‘എമ്പുരാനി’ൽ ആശിർവാദിനൊപ്പം നിർമാണ പങ്കാളിയായി ഹോംബാലെ ഫിലിംസ്

May 18, 2023

മലയാള സിനിമ പ്രേക്ഷകർ ഇന്നേറെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിൻറെ ‘എമ്പുരാൻ.’ നടൻ പൃഥ്വിരാജ് ഒരുക്കുന്ന ചിത്രം മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ്. ലൂസിഫറിന്റെ വമ്പൻ വിജയത്തിന് ശേഷം ചിത്രത്തിന് രണ്ടും മൂന്നും ഭാഗങ്ങൾ ഉണ്ടാവുമെന്ന് പൃഥ്വിരാജ് സ്ഥിരീകരിച്ചിരുന്നു. എമ്പുരാൻ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ.

മെയ് അവസാനത്തോടെ ചിത്രീകരണമാരംഭിക്കുന്ന സിനിമയ്ക്കായി ലൊക്കേഷൻ തേടി പൃഥ്വിരാജ് വിദേശത്തേക്ക് പോയത് വളരെയധികം ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ പ്രധാന നിർമാണ കമ്പനിയായ ആശിർവാദിനൊപ്പം കൈകോർക്കുകയാണ് പ്രസിദ്ധ കമ്പനി ഹോംബാലെ ഫിലിംസ്. ആശിർവാദ് സിനിമാസിനൊപ്പം ചേരുന്നുവെന്ന് ഹോംബാലെ ഫിലിംസ് ട്വീറ്റ് ചെയ്തിരിക്കുന്നു. കെ ജി എഫ്, കാന്താര തുടങ്ങിയെ ഹിറ്റുകൾ സമ്മാനിച്ച നിർമാണ കമ്പനിയാണ് ഹോംബാലെ ഫിലിംസ്.

അതേസമയം, ചിത്രത്തിന്റെ ലൊക്കേഷൻ ഹണ്ട് അവസാനിച്ചിരിക്കുകയാണ്. ആറ് മാസത്തോളമായി ഇന്ത്യയ്ക്കകത്തും നിരവധി വിദേശ രാജ്യങ്ങളിലും പൃഥ്വിരാജ് അടക്കമുള്ള എമ്പുരാൻ ടീം ലൊക്കേഷന് വേണ്ടി നടത്തിയ യാത്രകളാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. വലിയ ക്യാൻവാസിലാണ് ചിത്രം ഒരുങ്ങുന്നത്. പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന ചിത്രത്തിനായി ഹോളിവുഡ് സിനിമകൾക്ക് സമാനമായ ലൊക്കേഷൻ ഹണ്ടിങ്ങാണ് നടന്നിരുന്നത്. 6 രാജ്യങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയെന്നാണ് അറിയാൻ കഴിയുന്നത്.

Read also: ഞാൻ ഒരു ഫോട്ടോ എടുത്തോട്ടെ?; ഹൃദയസ്പർശിയായ വീഡിയോ

അതേ സമയം 2019-ൽ തിയേറ്ററുകളിലെത്തിയ ലൂസിഫർ മലയാളത്തിലെ ഏറ്റവും വലിയ ബോക്സോഫീസ് വിജയം നേടിയ ചിത്രമാണ്. 250 കോടി ക്ലബ്ബിൽ കയറിയ ആദ്യ മലയാള ചിത്രമാണ് ലൂസിഫർ. ചിത്രത്തിന്റെ തെലുങ്ക് റീമക്ക് നേരത്തെ റിലീസ് ചെയ്‌തിരുന്നു. മെഗാ താരം ചിരഞ്ജീവിയാണ് ലൂസിഫറിന്റെ തെലുങ്ക് റീമേക്കിൽ മോഹൻലാൽ ചെയ്ത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ‘ഗോഡ്ഫാദർ’ എന്ന ചിത്രം വലിയ ഹിറ്റായി മാറിയിരുന്നു. ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Story highlights- Hombale films onboard as one of the producers for lucifer