യാത്രക്കാർക്ക് ചൂടിൽ നിന്ന് രക്ഷനേടാൻ ദാഹജലം; മുംബൈ നഗരത്തിൽ വ്യത്യസ്തനായൊരു ഓട്ടോറിക്ഷക്കാരൻ

April 4, 2023

ട്വിറ്ററിലും മറ്റു സമൂഹ മാധ്യമങ്ങളിലും ഏറെ ശ്രദ്ധ നേടിയ വാർത്തയാണ് മുംബൈയിലെ യാത്രക്കാർക്കായി ദാഹജലം ഒരുക്കിയ ഓട്ടോ ഡ്രൈവറുടേത്. ചൂട് അതി കഠിനമായിക്കൊണ്ടിരിക്കുകയാണ് മുംബൈ നഗരത്തിൽ. പുറത്തിറങ്ങുന്നവർ ചൂടിൽ തളർന്നു പോകുന്ന കാഴ്ച സ്ഥിരമാണ്. എന്നാൽ തന്റെ വണ്ടിയിൽ കയറുന്ന യാത്രക്കാരുടെ യാത്രയെ സുഗമമാക്കാൻ ഓട്ടോയ്ക്കുള്ളിൽ സൗജന്യമായി കുപ്പിവെള്ളം നൽകുകയാണ് ഈ ഓട്ടോറിക്ഷക്കാരൻ.

ഓട്ടോയ്ക്കുള്ളിൽ വൈഫൈ സംവിധാനവും സംഗീതം ആസ്വദിക്കാൻ വഴികൾ ഒരുക്കുന്നതും ഒക്കെ ഇതിനു മുൻപും കണ്ടിട്ടുണ്ടെങ്കിലും ഈ കാഴ്ച ഏറെ വ്യത്യസ്തമാവുകയാണ്. വേനൽ ചൂടിൽ പലപ്പോഴും യാത്രയ്ക്കിടയിൽ വെള്ളം കിട്ടാതെ പലരും വലയാറുണ്ട്. വില കൊടുത്തു തന്നെ വെള്ളം വാങ്ങേണ്ട അവസ്ഥയാണ് പലപ്പോളും. അത്തരം അവസരങ്ങൾ ഉണ്ടാകുമ്പോളാണ് ഇങ്ങനെ ഒരു കാഴ്ച അവിടെ വ്യത്യസ്തമാകുന്നത്.

Read Also: മാസ്‌ക് നിർബന്ധം; കൊവിഡ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്

ഡ്രൈവറുടെയും വണ്ടിയുടെയും ചിത്രങ്ങളോട് കൂടി നന്ദിനി അയ്യർ ട്വിറ്ററിൽ പങ്കുവെച്ച പോസ്റ്റാണ് ഇതിനോടകം തന്നെ ഏവരുടെയും ശ്രദ്ധ നേടിയിരിക്കുന്നത്. ചൂടുകാലത്തു തന്റെ വണ്ടിയിൽ കയറുന്ന യാത്രക്കാർക്ക് ഒരു ആശ്വാസമാവുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇദ്ദേഹം ഓട്ടോയിൽ കുപ്പിവെള്ളം വെക്കുവാൻ തുടങ്ങിയത്. ഈ കാലഘട്ടത്തിൽ ചുറ്റുമുള്ളവർക്ക് ആശ്വാസമായി അവർക്കു വേണ്ടി കൂടി ചിന്തിക്കുന്ന ഈ മനുഷ്യൻ ഏവർക്കും മാതൃകയാവുകയാണ്.

Story highlights- Mumbai autowala keeps free water bottles for passengers