ഒരുകപ്പ് ചായയ്ക്ക് 1000 രൂപ! ചായപ്രേമികൾക്കിടയിൽ ഹിറ്റാണ് ‘സിൽവർ നീഡിൽ വൈറ്റ് ടീ’
ഒരു നല്ല ചായ മാത്രം മതി, ഒരാളുടെ ദിനം ഊർജസ്വലതയോടെ ആരംഭിക്കാൻ.. കാരണം, ഓരോ വ്യക്തിയുടെയും പ്രഭാതത്തിൽ ചായക്ക് വളരെയധികം പ്രാധാന്യമുണ്ട്. ചായ കണ്ടുപിടിച്ചത് ചൈനാക്കാർ ആണെങ്കിലും ഉപയോഗത്തിന്റെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്നത് ഇന്ത്യക്കാരാണ്. ഈ ചായപ്രേമം കൊണ്ടെത്തിച്ചിരിക്കുന്നത് വൈവിധ്യമാർന്ന രുചികളിലേക്കാണ്. ഒരു സാധാരണ ചായയിലുപരി ഗ്രീൻ ടീ, മഞ്ഞൾ ചായ, നീല ചായ, മസാല ചായ തുടങ്ങി ഈ പട്ടിക നീളുന്നു. കൂടിവന്നാൽ നൂറു രൂപയിലധികമൊന്നും ചായയ്ക്ക് വിലവരാറില്ല. എന്നാൽ, കൊൽക്കത്തയിൽ ഒരു ടീ സ്റ്റാളിൽ ലഭ്യമായ ചായയ്ക്ക് വില ആയിരം രൂപയാണ്!
ഒരു കപ്പ് ചായയ്ക്ക് ആയിരം രൂപയെന്നൊക്കെ പറഞ്ഞാൽ അൽപം അധികമെന്നു തോന്നാം. പക്ഷെ, അത്രയധികം സ്പെഷ്യലുമാണ് ഈ വിലയേറിയ ചായയ്ക്ക്. ‘സിൽവർ നീഡിൽ വൈറ്റ് ടീ’ എന്നാണ് ഈ ചായയുടെ പേര്. പേരുപോലെ തന്നെ വൈറ്റ് ടീ ഇനത്തിൽ പെട്ട, ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ചായയാണ് ഇത്. അത്രമേൽ മൂല്യമുള്ള തേയില ഉപയോഗിച്ചാണ് വൈറ്റ് ടീ തയ്യാറാക്കുന്നത്.
സ്വകാര്യ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് വൈവിധ്യമാർന്ന ചായയുമായി ടീ സ്റ്റാൾ ആരംഭിച്ച പാർത്ഥ പ്രതീം ഗാംഗുലി എന്ന യുവാവാണ് ഇന്ന് ഈ സ്പെഷ്യൽ ചായയിലൂടെ ശ്രദ്ധനേടുന്നത്. കൊൽക്കത്തയിലെ പാലിശ്രീയിൽ 2014ൽ ആരംഭിച്ച ഈ ടീ ടി സ്റ്റാൾ സ്പെഷ്യൽ ടീയുടെ മേന്മയിലൂടെ വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
Read also: ‘ഭൂട്ടാൻ കാണേണ്ടത് മൂന്നു വിധത്തിലാണ്’- യാത്രാനുഭവം പങ്കുവെച്ച് ആൻഡ്രിയ
‘സാധാരണ ബ്ലാക്ക് ടീ 100 കിലോ ഉത്പാദിപ്പിക്കാനെടുക്കുന്ന സമയത്തിന്റെയും, സാമ്പത്തിക ചെലവിന്റെയും, തൊഴിലാളികളുടെ അധ്വാനത്തിന്റെയും മൂന്ന് മടങ്ങ് കൂടുതലാണ് ഈ ചായയ്ക്ക് ആവശ്യമായി വരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ തേയിലകളിലൊന്നാണ് ഇത്’- ഗാംഗുലി പറയുന്നു.
Story highlights- white needle tea