കാത്തിരിപ്പിന് വിരാമം; ‘മലൈക്കോട്ടൈ വാലിബന്‍’ ഫസ്റ്റ് ലുക്ക് പുറത്ത്

April 14, 2023
Malaikottai valiban first look poster

മോഹൻലാൽ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമയാണ് ‘മലൈക്കോട്ടൈ വാലിബന്‍’. സിനിമയുമായി ബന്ധപ്പെട്ട ഓരോ അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ കാത്തിരിപ്പുകൾക്ക് ഒടുവിൽ മലൈക്കോട്ടൈ വാലിബന്‍റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ.

‘ഇപ്പോൾ, കാത്തിരിപ്പിന് ഒരു മുഖമുണ്ട്! മലയ്ക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് നിങ്ങൾക്ക് സമർപ്പിക്കുന്നു! ഈ സിനിമയ്ക്ക് ജീവൻ നൽകാനുള്ള ഞങ്ങളുടെ യാത്രയിൽ പ്രോത്സാഹിപ്പിക്കുക’, എന്നാണ് ഫസ്റ്റ് ലുക്ക് പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍ കുറിച്ചത്.

Read also: ‘എനിക്ക് ഇഷ്ടമാണ്, പക്ഷെ അത് അങ്ങനെ പറയാൻ പറ്റില്ല’; വിധികർത്താക്കളെ പൊട്ടിച്ചിരിപ്പിച്ച് മേധക്കുട്ടി

രാജസ്ഥാനിലെ ചിത്രീകരണം പൂർത്തിയായ വിവരം ഏപ്രിൽ അഞ്ചിന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി അറിയിച്ചിരുന്നു. ഏറ്റവും പ്രയാസമുള്ള രംഗങ്ങളാണ് രാജസ്ഥാനിൽ ചിത്രീകരിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞത്. ചെന്നൈയിൽ ആണ് അടുത്ത ഷെഡ്യൂൾ. ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേർന്നാണ് മലൈക്കോട്ടൈ വാലിബന്റെ നിർമ്മാണം.

മോഹൻലാലിനൊപ്പം മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വർമ്മ, മണികണ്ഠ രാജൻ, സുചിത്ര നായർ, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന മലൈകോട്ടൈ വാലിബൻ മലയാളത്തിന് പുറമെ ഇന്ത്യയിലെ മറ്റു പ്രധാന ഭാഷകളിൽ റിലീസാകും. ‘ആമേന്’ ശേഷം ലിജോയ്ക്ക് വേണ്ടി പിഎസ് റഫീക്ക് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ക്യാമറ ചലിപ്പിക്കുകയാണ്. പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.

Story highlights – Malaikottai valiban first look poster