വേനലിൽ ശരീരത്തിന് ജലാംശം പകരുന്ന ഭക്ഷണങ്ങൾ

March 16, 2023

മനുഷ്യശരീരത്തിൽ ഏകദേശം 60 ശതമാനവും ജലാംശമാണ്. അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിലെ ഓരോ പ്രവർത്തനവും ജലത്തെ ആശ്രയിച്ചിരിക്കുന്നു. ഒരാളുടെ ദൈനംദിന ജല ഉപഭോഗത്തിന്റെ ശരാശരി 20% ഭക്ഷണത്തിൽ നിന്നുമാണ് ലഭിക്കുന്നത്. വേനലിൽ ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിന് കുടിവെള്ളത്തെ മാത്രം ആശ്രയിക്കേണ്ടതില്ല. ചില പഴങ്ങളിലൂടെയും പച്ചക്കറികളിലൂടെയും ശരീരത്തിന് ആവശ്യമായ ജലാംശം ലഭിക്കും.

വളരെയധികം ജലാംശം അടങ്ങിയിട്ടുള്ള പച്ചക്കറികളും പഴങ്ങളും പരിചയപ്പെടാം. എല്ലാവിധത്തിലുള്ള ബെറികളും മികച്ച ജലശ്രോതസാണ്. ബ്ലൂ ബെറി, ബ്ലാക്ക് ബെറി തുടങ്ങി എല്ലാ പഴങ്ങളിലും 80 ശതമാനത്തിലധികം ജലാംശം ഉണ്ടെങ്കിലും സ്ട്രോബെറിയിലാണ് ഏറ്റവും അധികമുള്ളത്. സ്ട്രോബെറിയിൽ 91 ശതമാനവും ജലാംശമാണ്.

ക്യാൻസർ കോശങ്ങളോട് പോരാടുന്നതിൽ മികച്ചു നിൽക്കുന്ന ഒന്നാണ് ബ്രോക്കോളി. ഇവയിൽ 91% വെള്ളമാണ്. ബീറ്റാ കരോട്ടിന്റെയും നാരുകളുടെയും നല്ല ഉറവിടമാണ് കാരറ്റ്. മാത്രമല്ല, ആന്റിഓക്‌സിഡന്റ് ഏജന്റുകളുടെ നല്ല ഉറവിടവുമാണ്. കാരറ്റിൽ 90 ശതമാനവും ജലമാണ്.

കോളിഫ്ളവർ പോഷകങ്ങൾ ഇല്ലാത്തതായി തോന്നുമെങ്കിലും ഇത് വിറ്റാമിനുകളും ഫൈറ്റോ ന്യൂട്രിയന്റുകളും കൊണ്ട് സമ്പുഷ്ടമാണ്. കോളിഫ്ലവറിൽ 92 ശതമാനമാണ് ജലാംശം. 92% ജലാംശം, നാരുകൾ, വിറ്റാമിൻ ബി 1, എന്നിവയുടെ നല്ല ഉറവിടമാണ് വഴുതന.അതേസമയം, ഏറ്റവും ഉയർന്ന ജലാംശം വെള്ളരിയിലാണ്, 97 ശതമാനമാണ് ജലാംശം.

Read Also: സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു; അടുത്ത 4 ദിവസം നേരിയ മഴയ്ക്ക് സാധ്യത

ആന്റിഓക്‌സിഡന്റ് ലൈക്കോപീൻ കൂടുതലുള്ള തക്കാളിയിൽ 95% വെള്ളവും അടങ്ങിയിരിക്കുന്നു. ല്യൂട്ടിൻ, പൊട്ടാസ്യം, ഫൈബർ, ഫോളേറ്റ് എന്നിവയാൽ സമ്പന്നമായ ചീര 91% വെള്ളമാണ്. തണ്ണിമത്തനിൽ 92 ശതമാനം ജലാംശമുണ്ട്.

Story Highlights- The Best Fruits And Vegetables For Hydration