സൂര്യനില്ലാത്തൊരു നാട്; പരിഹാരത്തിനായി “അത്ഭുത കണ്ണാടി”

April 11, 2023
Viganella the village without sun

സൂര്യപ്രകാശം എത്തിനോക്കാത്തൊരു നഗരം. നമുക്ക് ഇത് കേൾക്കുമ്പോൾ അത്ഭുതമാണെങ്കിലും ഇങ്ങനെയുള്ള പട്ടണങ്ങളും ഈ ലോകത്തുണ്ട്. അങ്ങനെയൊരു സ്ഥലമാണ് വിഗാനെല്ല. യൂറോപ്പിലാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. മലകളാൽ ചുറ്റപ്പെട്ട ഈ നഗരത്തിൽ ശൈത്യകാലമായാൽ മാസങ്ങളോളം സൂര്യപ്രകാശം ലഭിക്കില്ല. ഇറ്റലിയുടെയും സ്വിറ്റ്സർലൻഡിന്റെയും അതിർത്തിയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ആവശ്യത്തിന് സൂര്യപ്രകാശം ശരീരത്തിന് ലഭിക്കാത്തതുകൊണ്ട് ഇവിടുത്തുകാർ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. സഹിക്ക വയ്യാതായപ്പോൾ ഈ നഗരം വിട്ട് ഇതിൽ പലരും മറ്റു സ്ഥലങ്ങളിലേക്ക് മാറി താമസിച്ചു. എങ്കിലും ഇതിൽ ഭൂരിഭാഗം പേരും സ്വന്തം സ്ഥലം വിട്ടു പോകാൻ മനസില്ലാത്തവരാണ്. ( Viganella the village without sun )

അങ്ങനെ ഈ പ്രശ്നത്തിന് പരിഹാരം തേടി ജനങ്ങളും അധികാരികളും ഇറങ്ങി പുറപ്പെട്ടു. സൂര്യപ്രകശം ഇങ്ങോട്ടേക്ക് എത്തിക്കാനുള്ള എല്ലാ വഴികളും അവർ തേടി. അങ്ങനെ ഒരിക്കലും സൂര്യവെളിച്ചം എത്താതിരുന്ന ആ പട്ടണത്തിലേക്ക് സൂര്യപ്രകാശം എത്തി. എങ്ങനെ എന്നല്ലേ? നോക്കാം…

ശൈത്യകാലത്താണ് ഇവിടുത്തുകാർ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഈ സമയത്ത് സൂര്യപ്രകാശം ഇങ്ങോട്ടേക്ക് തീരെ പ്രവേശിക്കില്ല. അവിടുത്തുകാർക്ക് ഇതുമൂലം ഉണ്ടാകുന്ന പ്രതിസന്ധി ചെറുതല്ല. പതിമൂന്നാം നൂറ്റാണ്ടു മുതൽ ഇവിടെ ജനവാസം ആരംഭിച്ചിട്ടുണ്ട്. പക്ഷെ ഈ പ്രിയനഗരം വിട്ടുപോകാൻ ഇവർക്ക് ആകില്ല എന്നതാണ് സത്യം. എന്തുകൊണ്ടാണ് ഈ പ്രദേശത്ത് സൂര്യപ്രകാശം എത്താത്തത്? ആയിരം മീറ്ററോളം ഉയരമുള്ള രണ്ട് മലകൾക്കിടയിലുള്ള താഴ്വരയിലാണ് ഈ പട്ടണം ഉള്ളത്. ഈ മലകളാണ് സൂര്യപ്രകാശത്തെ തടഞ്ഞു നിർത്തുന്നത്. മല നികത്തുക എന്നത് ഒരിക്കലും സ്വീകാര്യമായ പരിഹാരമല്ല. പ്രകൃതിയ്ക്ക് കോട്ടം വരുത്തി കൊണ്ടുള്ള നടപടിയ്ക്ക് ഇവിടുത്തുകാരും അധികാരികളും തയ്യാറായിരുന്നില്ല. അതുകൊണ്ടുള്ള ദോഷഫലങ്ങളും ഏറെയാണ്.

Read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

അങ്ങനെ അധികാരികൾ ബുദ്ധിപരമായൊരു തീരുമാനത്തിലെത്തി. സൂര്യപ്രകാശത്തിന് തടസ്സം നിൽക്കുന്ന മലകൾക്കിടയിൽ ഒരു കണ്ണാടി സ്ഥാപിക്കുക. അങ്ങനെ ഈ രണ്ട് മക്കൾക്കും ഇടയിൽ 500 മീറ്റർ ഉയരമുള്ള വലിയൊരു കണ്ണാടി സ്ഥാപിച്ചു. അങ്ങനെയാണെങ്കിൽ ശൈത്യകാലത്തും ഇങ്ങോട്ടേക്ക് പ്രകാശം ലഭിക്കും. ജിയാകോമോ ബോൺസാനി, ജിയാനി ഫെരാരി എന്നീ എൻജിനീയർമാരാണ് ഈ പദ്ധതി നടപ്പിലാക്കിയത്. അങ്ങനെ ഒരിക്കലും സൂര്യപ്രകാശം ലഭിക്കില്ല എന്ന് കരുതിയ ഇവിടുത്തുകാർക്കിടയിലേക്ക് അതും സാധ്യമായി. ഇവരുടെ ഈ ആശയത്തിന് അധികാരികൾ അനുമതി നൽകി. ഒട്ടും താമസിയാതെ എട്ടു മീറ്റർ വീതിയും അഞ്ച് മീറ്റർ ഉയരവുമുള്ള കണ്ണാടി ഈ മലയിടുക്കുകളിൽ സ്ഥാപിച്ചു.

ഈ കണ്ണാടി ആ പട്ടണത്തിലേക്ക് പ്രകാശം പ്രതിഫലിപ്പിച്ചു. ഒപ്പം അവിടുത്തുകാരുടെ ജീവിതത്തിലേക്കും. ഒരു ലക്ഷം യൂറോയാണ് ഈ പദ്ധതിയ്ക്കായി ചെലവാക്കിയത്. സൂര്യന്റെ ദിശമാറ്റത്തിനനുസരിച്ച് ചലനം നിയന്ത്രിക്കാനുള്ള സോഫ്റ്റ്‌വെയറും മറ്റു സംവിധാനങ്ങളും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. യഥാർത്ഥ സൂര്യപ്രകാശത്തെ പോലെയല്ലെങ്കിലും വിഗാനെല്ല സ്വദേശികളുടെ പ്രശ്നത്തിന് പരിഹാരമാകാൻ ഈ കണ്ണാടിയ്ക്ക് സാധിച്ചു. ഇതുപോലെ സൂര്യപ്രകാശം ലഭിക്കാത്ത മറ്റു സ്ഥലങ്ങളും ഈ ആശയം കടമെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

Story highlights -Viganella the village without sun which created its own