കൊച്ചി നഗരത്തിലൂടെ ജീപ്പിൽ അനൗൺസ്‌മെന്റ്; വേറിട്ട രീതിയിൽ ‘നീലവെളിച്ചം’ ടീം

April 20, 2023

ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിലെ നായിക ഭാർഗവിയെ അവതരിപ്പിക്കുന്നത് റിമ കല്ലിങ്കലാണ്. ആഷിഖ് അബു സംവിധാനം ചെയ്ത ‘നീലവെളിച്ചം’ വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിലുള്ള ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്. നീലവെളിച്ചം കഥയെ അടിസ്ഥാനമാക്കി എ വിൻസെന്റ് 1964ൽ ഒരുക്കിയ ഭാർഗ്ഗവീനിലയത്തിന്റെ റീമേക്കാണ് നീലവെളിച്ചം. റോഷൻ മാത്യൂ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ( neelavelicham movie adopts old promotion techniques )

വ്യത്യസ്തമായ ചിത്രത്തിന്റെ പ്രൊമോഷനാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ജീപ്പിൽ സ്പീക്കർ കെട്ടിവച്ച് മൈക്കിലൂടെ ചിത്രത്തെ കുറിച്ച് വിളിച്ച് പറയുന്നതാണ് പണ്ടത്തെ പ്രമോഷൻ രീതിയാണ് അണിയറ പ്രവർത്തകർ പിന്തുടർന്നിരിക്കുന്നത്. മെട്രോ നഗരമായ കൊച്ചിയിലൂടെ ബഷീറിന്റെ നീലവെളിച്ചത്തിന്റെ റിലീസ് പ്രഖ്യാപിച്ചു കൊണ്ട് നീങ്ങിയ ജീപ്പ് വളരെ കൗതുകത്തോടെയാണ് ആളുകൾ കണ്ടത്. ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ നോട്ടീസും ആളുകൾക്ക് വിതരണം ചെയ്തു.

Read Also: ഐസിൽ പമ്പരം പോലെ ചുറ്റിക്കറങ്ങി ഒരു 62 കാരി; അമ്പരപ്പിക്കുന്ന സ്കേറ്റിംഗ് പ്രകടനം-വിഡിയോ

“ഇതു കാണാതെ മറ്റെന്തു കാണാൻ?” എന്ന അടികുറിപ്പോടെ റിമ കല്ലിങ്കൽ തന്റെ സോഷ്യൽ മീഡിയയിലൂടെ പ്രമോഷൻ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും സൈജു ശ്രീധരൻ എഡിറ്റിങ്ങും നിർവ്വഹിച്ചു. ബിജിബാലും റെക്‌സ് വിജയനും ചിത്രത്തിന് സംഗീതമൊരുക്കി. ജോതിഷ് ശങ്കർ പ്രൊഡക്ഷൻ ഡിസൈനറും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവ്വഹിച്ചു.

Story highlights- neelavelicham movie adopts old promotion techniques