അതിശയിപ്പിക്കുന്ന കാഴ്ചാനുഭവം; ഇവയാണ് ലോകത്തിലെ വിചിത്രമായ ചില കെട്ടിടങ്ങള്‍

May 24, 2023

മനുഷ്യന്റെ നിര്‍മിതികള്‍ പലപ്പോഴും അതിശയിപ്പിക്കാറുണ്ട്. ക്രിയാത്മകതയോട് പരാജയം സമ്മാതിക്കാന്‍ മുതിരാത്ത മനുഷ്യര്‍ അതിശയിപ്പിക്കുന്ന നിര്‍മിതികള്‍ തയാറാക്കുന്നതിലും മികവ് പുലര്‍ത്തുന്നു. കാഴ്ചയില്‍ വിചിത്രമായി തോന്നുന്ന ചില മനുഷ്യ നിര്‍മിതികളെ പരിചയപ്പെടാം.

റൊട്ടേറ്റിങ് ടവര്‍ ദുബായ്- പേരില്‍ തന്നെയുണ്ട് ഈ കെട്ടിടത്തിന്റെ ആകര്‍ഷണം. അതായത് കറങ്ങുന്ന കെട്ടിടം. 360 ഡിഗ്രിയില്‍ രണ്ട് വശത്തേക്കും തിരിയുന്ന നിലകളാണ് ഈ കെട്ടിടത്തിന്റെ പ്രധാന ആകര്‍ഷണം. നിര്‍മാണം പൂര്‍ണ്ണമായും പൂര്‍ത്തികരിച്ചിട്ടില്ലെങ്കിലും ഇതിനോടകം തന്നെ ലോകത്ത് ശ്രദ്ധ നേടിക്കഴിഞ്ഞു ഈ കെട്ടിടം. 2006-ല്‍ ആര്‍ക്കിടെക്ട് ആയ ഡേവിഡ് ഫിഷര്‍ അവതരിപ്പിച്ചതാണ് ഈ ആശയം. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഈ ആശയം യാഥാര്‍ത്ഥ്യത്തോട് അടുത്തു നില്‍ക്കുന്നു. കറങ്ങിക്കൊണ്ടിരിക്കുന്നതിനാല്‍ ദുബായിയുടെ തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചാനുഭവമായിരിക്കും ഈ നിര്‍മിതി സമ്മാനിക്കുക.

2 പിസയിലെ ചരിഞ്ഞ ഗോപുരം- സ്‌കൂള്‍ കാലഘട്ടം മുതല്‍ പരിചിതമാണ് പലര്‍ക്കും പിസയിലെ ചരിഞ്ഞ ഗോപുരം. ലോകാത്ഭുതങ്ങളില്‍ തന്നെ ഒന്നാണ് ഇത്. നിര്‍മാണ ശൈലിയിലെ വ്യത്യസ്തതും ഈ നിര്‍മിതിയെ ശ്രദ്ധേയമാക്കുന്നു. ഇറ്റലിയിലെ പിസ എന്ന പ്രിവിശ്യയിലാണ് കാഴ്ചയില്‍ അതിശയിപ്പിക്കുന്ന ഈ ഗോപുരം സ്ഥിതി ചെയ്യുന്നത്. 1173-ല്‍ നിര്‍മാണം ആരംഭിച്ച ഗോപരത്തിന്റെ പണി പൂര്‍ത്തിയാക്കിയത് രണ്ട് നൂറ്റാണ്ടുകള്‍ക്കൊണ്ടാണ്. നിര്‍മണ സമയത്താണ് കെട്ടിടം ഒരു ഭാഗത്തേക്ക് ചരിഞ്ഞതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് നിര്‍മാണം ഏറെ കാലം നിര്‍ത്തിവെച്ചിരുന്നു. പിന്നീട് നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ എട്ടുനില കെട്ടിടം വീണ്ടും പണിതത്. 57 മീറ്റര്‍ ഉയരമുണ്ട് ഗോപുരത്തിന്. സിലിണ്ടര്‍ ആകൃതിയിലാണ് നിര്‍മിച്ചിരിക്കുന്നത്.

3- മൈന്‍ഡ് ഹൗസ്, ബാഴ്‌സിലോണ- സ്‌പെയിനിലെ ബാഴ്‌സിലോണയില്‍ സ്ഥിചെയ്യുന്ന ഒരു അതിശയകരമായ കെട്ടിടമാണ് മൈന്‍ഡ് ഹൗസ്. ഈ കെട്ടിടം കാഴ്ചയില്‍ ഏറെ വ്യത്യസ്തമാണ്. മനുഷ്യന്റെ തലച്ചോറിന് സമാനമായ രീതിയിലാണ് ഈ കെട്ടിടത്തിന്റെ നിര്‍മാണരീതി. പരമ്പരാഗത ശൈലിക്കൊപ്പം മനുഷ്യന്റെ ക്രിയാത്മകത കൂടി ഇഴചേര്‍ന്നു കിടക്കുന്നു ഈ നിര്‍മിതിയില്‍.

4-ബുര്‍ജ് ഖലീഫ, ദുബായ്- പലര്‍ക്കും പരിചിതമാണ് ദുബായിലെ ബുര്‍ജ് ഖലിഫ. 160 നിലകളുള്ള ഈ കെട്ടിടം 2010 ജനുവരിയിലാണ് ഉദ്ഘാടനം ചെയ്തത്. 828 മീറ്റര്‍ ഉയരമുണ്ട് കെട്ടിടത്തിന്. കാഴ്ചകള്‍ കാണാന്‍ സൗകര്യമുള്ള അറ്റ് ദ് ടോപ് എന്ന ഇടമാണ് ബുര്‍ജ് ഖലീഫയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. വളരെ അകലത്തിലുള്ള കാഴ്ചകള്‍ വരെ ഇവിടെ നിന്നും വീക്ഷിക്കാനാകും. നിര്‍മാണം പൂര്‍ത്തികരിച്ചിട്ടുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടവും ബുര്‍ജ് ഖലീഫയാണ്.

Read Also: ‘മമ്മൂട്ടിയോടും മോഹൻലാലിനോടും മതിപ്പുണ്ട്’; മഹാനടന്മാരെ പ്രശംസിച്ച് ഉപരാഷ്ട്രപതി

5- ലോട്ടസ് ടെമ്പിള്‍, ന്യൂഡല്‍ഹി- അതിശയിപ്പിക്കുന്ന നിര്‍മാണ രീതി കൊണ്ട് ശ്രദ്ധേയമാണ് ന്യൂഡല്‍ഹിയിലെ ലോട്ടസ് ടെമ്പിള്‍. ഇന്ത്യയിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഒരു പ്രധാന ആകര്‍ഷണ കേന്ദ്രം കൂടിയാണ് ഇവിടം. പേര് സൂചിപ്പിക്കുന്നതുപോലെ താമര പുഷ്പത്തിന്റ ആകൃതിയാണ് ഈ കെട്ടിടത്തിന്. മാര്‍ബിള്‍ കൊണ്ടുള്ള താമയിതളുകളാണ് ആകര്‍ഷകമായ ഒന്ന്. 1986 മുതല്‍ ലോട്ടസ് ടെമ്പിളില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

Story highlights- Five Amazing Buildings In World