ഐൻസ്റ്റീനെക്കാൾ ഉയർന്ന ഐക്യൂ- ബിരുദാനന്തര ബിരുദം നേടി പതിനൊന്നുവയസുള്ള ഓട്ടിസ്റ്റിക് പെൺകുട്ടി

May 17, 2023

ആൽബർട്ട് ഐൻ‌സ്റ്റൈനെക്കാളും സ്റ്റീഫൻ ഹോക്കിംഗിനെക്കാളും ഉയർന്ന ഐക്യുവുമായി താരമായി പതിനൊന്നുകാരി. ചൈൽഡ് പ്രോഡിജിയായ അധര പെരെസ് സാഞ്ചസിനാണ് 160 നേക്കാൾ ഉയർന്ന ഐക്യു ഉള്ളതായി തെളിഞ്ഞത്. മെക്‌സിക്കോ സിറ്റിയിൽ നിന്നുള്ള അധര പെരെസ് ഇപ്പോൾ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയിരിക്കുകയാണ്. ഈ പ്രായത്തിൽ ഇങ്ങനൊരു നേട്ടം എന്നതിലുപരി ഓട്ടിസ്റ്റിക്കായ ഒരു കുട്ടി എന്നനിലയിലും വേറിട്ടുനിൽക്കുകയാണ് അധര പെരെസ്.

ഓട്ടിസം ഉള്ളതിന്റെ പേരിൽ സ്‌കൂളിൽ മാനസികമായി പീഡിപ്പിക്കപ്പെട്ടതുൾപ്പെടെ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടും, അധാര ഇപ്പോൾ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടുകയും നാസയുടെ ബഹിരാകാശയാത്രികയാകാനായി തയ്യാറെടുക്കുകയുമാണ്. മൂന്നാം വയസ്സിലും സംസാരം ഗണ്യമായി കുറഞ്ഞതോടെ അധരയ്ക്ക് ഓട്ടിസം ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. സ്‌കൂളിൽ അവൾക്ക് നിസ്സംഗരായ അധ്യാപകരെയും സഹപാഠികളിൽ നിന്ന് വെല്ലുവിളികളെയും നേരിടേണ്ടി വന്നു. ഇതിനെത്തുടർന്ന് മൂന്നുതവണയാണ് അധരയ്ക്ക് സ്‌കൂൾ മാറേണ്ടിവന്നത്.

ആ സമയത്താണ് അധരയുടെ അമ്മ നയേലി സാഞ്ചസ്, തന്റെ മകൾ സ്വയം ബീജഗണിതം പഠിക്കുന്നതും ആവർത്തനപ്പട്ടിക മനഃപാഠമാക്കിയതും ശ്രദ്ധിച്ചത്. ‘അമ്മ മകളെ തെറാപ്പിയ്ക്ക് അയച്ചു, പിന്നീട് സെന്റർ ഫോർ അറ്റൻഷൻ ടു ടാലന്റിലേക്ക് (CEDAT) അയച്ചു. അവിടെ അധരയുടെ IQ 162 ആണെന്ന് സ്ഥിരീകരിച്ചു.

ബഹിരാകാശ ശാസ്ത്രത്തോട് വളരെയധികം പ്രിയമുണ്ട് ഈ മിടുക്കിക്ക്. സ്റ്റീഫൻ ഹോക്കിങ്ങിനെ കുറിച്ച് അധര ആദ്യമായി അറിയുന്നത് ഒരു ഡോക്ടറെ സന്ദർശിച്ചപ്പോഴാണ്. അങ്ങനെ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനോടും ബഹിരാകാശ പര്യവേഷണത്തോടുമുള്ള അടങ്ങാത്ത അഭിനിവേശം കുട്ടയിൽ ഉടലെടുക്കുകയായിരുന്നു, ഒരു ദിവസം നാസയുടെ ബഹിരാകാശയാത്രികയാകാനാണ് അവൾ സ്വപ്നം കാണുന്നത്.

Read Also: ലോകം മുഴുവനുമുള്ള മലയാളികളെ കോർത്തിണക്കി ട്വന്റിഫോർ കണക്റ്റ്; പര്യടനം ഇന്ന് കൊല്ലം ജില്ലയിൽ

അഞ്ചാം വയസ്സിൽ എലിമെന്ററി സ്കൂൾ പൂർത്തിയാക്കിയ അധര, ഒരു വർഷത്തിനുശേഷം മിഡിൽ, ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. അധരയുടെ ശ്രദ്ധേയമായ നേട്ടങ്ങളിൽ ഇവ ഉൾപ്പെടുന്നു. അങ്ങനെയാണ് ഇപ്പോൾ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയത്.

Story highlights- autistic girl with IQ greater than Einstein earning master’s degree in engineering