ഇത്രയെങ്കിലും ഞാൻ എന്റെ അച്ഛന് വേണ്ടി ചെയ്യണ്ടേ; സിനുമോൻ വാക്ക് പാലിച്ചെന്ന് ആരാധകർ- രസികൻ വിഡിയോ

April 17, 2023

2023ൽ മലയാളികളെ ഏറ്റവും കൂടുതൽ പൊട്ടിച്ചിരിപ്പിച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ മുന്പന്തിയിലുണ്ട് ‘രോമാഞ്ചം’. ജിത്തു മാധവൻ രചനയും സംവിധാനവും നിർവഹിച്ച ഒരു ഹൊറർ കോമഡി ചിത്രമാണിത്. എഴുപത് കോടിയിലധികം വരുമാനം നേടിയ ഈ ചിത്രത്തിൽ പുതുമുഖങ്ങൾ അടക്കം നിരവധി താരങ്ങൾ ഭാഗമായി മാറി. സൗബിൻ ഷാഹിർ , അർജുൻ അശോകൻ , ചെമ്പൻ വിനോദ് , സിജു സണ്ണി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. നിലവിൽ 2023ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമായി രോമാഞ്ചം മാറി.

ചിത്രത്തിൽ സിനുമോൻ എന്ന അർജുൻ അശോകൻ അവതരിപ്പിച്ച കഥാപാത്രം ഏറെ പ്രേക്ഷകപ്രശംസ നേടിയിരുന്നു. താമസത്തിനായെത്തുന്ന വീട്ടിലെ എലി ശല്യം കുറച്ചൊന്നുമല്ല ഈ സിനിമയിലെ കഥാപാത്രങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്നത് . അതുവരെ എലി വിഷം വെച്ച് എല്ലാവരും എലിയെ കൊന്നപ്പോൾ സിനുമോൻ എലിയെ കൊല്ലുന്നത് മതിലിൽ അടിച്ചാണ്. എന്താണ് സിനുമോന് എലികളോടിത്ര വൈരാഗ്യം എന്ന സംശയത്തിന് അവസാനം ഒരു ഉത്തരം കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

Read Also: സൗദി അറേബ്യയുടെ ആഡംബരം വിളിച്ചോതാൻ ‘ഡ്രീം ഓഫ് ദി ഡെസേർട്ട്’ എന്ന 5 സ്റ്റാർ ആഡംബര ട്രെയിൻ വരുന്നു

പണ്ട് ‘പറക്കും തളിക’ എന്ന ചിത്രത്തിൽ സുന്ദരന് എലികളോടുള്ള ദേഷ്യത്തിന്റെ ബാക്കി ആവാം ഇതെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ഹരിശ്രീ അശോകനാണ് പറക്കും തളികയിൽ സുന്ദരൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. അച്ഛന് കൊടുത്ത വാക്ക് മകൻ പാലിക്കുന്നതാണെന്ന് പലരും രസകരമായി കമന്റു ചെയ്തു . ഇൻസ്റ്റാഗ്രാമിൽ വന്ന ഈ വിഡിയോയ്ക്കു സംവിധായകൻ ജിത്തു മാധവ് കമന്റ് ചെയ്തു. നടൻ അർജുൻ അശോകൻ രസകരമായ ഈ വിഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്.

Story highlights- romancham movie special funny video