നീന്തലിൽ ഇന്ത്യയ്ക്ക് വേണ്ടി മലേഷ്യയിൽ 5 സ്വർണംനേടി മകൻ- അഭിമാനത്തോടെ നടൻ മാധവൻ

April 16, 2023

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിലൊരാളാണ് മാധവൻ. തമിഴ് സിനിമയിൽ തുടക്കം കുറിച്ച മാധവൻ പിന്നീട് ഹിന്ദി ചിത്രങ്ങളിലും വലിയ വിജയം നേടിയിരുന്നു. അച്ഛനെ പോലെ തന്നെ പ്രശസ്‌തനാണ് അദ്ദേഹത്തിന്റെ മകൻ വേദാന്ത് മാധവനും.എന്നാൽ മാധവന്റെ മകൻ എന്ന നിലയിലല്ല വേദാന്ത് പ്രശസ്‌തനായിട്ടുള്ളത്. നീന്തൽ താരമായി മികച്ച നേട്ടങ്ങളാണ് താരം സ്വന്തമാക്കുന്നത്. തുടർച്ചയായി രാജ്യത്തിന് അഭിമാനമായി മാറുകയാണ് വേദാന്ത്. ഇപ്പോഴിതാ, മകന്റെ മറ്റൊരു നേട്ടം പങ്കുവയ്ക്കുകയാണ് മാധവൻ.

മലേഷ്യൻ ഇൻവിറ്റേഷൻ ഏജ് ഗ്രൂപ്പ് ചാമ്പ്യൻഷിപ്പിൽ നീന്തലിൽ മകൻ വേദാന്ത് മാധവൻ അഞ്ച് സ്വർണം നേടിയത് മാധവൻ അഭിമാനത്തോടെയും സന്തോഷത്തോടെയും പങ്കുവയ്ക്കുകയാണ്. തന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട്, മകന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു, “ദൈവകൃപയോടും നിങ്ങളുടെ എല്ലാ ആശംസകളോടും കൂടി, ഈ വാരാന്ത്യത്തിൽ ക്വാലാലംപൂരിൽ നടന്ന മലേഷ്യൻ ഇൻവിറ്റേഷൻ ഏജ് ഗ്രൂപ്പ് ചാമ്പ്യൻഷിപ്പിൽ, ഇന്ത്യക്ക് വേണ്ടി വേദാന്തിന് 5 സ്വർണം (50 മീറ്റർ, 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, 1500 മീറ്റർ) ലഭിച്ചു. ഞാൻ ആഹ്ലാദിക്കുന്നു, വളരെ നന്ദിയുള്ളവനാണ്.’- മാധവൻ കുറിക്കുന്നു.

Read Also: കരൾരോഗത്തെ തോൽപ്പിച്ചു പുഞ്ചിരിയോടെ ബാല; ചിത്രം പങ്കുവെച്ച് താരം..

വേദാന്ത് ടൂർണമെന്റിൽ വലിയ വിജയം നേടുന്നത് ഇതാദ്യമല്ല; കഴിഞ്ഞ കുറച്ച് വർഷങ്ങളായി വേദാന്ത് വിജയക്കുതിപ്പിലാണ്, കൂടാതെ നിരവധി മെഡലുകളും അഭിമാനകരമായ ടൂർണമെന്റുകളുടെ ടൈറ്റിലുകളും നേടിയിട്ടുണ്ട്. ദ്രോണാചാര്യാ അവാർഡ് ജേതാവും മലയാളിയുമായ പ്രദീപ് കുമാറിന്റെ കീഴിലാണ് വേദാന്ത് പരിശീലനം നടത്തുന്നത്. വേദാന്തിന്റെ പരിശീലനത്തിനായി മാധവനും കുടുംബവും ദുബായിൽ കുറച്ചുനാൾ ചിലവഴിച്ചിരുന്നു. മകൻ തന്റെ നിഴലിൽ ഒതുങ്ങുന്നവനായിരിക്കരുതെന്ന് മാധവൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അത് യാഥാർഥ്യമാക്കുകയാണ് വേദാന്ത്. പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടുക എന്നതാണ് വേദാന്തിന്റെ അടുത്ത ലക്ഷ്യം.

Story highlights- Vedaant mdhavan has won five gold medals at a swimming competition in Malaysia