സുന്ദരമായൊരു പ്രണയ യാത്രയായി ‘അനുരാഗം’
മലയാള സിനിമ ആസ്വാദകർ ഏറെ ഇഷ്ട്ടപ്പെടുന്ന പ്രണയ സിനിമകളുടെ നിരയിൽ ഇടം പിടിക്കുകയാണ് അനുരാഗം. പ്രണയം ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ അനുഭവമാണെന്ന് പറഞ്ഞ് വെക്കുന്ന സിനിമ മലയാളികളുടെ മനസിൽ പ്രണയാർദ്രമായ ഇടം പിടിക്കുകയാണ്. ‘ആദ്യ ദിനം തന്നെ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന സിനിമ ഇനിയുമൊരുപാട് കാലം സ്നേഹോഷ്മളമായ കഥയായി മലയാളി പ്രേക്ഷക മനസിൽ കുടിയിരിക്കും എന്നുറപ്പിക്കാം.
മൂന്ന് പ്രണയങ്ങളും ആ പ്രണയങ്ങളുടെ സഫലമാകുന്ന കഥയും പറഞ്ഞ് വെക്കുന്ന സിനിമ , നന്മയില്ലാത്ത പ്രണയബന്ധങ്ങളിൽ നിന്ന് മാറി നിൽക്കേണ്ടതിനെയും കുറിച്ച് സംസാരിക്കുന്നു . സുന്ദരമായ പ്രണയ ഭാഷ്യമാണീ സിനിമ എന്ന് പറയുന്നതിനൊപ്പം സിനിമ കുടുംബ ബന്ധത്തെയും സൗഹൃദങ്ങളെയും കുറിച്ച് സംസാരിക്കുന്നുണ്ട് .ക്വീൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ അശ്വിൻ ജോസും ’96’ എന്ന പ്രണയകാവ്യമായ സിനിമയിലൂടെ പ്രേക്ഷക ഇഷ്ട്ടതാരമായ ഗൗരി ജി. കിഷനുമാണ് ‘അനുരാഗ’ത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. അശ്വിൻ തന്നെയാണ് സിനിമയുടെ രചനയും നിർവഹിച്ചിരിക്കുന്നത് .പ്രകാശം പരക്കട്ടെ എന്ന സിനിമയുടെ സംവിധായകനായ ഷഹദ് നിലമ്പൂരാണ് അനുരാഗത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് . പ്രണയത്തെയും കുടുംബ ബന്ധങ്ങളുടെ മൂല്യത്തെയും സൗഹൃദത്തേയും കുറിച്ച് മനോഹരമായി സംസാരിക്കുന്ന സിനിമ കോമഡിയും ഇമോഷനും ഇടകലർത്തി വിരസമാകാതെ അവതരിപ്പിക്കുന്നതിൽ വിജയിച്ചിട്ടുണ്ട് സംവിധായകൻ.
അശ്വിനും ഗൗരിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയവും അവരെ ചുറ്റിപറ്റി സംഭവിക്കുന്ന മറ്റു രണ്ട പ്രണയങ്ങളും കാലമെത്ര കഴിഞ്ഞാലും അവസാനിക്കാത്ത പ്രണയത്തിന്റെ മാജിക് കാണിച്ച് തരുന്നുണ്ട് . സംവിധായകനും അഭിനേതാവുമായ ഗൗതം വാസുദേവ് മേനോൻ സിനിമയിൽ തന്മയത്തത്തോടെയുള്ള അഭിനയം കാഴ്ച്ച വെച്ചിട്ടുണ്ട്. ലെനയുടെ അഭിനയവും പ്രണയത്തിന്റെ ലോകത്തിലൂടെയുള്ള പ്രേക്ഷകരുടെ യാത്ര കൂടുതൽ സുന്ദരമാക്കി മാറ്റുന്നുണ്ട് . വർഷങ്ങൾക്ക് ശേഷം ദേവയാനി സിനിമയിലേക്ക് മടങ്ങിയെത്തിയെന്ന പ്രത്യേകതയുമുണ്ട് . രസകരമായ ചിരി മുഹൂർത്തങ്ങൾക്ക് അവസരം നൽകുന്ന പ്രണയമാണ് ദേവയാനിയും ജോണി ആന്റണിയും അവതരിപ്പിച്ച കഥാപാത്രങ്ങളുടേത്. ഏതു കഥാപാത്രങ്ങളും കടന്നു പോകുന്ന വഴികൾ ഒരിക്കലും അവസാനിക്കാത്ത തീക്ഷ്ണമായ പ്രണയ കാഴ്ചയാകുന്നുണ്ട്.
ഇവർക്കൊപ്പം മലയാളത്തിന്റെ എക്കാലത്തെയും പ്രിയ നായിക ഷീലയും പ്രധാന വേഷത്തിലെത്തുന്നുണ്ട് .ഒരിക്കലെങ്കിലും പ്രണയിക്കാത്തവരായി ചുരുക്കമാളുകളാണുള്ളത് പ്രണയം മാറ്റങ്ങളുടെ പറുദീസ മനുഷ്യനിലുണ്ടാക്കുകയും ചെയ്യും . ഒരു നിർവചനം നൽകാനാകാത്ത പ്രണയത്തിന്റെ വിശാലമായ കാഴ്ചാനുഭവം ഒരുക്കുന്ന സിനിമയാകും അനുരാഗം എന്നുറപ്പാണ്.
ചിത്രത്തിലെ പാട്ടുകൾ സിനിമയെ കൂടുതൽ കാഴ്ചക്കാരിലേക്ക് അടുപ്പിക്കുന്നുണ്ട്. ജോയൽ ജോൺസാണ് അനുരാഗത്തിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത്. കല്ലുകടിയാകാതെ പാട്ടുകൾ സിനിമയിൽ ഉൾക്കൊള്ളിക്കാൻ അണിയറ പ്രവർത്തകർക്ക് സാധിക്കുന്നുണ്ട്.
Story highlights- anuragam movie review