കരൾരോഗത്തെ തോൽപ്പിച്ചു പുഞ്ചിരിയോടെ ബാല; ചിത്രം പങ്കുവെച്ച് താരം..

April 11, 2023
Bala along with wife elizabeth posts wishes from hospital

കരൾമാറ്റ ശസ്ത്രക്രിയയ്ക്കു ശേഷം ഭാര്യ എലിസബത്തിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് മലയാളികളുടെ പ്രിയ നടൻ ബാല. ഒരു മാസം മുൻപാണ് ഗുരുതരമായ കരൾ രോഗത്തെ തുടർന്ന് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യവാനായി ജീവിതത്തിലേക്ക് മടങ്ങി വന്നു എങ്കിലും ഒരു മാസം കൂടി താരത്തിന് ആശുപത്രിയിൽ തുടരേണ്ടി വരും. എറണാകുളത്തെ അമൃത ആശുപത്രിയിലാണ് നടൻ ഇപ്പോൾ ഉള്ളത്. ( Bala along with wife elizabeth posts wishes from hospital )

ഭാര്യ എലിസബത്തിനോടൊപ്പം ആരാധകർക്ക് ഈസ്റ്റർ ആശംസിച്ചുകൊണ്ടുള്ള ചിത്രമാണ് ബാല തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഏറെ സന്തോഷവാനായുള്ള ബാലയുടെ ചിത്രത്തിന് നിരവധി കമന്റുകളും ലൈക്കുകളുമായി ആരാധകർ മുന്നോട്ട് വന്നിരിക്കുകയാണ്. അടുത്തിടെയായി ഏറെ വിവാദങ്ങളിലൂടെ താരം കടന്നു പോയിരുന്നു. പിന്നീടാണ് കരൾരോഗബാധിതനാകുന്നത്. ആദ്യം ആരോഗ്യനില ഗുരുതരമായിരുന്നുവെങ്കിലും ഇപ്പോൾ തൃപ്തികരമാണ്.

2002ൽ പുറത്തിറങ്ങിയ തെലുങ്കു ചിത്രമായ 2 മച്ച് എന്ന സിനിമയിലൂടെ വന്ന് പിന്നീട് തെന്നിന്ത്യൻ സിനിമകളുടെ പ്രിയ നടൻ ആയി മാറുകയായിരുന്നു ബാല കുമാർ എന്ന ബാല. ഒരുപിടി മലയാള സിനിമകളുടെ ഭാഗമായിരുന്നെങ്കിലും 2009 ൽ പുറത്തിറങ്ങിയ പുതിയ മുഖം എന്ന പൃഥ്വിരാജ് ചിത്രം ബാലയ്ക്ക് ഏറെ ശ്രദ്ധ നേടിക്കൊടുത്തു. ഉണ്ണിമുകുന്ദൻ നായകനായ ഷെഫീക്കിന്റെ സന്തോഷങ്ങൾ എന്ന ചിത്രത്തിലാണ് ബാല അവസാനമായി അഭിനയിച്ചത്. ഇനിയും സിനിമാലോകത്ത് ബാലയുടെ ഒരുപിടി നല്ല കഥാപാത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Story Highlight : Bala along with wife elizabeth posts wishes from hospital