ചിത്രീകരണത്തിനിടെ കാതിൽ നിന്നും രക്തംവാർന്ന് ജൂനിയർ ആർട്ടിസ്റ്റ്; സഹായത്തിനായി ഓടിയെത്തിയത് ഐശ്വര്യ റായ്

May 11, 2023

മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ 2 എന്ന ചിത്രം ഭാഷാഭേദമന്യേ മികച്ച സ്വീകാര്യത നേടി മുന്നേറുകയാണ്. രണ്ടു ഭാഗങ്ങളിലായി ഇറങ്ങിയ ചിത്രം കൽക്കിയുടെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിട്ടുള്ളത്. ഇന്ത്യൻ സിനിമാലോകത്തെ പ്രഗത്ഭരായ താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്. ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങളായ നന്ദിനി, ഉമൈ റാണി എന്നിവ അവതരിപ്പിച്ചത് ഐശ്വര്യ റായ് ആണ്.

ഇന്ത്യൻ സിനിമയുടെ യശസ്സ് ലോക സിനിമയിലും പ്രേക്ഷകരിലും അടയാളപ്പെടുത്തിയതിൽ ഐശ്വര്യ റായിയുടെ സാന്നിധ്യം വളരെ വലുതാണ്. ഇപ്പോഴിതാ, പൊന്നിയിൻ സെൽവൻ ഷൂട്ടിനിടെ ഉണ്ടായ ഒരു സംഭവം പങ്കുവയ്ക്കുകയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തിയ വിനോദിനി വൈദ്യനാഥൻ. ഐശ്വര്യ റായിയുടെ സഹതാരങ്ങളോടുള്ള സ്‌നേഹപൂർവമായ സമീപനമാണ് വിനോദിനി പങ്കുവയ്ക്കുന്നത്.

Read Also: സൗന്ദര്യ സംരക്ഷണത്തിൽ നെല്ലിക്കയുടെ സ്ഥാനം ചെറുതല്ല

ഷൂട്ടിങ്ങിനായി തയ്യാറായി നിന്ന ഒരു ജൂനിയർ ആർട്ടിസ്റ്റിന് താങ്ങാനാകാത്ത ഭാരത്തിലുള്ള ഒരു കമ്മലായിരുന്നു നൽകിയിരുന്നത്. ചരിത്രകാല സിനിമയായതിനാൽ അത്തരത്തിൽ ഭാരമേറിയ ആഭരണങ്ങളാണ് എല്ലാവർക്കും ഉപയോഗിക്കേണ്ടി വന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ ഭാരം താങ്ങാനാകാതെ കാതുമുറിഞ്ഞ് രക്തം വാർന്നു തുടങ്ങി. എന്നാൽ, ഇത് ഐശ്വര്യയുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ ഇത് മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തുകയും കാതുമൂടുന്ന വിധത്തിലുള്ള ഹെയർസ്റ്റൈൽ ജൂനിയർ ആര്ടിസ്റ്റിന് നൽകാൻ നിർദേശിക്കുകയും ചെയ്തു. അതോടൊപ്പം, ഇനിയുള്ള ദിവസങ്ങളിൽ അത് തുടരാനും നടി നിർദേശിച്ചു. മുൻപും ഇത്തരത്തിൽ ഐശ്വര്യയുടെ കനിവാർന്ന പ്രവർത്തികൾ സിനിമാസെറ്റുകളിൽ ശ്രദ്ധേയമായിട്ടുണ്ട്.

Story highlights- vinodhini vaidhyanathan about aiswarya rai