മലയാളികളുടെ സ്വീകരണ മുറികളിൽ വസന്തം വിരിഞ്ഞിട്ട് എട്ടുവർഷം; വാർഷിക നിറവിൽ ഫ്ളവേഴ്സ്
മലയാളികളുടെ മാറിവരുന്ന ആസ്വാദന അഭിരുചികൾക്കൊപ്പം വളർന്ന ചാനലാണ് ഫ്ളവേഴ്സ് ടി വി. ജനപ്രിയ ഷോകളും പരമ്പരകളുമായി കഴിഞ്ഞ എട്ടുവർഷമായി ഫ്ളവേഴ്സ് മലയാളികളുടെ സ്വീകരണ മുറികളിൽ കാഴ്ചയുടെ നിറവസന്തം തീർക്കുകയാണ്. എട്ടാം വാർഷികത്തിലും നിറപ്പകിട്ടിന് മാറ്റുകൂട്ടാൻ ഒട്ടേറെ പരമ്പരകളും സജീവമായി തന്നെയുണ്ട്. ഇൻസൈറ്റ് മീഡിയ സിറ്റിയുടെ കീഴിൽ നിന്നും സംപ്രേഷണം ചെയ്യുന്ന മലയാളം ഭാഷാ പൊതു വിനോദ ടെലിവിഷൻ ചാനലാണ് ഫ്ലവേഴ്സ് ടിവി. 2015 ഏപ്രിൽ 12 നാണ് ചാനൽ സംപ്രേഷണം ആരംഭിച്ചത്.
കോമഡി ഉത്സവം, സ്റ്റാർ മാജിക്, ഫ്ളവേഴ്സ് ടോപ് സിംഗർ, ഫ്ളവേഴ്സ് ഒരുകോടി എന്നീ പരിപാടികളാണ് ഫ്ളവേഴ്സ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. അതോടൊപ്പം തന്നെ ചക്കപ്പഴം എന്ന രസകരമായ കുടുംബ പരമ്പരയും സുരഭിയും സുഹാസിനിയും, ഉപ്പും മുളകും എന്നീ കുടുംബ പരമ്പരകളും പ്രേക്ഷകർക്ക് വിരുന്നൊരുക്കുന്നു.
ഫ്ളവേഴ്സ് ടി വിയുടെ നൂതനമായ വളർച്ച ആസ്വാദനത്തിന്റെ മറ്റൊരു തലമാണ് പുതുവർഷത്തിൽ പ്രേക്ഷകർക്ക് സമ്മാനിച്ചത്. ടെലിവിഷനിൽ 12K വിസ്താര സമ്മാനിക്കുന്ന ദൃശ്യമികവാണ് എടുത്തുപറയേണ്ടത്. കുരുന്നു സർഗപ്രതിഭകളുടെ സംഗമ വേദിയായ ഫ്ളവേഴ്സ് ടോപ് സിംഗർ, മിനിസ്ക്രീൻ താരങ്ങളുടെ ചിരി വിരുന്നായ സ്റ്റാർ മാജിക് എന്നീ ജനപ്രിയ ഷോകളിലൂടെ 12K വിസ്താരയുടെ മികവ് ഫ്ളവേഴ്സിന് പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിച്ചു. ടെലിവിഷനിലും ഡിജിറ്റൽ മീഡിയയിലും ഫ്ളവേഴ്സിന് പ്രേക്ഷകർ നൽകുന്ന പിന്തുണയാണ് ഈ വളർച്ചയുടെയെല്ലാം അടിസ്ഥാനം.
ടെലിവിഷന് പുറമെ ഡിജിറ്റൽ മീഡിയയിലും മികച്ച പിന്തുണയാണ് പ്രേക്ഷകർ സമ്മാനിക്കുന്നത്. ഫ്ളവേഴ്സ് പ്രേക്ഷകരുടെ സ്നേഹവും പിന്തുണയും ഏറ്റവുമധികം ലഭിക്കുന്നത് യൂട്യൂബ് ചാനലായ ഫ്ളവേഴ്സ് കോമഡിയിലൂടെയാണ്. ടെലിവിഷനിൽ കണ്ട് മതിയാവാത്ത പ്രിയപ്പെട്ട പരിപാടികൾ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ്, ഫ്ളവേഴ്സ് കോമഡിയിലൂടെ. 2015ൽ ആരംഭിച്ച യൂട്യൂബ് ചാനൽ കഴിഞ്ഞവർഷം ഒരുകോടി സബ്സ്ക്രൈബഴ്സുമായി വിജയത്തിളക്കത്തിലുമെത്തി. പുത്തൻ ആവിഷ്കാരങ്ങളുമായി എട്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ മുന്നോട്ടും പ്രേക്ഷകരുടെ പിന്തുണയാണ് ചാനലിന്റെ ഏറ്റവും വലിയ മുതൽക്കൂട്ട്. അതോടൊപ്പം പുത്തൻ പരമ്പരകളും ഷോകളും സജീവമാകാൻ ഒരുങ്ങുകയാണ്.
Story highlights- 8th anniversary of flowers tv