‘എന്റെ കുട്ടിക്ക് ഇന്ന് നാല് വയസ്സ് തികയുമ്പോൾ..’- ഹൃദ്യമായ കുറിപ്പുമായി കുഞ്ചാക്കോ ബോബൻ

April 17, 2023

മലയാളത്തിലെ ചോക്ലേറ്റ് നായകനായാണ് കുഞ്ചാക്കോ ബോബൻ അറിയപ്പെടുന്നത്. ഓൺസ്‌ക്രീനിലും ഓഫ്‌സ്ക്രീനിലും ആ മധുരം കാത്തുസൂക്ഷിക്കുന്ന ചാക്കോച്ചൻ തൊണ്ണൂറുകളിൽ നിരവധി ഹൃദയങ്ങൾ കവർന്നിരുന്നു. മാത്രമല്ല, തന്റെ ഏറ്റവും വലിയ ആരാധികയായിരുന്ന പ്രിയയെയാണ് നടൻ വിവാഹം കഴിച്ചതും. വിവാഹം കഴിഞ്ഞ് പതിനാലുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവർക്ക് ഇസഹാക്ക് പിറന്നത്. ഇസഹാക്കിന്റെ ഓരോ വിശേഷങ്ങളും കുഞ്ചാക്കോ ബോബനും പ്രിയയും പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, ഇസുവിന് നാലുവയസ് തികഞ്ഞിരിക്കുകയാണ്. ഇസഹാക്ക് പിറന്ന ദിവസത്തെ ചിത്രവും നാലാം വയസ്സിലെ ചിത്രവും കൂടിയാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ഹൃദ്യമായ ഒരു കുറിപ്പുമുണ്ട്. ‘ഒന്നാം ദിവസം മുതൽ 1461 ദിവസം വരെ..എന്റെ കുട്ടിക്ക് ഇന്ന് നാല് വയസ്സ് തികയുമ്പോൾ, സമയം എങ്ങനെ പറക്കുന്നു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല !!! ജീവിതം വാഗ്ദാനം ചെയ്യുന്നതെല്ലാം നിങ്ങൾ അനുഭവിച്ച് ഒരു നല്ല മനുഷ്യനായി വളരുമെന്ന് പ്രതീക്ഷിക്കുന്നു.
നിന്റെ മുഖത്ത് പുഞ്ചിരി നിലനിർത്തുക, എല്ലാവരുടെയും മുഖത്തെ പുഞ്ചിരിക്ക് കാരണമാവുക !! ഇസു ബോയ്ക്ക് ജന്മദിനാശംസകൾ..’.

മലയാളികളുടെ പ്രിയങ്കരനായ താരപുത്രനാണ് ഇസഹാക്ക്. കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകനായ ഇസഹാക്കിന്റെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. ജീവിതത്തിലേക്ക് ഇസഹാക്ക് എത്തിയതോടെ കുഞ്ചാക്കോ ബോബന്റെ ലോകം തന്നെ കുഞ്ഞിലേക്ക് ഒതുങ്ങി. ഒട്ടേറെ വിശേഷങ്ങളാണ് കുഞ്ചാക്കോ ബോബൻ ഇസുവിന്റേതായി പങ്കുവയ്ക്കുന്നത്.

Read Also: മരിച്ചു കിടക്കുന്ന അമ്മയെ കെട്ടിപ്പിടിച്ചു കരയുന്ന കുഞ്ഞ് ലംഗൂർ; നൊമ്പരമായൊരു കാഴ്ച്ച-വിഡിയോ

ലോക്ക് ഡൗൺ സമയത്ത് ഇസഹാക്കിന്റെ ഒട്ടേറെ വിശേഷങ്ങൾ കുഞ്ചാക്കോ പങ്കുവെച്ചിരുന്നു. കൊവിഡ്-19 പ്രതിസന്ധിയിലായിരുന്നതിനാൽ കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ഇസഹാക്കിന്റെ ഒന്നാം പിറന്നാളും രണ്ടാം പിറന്നാളും ആഘോഷ വിശേഷങ്ങളും കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരുന്നു. നീണ്ട പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയക്കും കുഞ്ഞു പിറന്നത്. മലയാളികൾ ഓരോരുത്തരും അവർക്കായി പ്രാർത്ഥനയോടെ കാത്തിരുന്നു. 

Story highlights- kunchacko boban shares sweet note about son