ഹൊറർ ത്രില്ലറുമായി ഷാജി കൈലാസ്; നായികയായി ഭാവന- ‘ഹണ്ട്’ ടീസർ

April 9, 2023

ജനപ്രിയ സംവിധായകൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഹണ്ട്’. ഇത്തവണ ഭാവനയെ നായികയാക്കിയാണ് ഷാജി കൈലാസ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലൂടെ ഭീതിയുടെ ഒരു തലമാണ് സമ്മാനിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ടീസർ പ്രേക്ഷകർക്ക് വേറിട്ടൊരു അനുഭവം അനാവരണം ചെയ്യുമെന്ന് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഒരു ആശുപത്രി പശ്ചാത്തലത്തിലാണ് ‘ഹണ്ട്’ ഒരുക്കിയിരിക്കുന്നത്. ചില അമാനുഷിക ഘടകങ്ങളാൽ നിറഞ്ഞിരിക്കുന്ന ഒരു നിഗൂഢമായ കേസ് കണ്ടെത്താനുള്ള ദൗത്യത്തിൽ ഏർപ്പെടുന്ന ഒരു നഴ്‌സാണ് ഭാവനയുടെ കഥാപാത്രം. ഈ കഥാപാത്രം മാത്രമാണ് ടീസറിൽ ഉള്ളത്.

സംവിധായകൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ടിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മാച്ച്ബോക്സ് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ എഴുത്തുകാരൻ നിഖിൽ ആനന്ദാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും ഭാവനയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഹണ്ട്. ഭാവനയെ കൂടാതെ രഞ്ജി പണിക്കർ, രാഹുൽ മാധവ്, അദിതി രവി, നന്ദു, വിജയകുമാർ, അജ്മൽ അമീർ തുടങ്ങിയ പ്രതിഭാധനരായ അഭിനേതാക്കളുടെ നീണ്ട നിര തന്നെ ‘ഹണ്ടി’ലുണ്ട്.

അതേസമയം, ‘നമ്മള്‍’ എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ നടിയാണ് ഭാവന. സ്വയസിദ്ധമായ അഭിനയശൈലികൊണ്ട് താരം ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയയായി. സിഐഡി മൂസ, ക്രോണിക് ബാച്ച്ലർ, ദൈവനാമത്തില്‍, ചിന്താമണി കൊലക്കേസ്, ലോലീപോപ്പ്, നരന്‍, ചെസ്സ്, മുല്ല തുടങ്ങി നിരവധി മലയാള സിനിമകളില്‍ ഭാവന പ്രധാന കഥാപാത്രമായെത്തി. പൃഥ്വിരാജ് നായകനായെത്തിയ ആദം ജോണാൽ അഭിനയിച്ച ശേഷം നീണ്ട ഇടവേളയിലായിരുന്നു ഭാവന.

Read Also: ഐസിൽ പമ്പരം പോലെ ചുറ്റിക്കറങ്ങി ഒരു 62 കാരി; അമ്പരപ്പിക്കുന്ന സ്കേറ്റിംഗ് പ്രകടനം-വിഡിയോ

വിവാഹശേഷമുള്ള ചെറിയ ഇടവേളയ്ക്ക് ശേഷം അന്യഭാഷകളിലേക്ക് ചേക്കേറിയ താരം ’96’ എന്ന തമിഴ് ചിത്രത്തിന്റെ കന്നഡ റീമേക്കായ ’99’ ലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തി. അഞ്ചു വർഷത്തിന് ശേഷം ‘ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന്’ സിനിമയിലൂടെയാണ് മലയാളത്തിൽ വീണ്ടും സജീവമായത്.

Story highlights- bhavana hunt movie teaser