്ട് അതിമനോഹര ഗാനങ്ങൾ ഞാൻ പാടുകയാണ്. എന്റെ കൗമാര – യൗവ്വനങ്ങളിലെ സംഭവ മലരുകളെ വീണ്ടുമുണർത്തിയെടുത്തു ജി. ദേവരാജന്റെ ഈ രണ്ടു ഗാനങ്ങൾ. പി.ഭാസ്കരനാണ് അച്ചാണിയിലെ സമയമാം നദി പിറകോട്ടൊഴുകി സ്മരണ തൻ പൂവണിത്താഴ് വരയിൽ എന്ന അതിമനോഹര ഗാനമെഴുതിയത്. പി.സുശീല യുടെ ശബ്ദത്തിൽ “ജനനീ ജനനീ ജനിത സ്നേഹത്തിൻ മായാ തരംഗിണി … തരംഗിണീ…” എന്ന ഭാഗം കേൾക്കാൻ എന്റെയമ്മക്ക് എന്തിഷ്ടമായിരുന്നു. പ്രത്യേകിച്ച് ആ രണ്ടാമത്തെ ത..രം ..ഗി ..ണീ… എത്ര കേട്ടാലും മതിയാവില്ല. ട്രാൻസിസ്റ്റർ റേഡിയോ ചെവിയിലടുപ്പിച്ചു വെച്ച് ഈ പാട്ട് ആസ്വദിച്ച്, ചെറുപുഞ്ചിരി പോലെ അമ്മ ഇന്നലെ എനിക്കൊപ്പമാണ് ഉറങ്ങിയത്. ആ സ്പർശവും ഗന്ധവും എനിക്കു കിട്ടുന്നുണ്ടായിരുന്നു. അമ്മ മൂളുന്നതു പോലും ഞാൻ കേൾക്കുന്നുണ്ടായിരുന്നു.


അതെ ….”അമ്മ വന്നുമ്മ വെച്ചുണർത്തീ പിന്നെ – അത്ഭുതനാഗത്തിൻ കഥ പറഞ്ഞൂ ….”
പാട്ടിൽ അത് അത്ഭുതനാഗമല്ല , അത്ഭുതാ…. നാഗമാണ് …. ഹൊ…. p. സുശീലക്ക് മാത്രം സാധ്യമായ ഒരനുനാസിക മാന്ത്രികത !!
രണ്ടാമത്തെ പാട്ട് ഊഞ്ഞാലെന്ന ചിത്രത്തിലെ “വേമ്പനാട്ടു കായലിൽ നീന്തി നീരാടി ….വേടമലയുടെ മുടിയിലാകെ പരിമളം പൂശി ” എന്നതാണ്. മാധുരിയുടെ ഈ ഗാനത്തോട് ചില പ്രത്യേക കാരണങ്ങളാൽ വലിയ ഇഷ്ടം.. മാധുരി എന്റെയും അമ്മയുടെയും ഒട്ടേറെ ഇഷ്ടഗാനങ്ങൾ പാടിയിട്ടുണ്ട്.
” വേലകളിയുടെ ചുവടിനൊത്ത് ചൂളവും കുത്തി വേണാടൻ തെന്നലലസം പടികടന്നെത്തി… “


ബിച്ചു തിരുമലയുടെ പ്രണയ ഗാനങ്ങളിൽ പൊതുവേ ഇത്തിരി പ്രസരിപ്പ് കൂടുതലാണ്. 70 കളിലെ യുവത്വം പ്രണയത്തിന്റെ അലസപ്രഹരമേറ്റത് ബിച്ചു തിരുമലയുടെ വരികളിലാണ്. മാധുരിയുടെ ശബ്ദത്തിലെ കുസൃതി നിറഞ്ഞ പ്രണയത്തള്ളലാണ് ഈ പാട്ടിനെ വ്യത്യസ്തമാക്കുന്നത്. “ശയനവിരികളിലലകൾ നെയ്തും കുസൃതി കാണിച്ചും
അവിടെയിവിടെയലഞ്ഞു പവനൻ വെളിയിലേക്കൊഴുകീ ..” ഇതൊക്കെ കണ്ടു കണ്ട് ഒളിഞ്ഞു നിന്നിട്ടുണ്ട് എന്റെ യൗവ്വനം.
” അതു വരെ ചിരി തൂകി നിന്നൊരരളി മലരിതളിൽ
അലസമൊരു ചെറു പ്രഹരമേകിയവൻ പറന്നേ പോയീ..”
അതിന്റെ ചെറുലഹരിയിൽ ഇന്നലെ ഞാൻ മറ്റെല്ലാ ഭൗതിക ദുഃഖങ്ങളും മറന്നു പാടി .. നന്ദി. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ..
എസ്. ശാരദക്കുട്ടി

Story highlights- saradhakkutty about top singer